യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവം; ജയിൽ മോചിതരായ DYFI പ്രവർത്തകർക്ക് സ്വീകരണം നൽകി CPIM

കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ജയിൽ മോചിതരായ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് സ്വീകരണം നൽകി സിപിഐഎം. മാടായി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജയിൽ മോചിതരായവർക്ക് സ്വാകരണം ഒരുക്കിയത്. എം വിജിൻ എംഎൽഎയും പരിപാടിയിൽ പങ്കെടുത്തു.
കെ പി അർജുൻ, അതുൽ കണ്ണൻ, എം അനുരാഗ്, പിപി സതീശൻ എന്നിവർക്കാണ് സ്വീകരണം നൽകിയത്. എം വിജിൻ എംഎൽഎയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ജയിൽ മോചിതരായപ്പോഴും സ്വീകരണം ഒരുക്കിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ രാഷ്ട്രീയ പ്രതിരോധമാണ് തീർത്തതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എം വിജിൻ എംഎൽഎ പറഞ്ഞു.
‘പരിപാടി ബഹിഷ്‌കരിക്കാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. എന്നാൽ അതിന് വിരുദ്ധമായി സംസ്ഥാനത്തെമ്പാടും അക്രമ സംഭവങ്ങൾക്ക് അരങ്ങൊരുക്കുകയായിരുന്നു പഴയങ്ങാടിയിലെ കരിങ്കൊടി പ്രതിഷേധം. ബഹിഷ്‌കരിക്കേണ്ടവർ മാറിനിൽക്കുകയാണ് വേണ്ടത്. എന്നാൽ അക്രമമാക്കാൻ നോക്കിയവരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിരോധിക്കുകയാണ് ചെയ്തത്. ഇങ്ങനെ പ്രതിരോധിച്ച സഖാക്കളെ അവരെ ഹൃദയത്തോട് ചേർത്തുവെക്കണം’ എം വിജിൻ എംഎൽഎ പരിപാടിയിൽ സംസാരിച്ചു.
Story Highlights: CPIM welcomes DYFI workers released jail in attacking Youth Congress workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here