കേരളം മോദിയുടെ പാത പിന്തുടരരുത്; വിനീതയ്ക്കെതിരെ കേസെടുത്ത നടപടി ഞെട്ടിക്കുന്നതെന്ന് മേധാ പട്കർ
ട്വന്റിഫോർ പ്രതിനിധി വിനീത വി.ജിക്കെതിരായി കേസെടുത്ത സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ മേധാ പട്കർ. പൊലീസ് നടപടി ന്യായീകരിക്കാൻ കഴിയില്ല. കേന്ദ്രസർക്കാറിന്റെ സമീപനങ്ങൾ തന്നെ കേരള സർക്കാരും പിന്തുടരുകയാണ്. ഇങ്ങനെയൊരു നടപടി കേരള സർക്കാരിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്നും മേധ പട്കർ ട്വന്റിഫോറിനോട് പറഞ്ഞു.(Medha Patkar says action taken against Vineeta is shocking)
വിനീതയ്ക്കെതിരെ കേസെടുത്തതിലൂടെ കേന്ദ്രസർക്കാരിൽ നിന്നും മാത്രം പ്രതീക്ഷിക്കുന്ന കാര്യമാണ് കേരള സർക്കാർ ചെയ്തത്. മാധ്യമപ്രവർത്തകയ്ക്ക് എല്ലാ വിധ പിന്തുണയും നൽകും. പ്രതിപക്ഷത്തേയും പ്രതിഷേധത്തെയും ഇല്ലാതാക്കുന്നത് മോദിയുടെ പാതയാണ്. കേരള സർക്കാർ അത് പിന്തുടരരുത് എന്നും അഭ്യർത്ഥിക്കുകയാണ്. വിനീതക്കെതിരായ കേസ് പിൻവലിക്കണം എന്നും മേധാ പട്കർ പറഞ്ഞു.
വിനീത വി.ജിയ്‌ക്കെതിരെ കള്ളക്കേസെടുത്തതിനെതിരെ ദേശീയ തലത്തിലും വിമർശനം ശക്തമാകുകയാണ്. പൊലീസ് നടപടി ആശങ്കയുണ്ടാക്കുന്നുവെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും വിമർശിച്ചു. വിനീതയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെട്ടു. കേസിനെക്കുറിച്ച് വിശദമായി അന്വേഷിച്ചശേഷമാണ് സംഭവത്തിൽ എഡിറ്റേഴ്‌സ് ഗിൽഡ് ഔദ്യോഗികമായി വിമർശനം അറിയിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനം കുറ്റകൃത്യമല്ലെന്ന് എഡിറ്റേഴ്‌സ് ഗിൽ ഊന്നിപ്പറയുന്നു. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് നേരെ ആലുവയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞത് റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് വിനീത വി.ജിക്ക് എതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസിൽ അഞ്ചാം പ്രതിയാക്കിയത്. കെയുഡബ്ല്യുജെ ഉൾപ്പെടെയുള്ള സംഘടനകളും പ്രതിപക്ഷ പാർട്ടികളും കേസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
Story Highlights: Medha Patkar says action taken against Vineeta is shocking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here