‘പുസ്തകം പൊടിപിടിച്ചെന്ന് കരുതി കഥ അവസാനിക്കുന്നില്ല’; ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിൽ ഉമേഷ് യാദവ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഇന്ത്യൻ പേസർ ഉമേഷ് യാദവ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തൻ്റെ നിരാശ വെളിപ്പെടുത്തിയത്. പുസ്തകം പൊടിപിടിച്ചെന്ന് കരുതി കഥ അവസാനിക്കുന്നില്ലെന്ന് ഉമേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യക്കായി 57 ടെസ്റ്റുകളിൽ നിന്ന് 170 വിക്കറ്റുകളാണ് ഉമേഷ് നേടിയിട്ടുള്ളത്. 6/88 എന്നതാണ് ഏറ്റവും മികച്ച ബൗളിംഗ് ഫിഗർ. 32 ഹോം ടെസ്റ്റുകളിൽ നിന്ന് 25.88 ശരാശരിയിൽ 101 വിക്കറ്റുകൾ വീഴ്ത്തിയ 36 കാരനായ താരം കോലി-ശാസ്ത്രി യുഗത്തിൽ ഇന്ത്യയുടെ മൂർച്ചയേറിയ ആയുധമായിരുന്നു. യുകെയിൽ നടന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഉമേഷ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഓസ്‌ട്രേലിയക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും ടീമിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.
ഇന്ത്യക്കായി 75 ഏകദിനങ്ങളും 9 ടി20കളും കളിച്ച ഉമേഷ് യഥാക്രമം 106, 12 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ വിദർഭയ്ക്കുവേണ്ടി ഉമേഷ് നാല് മത്സരങ്ങളിൽ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയതാണ് പരമ്പര. രണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇരുവരും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമാണ്. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കുള്ള പുതിയ ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Story Highlights: Umesh Yadav posts cryptic story after India snub
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here