‘കേസ് അട്ടിമറിക്കാനുള്ള ശ്രമം’; ആരോപണവുമായി വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവ്
പൊലീസിനെതിരെ വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ പിതാവ്. വണ്ടിപ്പെരിയാർ കേസ് അട്ടിമറിക്കാനാണ് തനിക്കെതിരെ കേസെടുത്തതെന്നാണ് ആരോപണം. കേസിൽ കോടതി കുറ്റവിമുക്തനാക്കിയ അർജുൻ്റെ ബന്ധുവിനെ ആക്രമിച്ചെന്ന പരാതിയിലാണ് പിതാവിനെതിരെ പൊലീസ് കേസെടുത്തത്.
ഈ മാസം ആറിനാണ് വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ പിതാവിനെ കോടതി കുറ്റവിമുക്തനാക്കിയ അർജുന്റെ ബന്ധുവായ പാൽരാജ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നാലെ പ്രതിയായ പാൽരാജും പൊലീസിന് പരാതി നൽകി. വണ്ടിപ്പെരിയാർ പൊലീസ് പരാതി കോടതിക്ക് കൈമാറി. പീരുമേട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് പെൺകുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തത്.
എന്നാൽ മകൾക്ക് വേണ്ടിയുള്ള പോരാട്ടം അട്ടിമറിക്കാനാണ് ശ്രമമെന്ന് പിതാവ് പ്രതികരിച്ചു. ആക്രമണ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ശക്തമാക്കണമെന്നാണ് ആറുവയസ്സുകാരിയുടെ കുടുംബത്തിൻ്റെ ആവശ്യം. പ്രതി അർജുനെ കുറ്റവിമുക്തമാക്കിയ കോടതി വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബം നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കും. ഇതിനിടെയാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
Story Highlights: Vandiperiyar girl’s father with the allegation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here