ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവ് വിശ്വാസികളോടുള്ള ക്രൂരത; മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

ഹജ്ജ് യാത്രാ നിരക്ക് വര്‍ധനവിനെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. തീരുമാനം തുരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കരിപ്പൂരിലെ നിരക്ക് വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രിയുണ്ടായിരുന്നിട്ടും എയര്‍ ഇന്ത്യയുടെ ഉയര്‍ന്ന ടെന്‍ഡര്‍ അംഗീകരിച്ചതെന്തിനെന്ന് പിഎംഎ സലാം ചോദിച്ചു.
വിശ്വാസികളോടുള്ള ക്രൂരതയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ട്വന്റിഫോറിനോട് പ്രതികരിക്കുകയായിരുന്നു പിഎംഎ സലാം. സംസ്ഥാനത്ത് 70 ശതമാനം ഹജ്ജ് തീര്‍ത്ഥാടകരും യാത്ര പുറപ്പെടുന്നത് കരിപ്പൂരില്‍ നിന്നാണെന്നിരിക്കെ ഇവിടെ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇരട്ടിയാക്കിയത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിരിക്കുന്നത്.
നിരക്ക് വര്‍ധനയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയ്ക്ക് മുസ്ലിം ജമഅത്ത് നിവേദനം നല്‍കിയിരുന്നു. യാത്രാ നിരക്ക് കുറച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് സമസ്തയുടെ യുവജനവിഭാഗമായ എസ്‌വൈഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ചു കരിപ്പൂരില്‍നിന്ന് യാത്ര പോകുന്നവര്‍ക്ക് ഇരട്ടിത്തുകയാണ് ടിക്കറ്റ് നിരക്കായി നല്‍കേണ്ടിവരിക.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചെറിയ വിമാനങ്ങളേ ഇറങ്ങുന്നുള്ളൂ. ഇത് കാരണമുള്ള അധിക ചിലവ് ചൂണ്ടിക്കാട്ടിയാണ് ടെണ്ടറിലൂടെ നിരക്ക് ഇരട്ടിയാക്കിയത്. എയര്‍ ഇന്ത്യയാണ് കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വ്വീസ് നടത്തുന്നത്. നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഹജ്ജ് യാത്ര നിരക്ക് കുത്തനെ കുറഞ്ഞപ്പോള്‍ കരിപ്പൂരില്‍ എയര്‍ ഇന്ത്യ നിരക്ക് വന്‍തോതില്‍ ഉയര്‍ത്തി. കണ്ണൂരിലും കൊച്ചിയിലും സൗദി എയര്‍ലൈന്‍സ് ആണ് സര്‍വ്വീസ് നടത്തുന്നത്.
Story Highlights: Muslim League to protest against Karipur airport hajj ticket price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here