Advertisement

ഒലി പോപ്പിൻ്റെ ഐതിഹാസിക ഇന്നിംഗ്സ്; ഇന്ത്യക്ക് മുന്നിൽ 231 റൺസ് വിജയലക്ഷ്യം വച്ച് ഇംഗ്ലണ്ട്

January 28, 2024
Google News 2 minutes Read
india 231 runs england

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം. 190 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 420 റൺസിന് ഓൾ ഔട്ടായി. 196 റൺസ് നേടിയ ഒലി പോപ്പിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന് നിർണായക ലീഡ് നൽകിയത്. അഞ്ച് സെഷനുകൾ ശേഷിക്കെ മത്സരം ആവേശകരമാവുകയാണ്. (india 231 runs england)

ആദ്യ ഇന്നിംഗ്സിനു സമാനമായി രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിന് വേഗം വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രൗളിയെ (31) വീഴ്ത്തി അശ്വിൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടെങ്കിലും ഇന്ത്യൻ സ്പിന്നർമാരെ ഇംഗ്ലണ്ട് ഫലപ്രദമായി നേരിടാൻ തുടങ്ങിയതോടെ ക്യാപ്റ്റൻ രോഹിത് ശർമ ബുംറയെ പന്തേല്പിച്ചു. ബെൻ ഡക്കറ്റ് (47), ജോ റൂട്ട് (2) എന്നിവരെ വീഴ്ത്തിയാണ് ബുംറ മറുപടി നൽകിയത്. പിന്നാലെ ജോണി ബെയർസ്റ്റോയെ (10) ജഡേജയും പ്രതിസന്ധി ഘട്ടങ്ങളിൽ അവതരിക്കാറുള്ള ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (6) അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 163.

Read Also: ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അനായാസം; 3 ഫിഫ്റ്റികൾ, 175 റൺസ് ലീഡ്

അനായാസ ജയം പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് പിന്നീടാണ് തിരിച്ചടി നേരിട്ടത്. ആറാം വിക്കറ്റിൽ ബെൻ ഫോക്സും ഒലി പോപ്പുമൊത്ത് 112 റൺസിൻ്റെ നിർണായക കൂട്ടുകെട്ടുയർത്തി ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. ഇന്ത്യൻ സ്പിന്നർമാരെ ആക്രമിച്ച് നേരിട്ട സഖ്യത്തിന് പിച്ച് ബാറ്റിംഗിനനുകൂലമായും തുണയായി. ഇതിനിടെ 154 പന്തിൽ പോപ്പ് സെഞ്ചുറി തികച്ചു. ബെൻ ഫോക്സിനെ (34) അക്സർ പട്ടേൽ വീഴ്ത്തിയെങ്കിലും ഏഴാം വിക്കറ്റിൽ രെഹാൻ അഹ്മദിനെ കൂട്ടുപിടിച്ച് പോപ്പ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. 6 വിക്കറ്റ് നഷ്ടത്തിൽ 316 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിപ്പിച്ചത്.

നാലാം ദിനം 23 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രെഹാൻ അഹ്മദ് (28) ബുംറയുടെ ഇരയായി മടങ്ങി. ഏഴാം വിക്കറ്റിൽ പോപ്പുമൊത്ത് നിർണായകമായ 64 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് രെഹാൻ കീഴടങ്ങിയത്. എട്ടാം വിക്കറ്റിലെത്തിയ ടോം ഹാർട്ലിയും ഉറച്ചുനിന്നു. 80 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. 34 റൺസ് നേടിയ ഹാർട്ലിയെ അശ്വിനും റണ്ണൊന്നുമെടുക്കാതെ മാർക്ക് വുഡിനെ അശ്വിനും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് തകർന്നു. ഓൾ ഔട്ട് ആവുന്നതിനു മുൻപ് ഇരട്ടസെഞ്ചുറിയിലെത്താൻ ബുംറയ്ക്കെതിരെ റിവേഴ്സ് സ്കൂപ്പിനു ശ്രമിച്ച പോപ്പിന് സ്ലോ ബോൾ പിക്ക് ചെയ്യാൻ കഴിഞ്ഞില്ല. താരം കുറ്റി തെറിച്ച് പുറത്തായി.

Story Highlights: india need 231 runs to win england

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here