Advertisement

ദൗത്യ സംഘം ആളെക്കൊല്ലി കാട്ടാനയ്ക്കടുത്ത് ; മയക്കുവെടി ഉടൻ

February 11, 2024
Google News 2 minutes Read
belur makhna to be tranquilized soon

വയനാട് പടമലയിൽ ആളെക്കൊല്ലി കാട്ടാനയ്ക്ക് അരികിൽ ദൗത്യ സംഘമെത്തി. ബേലൂർ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങൾ ദൗത്യ സംഘം ആരംഭിച്ചു. നാല് വെറ്ററിനറി ഓഫിസർമാരും സംഘത്തിലുണ്ട്. നാല് കുങ്കിയാനകളേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ( belur makhna to be tranquilized soon )

ബാവലി പാതയിലെ ആനപ്പാറയിൽ നിന്നാണ് കാട്ടാന വനത്തിലേക്ക് നീങ്ങിയത്. ദൗത്യത്തിന്റെ ഭാഗമായി ബാവലി – കാട്ടിക്കുളം പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അനുയോജ്യമായ സാഹചര്യം വന്നാൽ മയക്കുവെടി വയ്ക്കാനാണ് പദ്ധതി.

അതേസമയം, ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ പറയുന്നു. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂട പ്രതിനിധകളെ വളഞ്ഞപ്പോൾ മാത്രമാണ് മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും പ്രതിനിധികൾ ആരോപിക്കുന്നു.

ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു.

Story Highlights: belur makhna to be tranquilized soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here