രണ്ടാം സൂപ്പര്‍ ഓവറില്‍ ബിഷ്‌ണോയ് മാജിക്; മൂന്നാം ടി20-യിൽ അഫ്ഗാനെ പൂട്ടി പരമ്പര തൂത്തുവാരി ഇന്ത്യ

അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കും ജയം. രണ്ടാം സൂപ്പര്‍ ഓവറിൽ രവി ബിഷ്‌ണോയിയുടെ ബൗളിങ് മികവില്‍ അഫ്ഗാനെ കീഴടക്കി ഇന്ത്യ പരമ്പര തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലൊതുങ്ങിയതോടെയാണ് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാന്‍ നേടിയത് 16 റണ്‍സാണ്. മറുപടിയായി ഇന്ത്യയുടെ സൂപ്പര്‍ ഓവര്‍ പോരാട്ടവും 16 റണ്‍സിലൊതുങ്ങിയതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് കടന്നു.
രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്ക് നേടാനായത് 11 റണ്‍സ് മാത്രം. അഞ്ച് പന്തുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഓവറിലെ രണ്ട് വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
നേരത്തേ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്താനേ സാധിച്ചുള്ളൂ. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. 23 പന്തില്‍ നിന്ന് നാല് വീതം സിക്‌സും ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ഗുല്‍ബാദിന്‍ നയ്ബിന്റെ ഇന്നിങ്‌സാണ് അഫ്ഗാന് മത്സരം ടൈയിലെത്തിക്കാന്‍ സഹായിച്ചത്.
നേരത്തെ ടോസ് നേടിയിറങ്ങി തുടക്കത്തില്‍ 4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിലായ ടീം ഇന്ത്യയെ 20 ഓവറില്‍ 212-4 എന്ന പടുകൂറ്റന്‍ സ്കോറിലേക്ക് രോഹിത് ശര്‍മ്മയുടെ സെഞ്ചുറി നയിച്ചു. ഉറച്ച പിന്തുണയുമായി റിങ്കു സിംഗിന്‍റെ ഫിഫ്റ്റി കരുത്തായി. 64 പന്തില്‍ രോഹിത് സെഞ്ചുറിയും 36 ബോളില്‍ റിങ്കു അര്‍ധസെഞ്ചുറിയും കണ്ടെത്തി. ഇരുവരും അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ 190 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ കരീം ജനാത്തിനെ അഞ്ച് സിക്സും ഒരു ഫോറും സഹിതം 36 റണ്‍സടിച്ച് ഇരുവരും അസ്സലായി ഇന്നിംഗ്‌സ് ഫിനിഷ് ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ്മ 69 പന്തില്‍ 121 ഉം, റിങ്കു സിംഗ് 39 പന്തില്‍ 69ഉം റണ്‍സുമായി പുറത്താവാതെ നിന്നു. യശസ്വി ജയ്സ്വാള്‍ (4), ശിവം ദുബെ (1) എന്നീ സ്കോറില്‍ മടങ്ങിയപ്പോള്‍ വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പ്രതീക്ഷിക്കാത്ത തുടക്കമാണ് അഫ്ഗാന്‍ സ്വന്തമാക്കിയത്. യാതൊരു കൂസലുമില്ലാതെ കളിച്ച ഇബ്രാഹിം സദ്രാന്‍- റഹ്‌മാനുള്ള ഗുര്‍ബാസ് സഖ്യം 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 85-0 എന്ന സ്കോറിലെത്തി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ 11-ാം ഓവറിലെ അവസാന പന്തില്‍ ഗുര്‍ബാസിനെ മടക്കി കുല്‍ദീപ് യാദവ് (32 പന്തില്‍ 50) ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. 41 പന്തില്‍ 50 എടുത്ത സദ്രാനെ ഒരോവറിന്‍റെ ഇടവേളയില്‍ വാഷിംഗ്‌ടസണ്‍ സുന്ദറും മടക്കി. തൊട്ടടുത്ത ബോളില്‍ അസ്മത്തുള്ള ഒമര്‍സായിയെയും (ഗോള്‍ഡന്‍ ഡക്ക്) പറഞ്ഞയച്ച് വാഷിംഗ്‌ടണ്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.
Story Highlights: India vs Afghanistan 3rd T20, IND beat AFG in 2nd Super Over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here