Advertisement

മോഹൻലാൽ, കോലി ഉൾപ്പെടെ അയോധ്യയിലെ അക്ഷതം ലഭിച്ചവർ നിരവധി; എന്താണ് അക്ഷതം ?

January 18, 2024
Google News 2 minutes Read
what is akshatham ayodhya pran pratishta

ജനുവരി 22ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് അയോധ്യയിൽ പൂജിച്ച അക്ഷതം വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലെ 50 ലക്ഷം വീടുകളിലാണ് അക്ഷതവും ലഘുലേഖയും എത്തിക്കുന്നത്. ഇതിനിടെ എന്താണ് അക്ഷതം എന്ന ചോദ്യം ഉയരുന്നുണ്ട്. ( what is akshatham ayodhya pran pratishta )

എന്താണ് അക്ഷതം ?

അക്ഷതം എന്നാൽ ക്ഷതം ഇല്ലാത്തത് അഥവാ പൊട്ടാത്തത് എന്നാണർത്ഥം. മിക്ക ഹൈന്ദവ അനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്ന പൂജാദ്രവ്യമാണ് അക്ഷതം. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രതിഷ്ഠകളും നടക്കുമ്പോൾ അക്ഷതം നൽകാറുണ്ട്. പൂജാകർമ്മങ്ങളിൽ പഞ്ചഭൂതങ്ങളിൽ അധിഷ്ഠിതമായ തത്വങ്ങൾ ഉപയോഗിക്കുന്നു.

അക്ഷതം ഒരേ സമയം തന്നെ ഭൂമി, ആകാശം എന്നീ തത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പുഷ്പം ആകാശതത്വമായിട്ടുള്ളതിനാൽ പുഷ്പം ഇല്ലെങ്കിൽ അക്ഷതം കൊണ്ട് പൂജ പൂർത്തിയാക്കാം എന്നൊരു സങ്കൽപവുമുണ്ട്. ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിവാഹവേളയിൽ വധൂവരൻമാരുടെ ശിരസ്സിൽ അക്ഷതം തൂകി അനുഗ്രഹിക്കുന്ന പതിവുണ്ട്. സാധാരണ പൂജാവേളയിലും, പൂജാവസാന സമയത്തും, അല്ലാതെയും അനുഗ്രഹിക്കാൻ വേണ്ടിയും അക്ഷതം ഉപയോഗിക്കാറുണ്ട്. അക്ഷതം കയ്യിലെടുത്ത് പിടിച്ചു കൊണ്ട് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്തശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്. പൂജകളിൽ ചെയ്യുന്ന സങ്കൽപ്പങ്ങളും പ്രാർത്ഥനകളും ഈശ്വരനിലേക്ക് ചേർക്കാൻ അക്ഷതം ഉപയോഗിക്കും. പൂജകളിൽ പങ്കെടുക്കുന്നവരുടെ കയ്യിൽ അക്ഷതം കൊടുത്ത് പ്രാർത്ഥനകൾ അക്ഷതത്തിലേക്ക് എത്തിച്ച് ഈശ്വരനിൽ സമർപ്പിക്കുന്നതാണ് രീതി. മഞ്ഞൾപ്പൊടി പാകത്തിൽ കലർത്തിയ അക്ഷതം മന്ത്രോച്ചാരണത്തോടെ ദേവതകൾക്കു സമർപ്പിച്ചശേഷം ഭക്തർക്ക് വിതരണം ചെയ്യാറുമുണ്ട്.

ദേശ വ്യത്യാസമനുസരിച്ച് അക്ഷതം തയ്യാറാക്കുന്നതിലും ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ട്. ഏതു തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയ്യാറാക്കാം. എന്നാൽ ഏതു ധാന്യമായാലും പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാന കാര്യം. കേരളത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2:1 എന്ന അനുപാതത്തിൽ ചേർത്താണ് അക്ഷതം തയ്യാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും ചേർത്ത അക്ഷതവും ഉപയോഗിക്കാറുണ്ട്. തമിഴ്‌നാട്ടിൽ പച്ചരിയിൽ മഞ്ഞൾപൊടിയോ കുങ്കുമമോ ചേർത്താണ് അക്ഷതം ഉണ്ടാക്കുന്നത്. ഉത്തരേന്ത്യയിൽ ഗോതമ്പ് മണികളിൽ മഞ്ഞൾപൊടിയോ കുങ്കുമമോ ചേർത്ത് ഉണ്ടാക്കുന്നു.

വഴിപാടംശം പോലെ പാവനവും പരിശുദ്ധവുമായതിനാൽ പൂജ കഴിഞ്ഞു തിരികെ ലഭിക്കുന്ന പുണ്യമാർന്ന അക്ഷതം പവിത്രമായി സൂക്ഷിക്കേണ്ടതുമാണ് എന്നാണ് സങ്കൽപം.

Story Highlights: what is akshatham ayodhya pran pratishta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here