ആത്മഹത്യ ചെയ്ത നെൽകർഷകന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവം; ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ; വായ്പയിൽ പരമാവധി ഇളവ് നൽകി തീർപ്പാക്കാൻ നിർദേശം | 24 Impact

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. കോർപറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി നിർദേശിച്ചു. തകഴി കുന്നുമ്മയിലെ കർഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിനാണ് എസ്‌സി എസ്ടി കോർപറേഷൻ നോട്ടിസ് അയച്ചത്. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചതിൽ കോർപറേഷൻ എംഡിയോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. ( k radhakrishnan intervenes in eviction notice of prasad family 24 impact )
പാട്ടത്തിനെടുത്ത മൂന്നര ഏക്കർ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെത്തുടർന്ന് 2023 നവംബർ 11നാണ് കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദ് ജീവൻ ഒടുക്കിയത്. പ്രസാദിന്റെ മരണത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും കൃഷിയിൽ നിന്നുണ്ടായതാണ്. പ്രസാദ് മരിച്ചതോടെ കുടുംബം തീർത്തും അനാഥമായി. ചില ബന്ധുക്കളുടെ സഹായത്താൽ ആണ് കുടുംബം കഴിയുന്നത്. ഭാര്യ ഓമനയും വിദ്യാർത്ഥിയായ മകൻ അധിനിക്കും മകൾ അധീനയും മാത്രമാണ് വീട്ടിൽ താമസം.
2022 ഓഗസ്റ്റ് 27നാണ് 60,000 രൂപ ഓമന സ്വയംതൊഴിൽ വായ്പയായി എടുത്തത്. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ പതിനേഴായിരത്തി അറുനൂറ് രൂപ അഞ്ച് ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ അറിയിപ്പ്.
തുടർന്ന് പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ് ലഭിച്ചുവെന്ന വാർത്ത ട്വന്റിഫോർ പുറത്ത് വിട്ടു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടൊണ് മന്ത്രി കെ.രാധാകൃഷ്ണൻ അടിയന്തര ഇടപെടൽ നടത്തിയത്.
Story Highlights: k radhakrishnan intervenes in eviction notice of prasad family 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here