‘ഗവർണറുടേത് കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി അവതരിപ്പിക്കാൻ കഴിയില്ല എന്ന പ്രഖ്യാപനം’; സർക്കാരിൻ്റെ മുഖത്തേറ്റ അടിയെന്ന് കെ സുരേന്ദ്രൻ
ഗവർണറുടെ അതൃപ്തി സർക്കാരിൻ്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ പ്രതിസന്ധികൾക്ക് കേന്ദ്രസർക്കാരാണ് ഉത്തരവാദികൾ എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ഇതിന് നിയമസഭയെ ഉപയോഗിക്കുകയാണ് എന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. (surendran governor criticizes government)
കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി അവതരിപ്പിക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണ് ഗവർണർ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് അവാസ്തവമായ കാര്യങ്ങളാണ്. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പ്രതിപക്ഷം ഇതിനു കൂട്ടു നിൽക്കുകയാണ്.
കേരള നിയമസഭയുടെ അന്തസ് നഷ്ടപ്പെട്ടു. കേന്ദ്രവിഹിതത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയില്ല. സജി ചെറിയാൻ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രതിപക്ഷം സർക്കാരിന് കുഴലൂത്ത് നടത്തുന്നു. സതീശൻ കള്ളന് കഞ്ഞി വച്ച നേതാവ്. അദ്ദേഹം മന്ത്രി സഭയിലെ അംഗമാണ്.
ഇത് പോലൊരു പ്രതിപക്ഷ നേതാവ് വേറെ ഇല്ല.
Read Also: ‘ഗവർണർ സഭയെ അവഹേളിച്ചു, പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ല’; പി കെ കുഞ്ഞാലിക്കുട്ടി
കേന്ദ്രത്തിനെതിരെ നടത്തിയ മനുഷ്യച്ചങ്ങല പൊളിഞ്ഞു. സമരം വിലപ്പോകില്ല. കർഷകർ ആത്മഹത്യ ചെയ്യുന്നത് സർക്കാരിൻറെ പിടിപ്പുകേട് കൊണ്ടാണ്. സമരം ചെയ്യാനുള്ള ധാർമികത സംസ്ഥാന സർക്കാരിന് ഇല്ല. കുനിഞ്ഞ് നിന്നാലോ കൈകൂപ്പിയാലോ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇല്ലാതാകില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടർന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവർണർ സൂചിപ്പിച്ചു. കേന്ദ്രസർക്കാരിനെതിരെയുള്ള രൂക്ഷ വിമർശങ്ങൾ ഉൾക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവർണർ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
കേന്ദ്രസർക്കാരിനെതിരായ വിമർശനങ്ങൾ, മണിപ്പൂർ വിഷയത്തിലെ നിലപാട്, സർക്കാരിന്റെ വികസന കാഴ്ചപ്പാടുകൾ മുതലായവ ഉൾക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയത്. എന്റെ ജനങ്ങൾ, എന്റെ സർക്കാർ മുതലായ അഭിസംബോധനകളും ഗവർണർ ഒഴിവാക്കി. മണിപ്പൂർ വിഷയം മുൻനിർത്തി എന്റെ സർക്കാർ എല്ലാവിധ വംശഹത്യകൾക്കും മനുഷ്യരാശിയ്‌ക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നുവെന്നുള്ള ഭാഗങ്ങളും ഗവർണർ വായിക്കാതെ ഒഴിവാക്കി.
Story Highlights: k surendran governor criticizes government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here