Advertisement

കമ്യൂണിസവും ഹിന്ദുത്വയും ലണ്ടനില്‍ കണ്ടുമുട്ടിയപ്പോള്‍; ആ അപൂർവ്വ ലെനിന്‍-സവർക്കർ കൂടികാഴ്ച

January 21, 2024
Google News 3 minutes Read
Story Highlights: When Hindutva icon Savarkar met communist Vladimir Lenin

1900ന്റെ തുടക്കത്തില്‍ റഷ്യയില്‍ ചരിത്രമെഴുതിയ ഒരു വിപ്ലവകാരിയ്ക്ക് ഒരു നൂറ്റാണ്ടിനിപ്പുറവും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇത്ര സ്വാധീനമുണ്ടാകാന്‍ കാരണമെന്താകും? ലോകത്തെ ഇടതുനേതാക്കളാല്‍ ആരാധിക്കപ്പെടുകയും പാശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോഴും തള്ളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്ന വഌദിമിര്‍ ലെനിനെന്ന റഷ്യന്‍ വിപ്ലവകാരിയുടെ പേരില്‍ ഇന്ത്യയിലും ഇപ്പോഴും ചര്‍ച്ചകളുണ്ട്. നമ്മുക്കെന്തിന് വിദേശി ഹീറോകള്‍, ലെനിനെ വിസ്മരിക്കണമെന്ന് ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം പറയുമ്പോള്‍ മറവിയ്‌ക്കെതിരായി ലെനിന്റെ ഓര്‍മകള്‍ കൊണ്ട് സദാ സമരം ചെയ്യുകയാണ് ഇന്ത്യന്‍ ഇടതുപക്ഷം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ പൊതുസ്മരണകളില്‍ റഷ്യക്കാരനായ ലെനിന്റെ സ്വാധീനം തര്‍ക്കമില്ലാതെ കിടക്കുന്നതുകൊണ്ടാണ് ഇപ്പോഴും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ലെനിന്‍ സ്‌പെഷ്യലാകുന്നത്. ഭഗത്സിംഗോ ബാലഗംഗാധര തിലകനോ സുഭാഷ് ചന്ദ്രബോസോ മാത്രമല്ല, ഹിന്ദു വലതുപക്ഷത്തിന്റെ ഇടയിലെ ഐക്കണും മൗലികവാദിയുമായ സവര്‍ക്കര്‍ പോലും ഒരുകാലത്ത് ലെനിന്റെ ആരാധകനായിരുന്നുവെന്നത് ചരിത്രത്തിലെ ഒരു കൗതുകമാണ്. (When Hindutva icon Savarkar met communist Vladimir Lenin )

ലെനിന്റെ ആശയങ്ങള്‍ കണ്ണുമടച്ച് എതിര്‍ക്കുന്ന ഇന്ത്യന്‍ ഹിന്ദു വലതുപക്ഷത്തിന്റെ സമീപനമായിരുന്നില്ല റഷ്യന്‍ വിപ്ലവത്തോടും ലെനിനോടും സവര്‍ക്കര്‍ക്കുണ്ടായിരുന്നത്. റഷ്യന്‍ വിപ്ലവ ആശയങ്ങളും ലെനിന്റെ നേതൃത്വവും സവര്‍ക്കരെ പ്രചോദിപ്പിച്ചു. ലെനിന്റെ എഴുത്തുകളും പ്രസംഗങ്ങളും സവര്‍ക്കര്‍ സ്വതന്ത്ര്യസമരകാലത്ത് ശ്രദ്ധയോടെ വായിച്ചു. മഹാത്മാഗാന്ധിയുടെ ആശയങ്ങളോട് സവര്‍ക്കര്‍ക്കുണ്ടായിരുന്ന വിയോജിപ്പ് പ്രസിദ്ധമാണ്. മഹാത്മാഗാന്ധിയുടെ അഹിംസയെന്ന ആശയത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ലെനിന്റെ സായുധ വിപ്ലവത്തെക്കുറിച്ചുള്ള ആശയമാണ് കൂടുതല്‍ പ്രായോഗികമെന്ന് സവര്‍ക്കര്‍ കരുതുകയും ചെയ്തിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരം കൂടുകള്‍ ശക്തമാകാന്‍ തുടങ്ങി. കോണ്‍ഗ്രസ് ആയിരുന്നു അന്ന് സമരമുഖത്ത് ഏറ്റവും ശക്തമായി നിന്ന പ്രസ്ഥാനം. രാജ്യത്തിന് പുറത്തും സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ധാരാളം ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളിലും നടന്നുവന്നിരുന്നു. അത്തരത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ലണ്ടനിലെ ഇന്ത്യാ ഹൗസ്. വിപ്ലവകാരിയായ ശ്യാംജി കൃഷ്ണ വര്‍മ്മ 1905ല്‍ ലണ്ടനില്‍ വാങ്ങിയ വീടാണ് സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇന്ത്യാ ഹൗസായി പരിണമിച്ചത്.

Read Also : നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധർമത്തിനെതിരെന്ന് വാദം; ചടങ്ങിൽ പങ്കെടുക്കുന്നതിൽ ഹിന്ദു പുരോഹിതന്മാർക്കിടയിലും ഭിന്നത

1906ല്‍ സവര്‍ക്കര്‍ നിയമപഠനത്തിനായി ലണ്ടനിലേക്ക് പോയി. മൂന്നു വര്‍ഷം ഇന്ത്യാ ഹൗസില്‍ താമസിച്ചു. നന്നായി പ്രസംഗിക്കുമായിരുന്ന സവര്‍ക്കര്‍ അന്ന് ലണ്ടനിലെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രസിദ്ധി നേടി. റഷ്യ, അയര്‍ലന്‍ഡ്, തുര്‍ക്കി, ഈജിപ്ത്, ഇറാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിപ്ലവകാരികള്‍ പതിവായി വന്നിരുന്ന സ്ഥലമായിരുന്നു ഇന്ത്യാ ഹൗസ്. നിരവധി ബ്രിട്ടീഷ് പൗരന്മാരുമായും സവര്‍ക്കര്‍ സൗഹൃദം സ്ഥാപിച്ചു. അവരില്‍ ഒരാള്‍ ഗൈ ആല്‍ഫ്രഡ് ആയിരുന്നു.

അക്കാലത്ത് വഌദിമിര്‍ ലെനിനുമായി ആല്‍ഫ്രഡിന് നല്ല സൗഹൃദമുണ്ടായിരുന്നു. റഷ്യയില്‍ മാത്രമല്ല ലോകത്തുടനീളവും ലെനിന്റെ ആശയങ്ങള്‍ പ്രചരിച്ചിരുന്ന കാലമായിരുന്നു അത്. സവര്‍ക്കര്‍ക്ക് ലെനിന്റെ ആശയങ്ങളോടുള്ള ആഭിമുഖ്യം അറിയാവുന്ന ആല്‍ഫ്രഡ് ഇടപെട്ടതിനെ തുടര്‍ന്ന് ഇന്ത്യാ ഹൗസില്‍ വച്ച് 1909ല്‍ സവര്‍ക്കര്‍ ലെനിനെ നേരില്‍ കണ്ടെന്നാണ് സവര്‍ക്കറുടെ ജീവചരിത്രം വിശദീകരിക്കുന്ന വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ലെനിനോട് സവര്‍ക്കര്‍ക്കുണ്ടായിരുന്ന ഈ ആഭിമുഖ്യത്തെ ചരിത്രനിരപേക്ഷമായി കാണാനാകില്ല. ബ്രിട്ടീഷ് സര്‍ക്കാരിനോട് ചര്‍ച്ചകള്‍ നടത്തുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന, തണുത്ത മട്ടില്‍ സ്വാതന്ത്ര്യസമരം നടത്തുന്ന ഒരു എലീറ്റ് വിഭാഗമായി കോണ്‍ഗ്രസിനെ കണ്ടിരുന്ന ഒരുകൂട്ടം അക്ഷമരായ യുവാക്കള്‍ അന്നുണ്ടായിരുന്നു. ഈ നയതന്ത്രം പ്രായോഗികമല്ലെന്നും പോരാട്ടങ്ങള്‍ക്ക് മൂര്‍ച്ച പോരെന്നും വിശ്വസിച്ചിരുന്ന അക്ഷമരുടെ തലമുറയില്‍പ്പെട്ടയാളായിരുന്നു സവര്‍ക്കറും. കലാപത്തിലൂടെ മാത്രമേ പരമാധികാരം പിടിച്ചെടുക്കാനാകൂ എന്ന് സവര്‍ക്കര്‍ വിശ്വസിച്ചു. മാത്രമല്ല യൂറോപ്പില്‍ അക്കാലത്ത് വളര്‍ന്നുവന്ന സാംസ്‌കാരിക ദേശീയതയെന്ന ആശയവും സവര്‍ക്കറെ ആകര്‍ഷിച്ചു. ഈ ഒരുഘട്ടത്തിലാണ് സവര്‍ക്കര്‍ ലെനിന്റെ ആശയങ്ങളിലും റഷ്യന്‍ വിപ്ലവത്തിന്റെ സംഭവകഥകളിലും ആകൃഷ്ടനാകുന്നത്.

സവര്‍ക്കര്‍ സായുധ പോരാളി ഗ്രൂപ്പുകളിലൂടെ അധികാരം പിടിച്ചെടുക്കാന്‍ ആലോചിച്ചപ്പോള്‍, 1910ല്‍ റഷ്യയില്‍ ലെനിന്‍ അതേ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി എന്നത് ശ്രദ്ധിക്കേണ്ടതാണ്. താന്‍ നയിച്ച സായുധ കലാപത്തെ ഒരു ചരിത്ര നിമിഷത്തില്‍ അദ്ദേഹം സൈനിക കലാപമാക്കി മാറ്റി. ചക്രവര്‍ത്തിയോടുള്ള റഷ്യന്‍ സൈന്യത്തിന്റെ അതൃപ്തി മുതലെടുത്ത് അദ്ദേഹം റഷ്യന്‍ സൈനിക പിന്തുണ നേടി, സാറിസ്റ്റ് സാമ്രാജ്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള സായുധ സംഘങ്ങളെ സ്വന്തം സര്‍ക്കാരുകള്‍ക്കെതിരെ പോരാടാന്‍ പ്രചോദിപ്പിച്ചു. എന്നാല്‍ അത്തരം ഗ്രൂപ്പുകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത് ക്യൂബ പോലുള്ള ചില രാജ്യങ്ങളില്‍ മാത്രമാണ്. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, കോംഗോ, സ്‌പെയിന്‍, ബൊളീവിയ തുടങ്ങിയ മറ്റ് രാജ്യങ്ങളില്‍ ഇത്തരം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്ക് വലിയ രീതിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

തന്റെ ജയില്‍വാസ കാലത്ത് സവര്‍ക്കര്‍ക്ക് മിലിറ്റന്റ് പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പിന്നീട് നിരീക്ഷണങ്ങളുണ്ടായിട്ടുണ്ട്. പിന്നീട് ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായ ജനകീയ മുന്നേറ്റത്തില്‍ ആകൃഷ്ടനായ സവര്‍ക്കര്‍ ബ്രിട്ടീഷുകാരുമായുള്ള സംവാദത്തിലുള്ള വിശ്വാസം വീണ്ടെടുക്കുകയും ചെയ്തിരിക്കാമെന്നാണ് ജയിലില്‍ നിന്നുള്ള സവര്‍ക്കറുടെ കത്തുകള്‍ തെളിയിക്കുന്നത്.

Story Highlights: When Hindutva icon Savarkar met communist Vladimir Lenin

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here