‘യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു’; സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

കവിയും കേരള സാഹിത്യ അക്കാദമി ചെയർമാൻ സച്ചിദാനന്ദനെ പരിഹസിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. യേശുക്രിസ്തുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു എന്ന് പരിഹാസരൂപേണ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ശ്രീകുമാരൻ തമ്പി കുറിച്ചു. തന്നെപ്പോലെ എഴുത്തച്ഛനും പാട്ട് എഴുത്തുകാരനായിരുന്നു എന്നും ശ്രീകുമാരൻ തമ്പി കുറിച്ചു. (sreekumaran thampi fb satchidanandan)
ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ്:
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ ‘ക്ളീഷേ’!!
പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്” –എന്നാണല്ലോ..
നേരത്തെ, കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സച്ചിദാനന്ദൻ വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവർത്തി. സെൻ ബുദ്ധിസവും ബൈബിളും തന്നെ ഇതാണ് പഠിപ്പിച്ചതെന്ന് കെ സച്ചിദാനന്ദൻ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കുറിച്ചു.
മറ്റുള്ളവരുടെ തെറ്റുകൾ ഏറ്റെടുത്ത് കുരിശിലേറുന്നത് ഒരു മഹദ് പ്രവർത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥൻ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും തികഞ്ഞ നിസംഗതയോടെ തനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് താൻ ഏറ്റെടുക്കുന്നു എന്നായിരുന്നു അദ്ദേഹത്തിൻ്റെ കുറിപ്പ്.
ബാലചന്ദ്രൻ ചുള്ളിക്കാടിന് നിസാര പ്രതിഫലം നൽകിയതും ശ്രീകുമാരൻ തമ്പിയുടെ കേരള ഗാനം തിരസ്കരിച്ചതുമാണ് സാഹിത്യ അക്കാദമിയെ പ്രതിരോധത്തിലാക്കിയത്. ഇതിനു പിന്നാലെ ചുള്ളിക്കാടും ശ്രീകുമാരൻ തമ്പിയും അക്കാദമിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകുമെന്നറിയിച്ച സച്ചിദാനന്ദൻ ശ്രീകുമാരൻ തമ്പിയുടെ പാട്ടിൽ ക്ലീഷേ പ്രയോഗങ്ങളായിരുന്നതിനാലാണ് സ്വീകരിക്കാതിരുന്നത് എന്നും വ്യക്തമാക്കി. പിന്നാലെ, സച്ചിദാനന്ദനെതിരെ ശ്രീകുമാരൻ തമ്പി പലതവണ രംഗത്തുവരികയായിരുന്നു.
Story Highlights: sreekumaran thampi fb post satchidanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here