Advertisement

ലക്ഷദ്വീപിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവരാണോ?; എങ്ങനെ പോകാം, അറിയേണ്ടതെല്ലാം

January 10, 2024
Google News 2 minutes Read

പേരുപോലെ തന്നെയാണ് ലക്ഷദ്വീപ്, ലക്ഷക്കണക്കിന് തവണ കണ്ടാലും തീരാത്ത വിസ്മയമാണ്. കരയും കടലും ഒത്തുചേര്‍ന്ന് മനസ്സിനെ മയക്കുന്നിടം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം അദ്ദേഹം എല്ലാവരും ലക്ഷദ്വീപ് സന്ദർശിക്കാൻ നിർദേശിച്ചിരുന്നു. ലക്ഷദ്വീപ് ടൂറിസം വളർത്തുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായി. അതിനുശേഷം ആളുകൾ ലക്ഷദ്വീപിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുകയും അതിന്റെ ഭംഗിയെയും ശുചിത്വത്തെയും പ്രശംസിക്കുകയും ചെയ്തിരുന്നു. ഇതോടെ ലക്ഷദ്വീപ് ഗൂഗിളിൽ കൂടുതലായി തിരയപ്പെട്ടു.

എന്നാൽ രാജ്യത്തിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ഇവിടെ സന്ദർശിക്കണമെങ്കിൽ മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന നിലയ്ക്കാണ് ഇവിടെ പെർമിറ്റ് അനുവദിക്കുന്നത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ദ്വീപിന്റെ സീസൺ. അതായത് ഇപ്പോൾ ദ്വീപ് സന്ദർശിക്കാൻ പറ്റിയ സമയമാണ്. വലിയ ക്യാമ്പെയിനുകള്‍ ഒക്കെ നടക്കുന്നുണ്ടെങ്കിലും ലക്ഷ ദ്വീപിലേക്കുള്ള യാത്ര ആത്ര എളുപ്പമൊന്നുമല്ല.

ലക്ഷദ്വീപ് യാത്ര എങ്ങനെ ?

ലക്ഷദ്വീപ് നിയന്ത്രിത മേഖലയാണ്. ഇവിടം എല്ലാവർക്കുമായി തുറന്നിടില്ല. ലക്ഷദ്വീപ് സന്ദർശിക്കാൻ നിങ്ങൾക്ക് കൊച്ചി ആസ്ഥാനമായുള്ള ലക്ഷദ്വീപ് ഭരണകൂടം നൽകുന്ന പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് ലഭിച്ച ശേഷം, ആദ്യം, നിങ്ങൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യണം, തുടർന്ന് ഒരു ലോക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് അത് ക്ലിയർ ചെയ്യണം.

നിങ്ങളുടെ തിരിച്ചറിയൽ രേഖകളും തുടർന്ന് മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഇതിനൊപ്പം അറ്റാച്ചു ചെയ്യേണ്ടതുണ്ട്. ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം, നിങ്ങൾ എൻട്രി പെർമിറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്, അല്ലെങ്കിൽ കൊച്ചി വില്ലിംഗ്ഡൺ ഐലൻഡിലുള്ള ലക്ഷദ്വീപ് അഅഡ്‌മിനിസ്ട്രേഷൻ ഓഫീസിൽ നിന്ന് നേരിട്ട് അത് വാങ്ങാവുന്നതാണ്. ലക്ഷദ്വീപിൽ എത്തിക്കഴിഞ്ഞാൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർക്ക് എൻട്രി പെർമിറ്റ് സമർപ്പിക്കണം.

യാത്രാ സൗകര്യം

കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗവും കപ്പലിലൂടെയും ഈ പവിഴ ദ്വീപിലെത്താം. ആഴ്ചയില്‍ ആറ് ദിവസവും എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്ന് അഗത്തി ദ്വീപിലേക്കാണ് വിമാന സര്‍വീസുള്ളത്. ഒന്നര മണിക്കൂറാണ് യാത്രാ സമയം. സീസണ്‍ ആനുസരിച്ച് മാറുമെങ്കിലും ഏകദേശം 5500 രൂപയാണ് ഒരു ദിശയില്‍ പറക്കുവാനുള്ള ചിലവ് അഗത്തിയില്‍ നിന്ന് കവരത്തിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും ലഭ്യമാണ്.

കപ്പല്‍ കയറാനാണോ പ്ലാൻ?

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് എംവി കവരത്തി, എംവി ലഗൂൺ, എംവി അമിൻഡിവി, എംവി കോറൽസ്, എംവി മിനിക്കോയ്, എംവി ലക്ഷദ്വീപ് കടൽ, എംവി അറബിക്കടൽ എന്നിങ്ങനെ ഏഴ് കപ്പലുകളാണ് ഉള്ളത്. യാത്രയ്ക്ക് 14 മുതൽ 18 വരെ മണിക്കൂറുകൾ എടുക്കും . 2000 മുതൽ 7000 വരെയാണ് നിങ്ങളുടെ ബെർത്തിന് അനുസരിച്ച് ടിക്കറ്റ് റേറ്റ്.

ഇവയ്ക്കെല്ലാം പുറമെ സഞ്ചാരിക്ക് ഏതെങ്കിലും ദ്വീപ് നിവാസികളെ പരിചയമുണ്ടെങ്കിൽ അവരുടെ സഹായത്തിൽ ലക്ഷദ്വീപിലേക്ക് പ്രവേശിക്കാൻ സാധിക്കും. എന്നാലും അതിനും ചില നിയന്ത്രണങ്ങൾ ഉണ്ട്. പൂർണ ഉത്തരവാദിത്വം ആ ദ്വീപ് നിവാസിക്കായിരിക്കും.

Story Highlights: Planning a trip to Lakshadweep? See permit rules and cost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here