വിനീത വി.ജി.യ്ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; സർക്കാരിന് നോട്ടീസ്
വിനീത വി.ജി.യ്ക്കെതിരായ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാരിന് നോട്ടീസയച്ചു. സർക്കാരിനോട് നിലപാടറിയിക്കാൻ കോടതി നിർദ്ദേശം നൽകി. 22ന് കേസ് വീണ്ടും പരിഗണിക്കും. വിശദീകരണം നൽകാൻ സമയം വേണമെന്ന് സർക്കാർ അറിയിച്ചു. (vineetha vg high court)
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസിൽ അഞ്ചാം പ്രതിയാക്കിയത്.
വിനീതയ്‌ക്കെതിരായ പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ വിമർശിച്ചു. വിനീതയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഔദ്യോഗികമായി വിമർശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്‌സ് ഗിൽ ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കെയുഡബ്ല്യുജെ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാർട്ടികളും കേസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Read Also: കേരളം മോദിയുടെ പാത പിന്തുടരരുത്; വിനീതയ്ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിക്കുന്നതെന്ന് മേധാ പട്കർ
നടപടിയിൽ പൊലീസിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ രംഗത്തുവന്നിരുന്നു. കേസെടുത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തനം വക്രീകരിക്കൽ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ വൈകാരികമായി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പൊലീസിന്റെ ജോലിയാണെന്നും സജി ചെറിയാൻ പ്രതികരിച്ചു.
ഇതിനിടെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത നടപടി പരിശോധിക്കുമെന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ല. ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരം നടപടിയെടുക്കുന്നതെന്നും പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. വിനീതയ്ക്കെതിരെയുള്ള കേസ് കൂടുതൽ പരിശോധിച്ച് പ്രതികരിക്കാമെന്നും മന്ത്രി പ്രതികരിച്ചു.
വിനീത വി.ജിക്കെതിരായി കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ പറഞ്ഞു. പൊലീസ് നടപടി ന്യായീകരിക്കാൻ കഴിയില്ല. കേന്ദ്രസർക്കാറിന്റെ സമീപനങ്ങൾ തന്നെ കേരള സർക്കാരും പിന്തുടരുകയാണ്. ഇങ്ങനെയൊരു നടപടി കേരള സർക്കാരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്നും മേധ പട്കർ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: vineetha vg case high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here