Advertisement

‘ക്ലാസിൽ നിന്ന് അന്ന് ചാടിയോടി; SFIക്കാർ തല്ലാൻ ഓടിച്ചയാൾ പിന്നീട് കണ്ണൂർ സർവകലാശാല വിസിയായി’; ഡോ.എം.കെ. അബ്ദുൽ ഖാദറിന്റെ അറിയാക്കഥ

March 4, 2024
Google News 3 minutes Read
Man who was beaten up by the SFIs later became the VC of Kannur University story of Dr MK Abdul Khader

എസ്.എഫ്.ഐ ക്കാർ ഉൾപ്പെട്ട സംഘത്തിൻ്റെ ക്രൂര മർദനത്തെത്തുടർന്ന് വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ഹോസ്റ്റലിൽ ജെ.എസ്. സിദ്ധാർഥ് എന്ന വിദ്യാർഥി മരിച്ച സംഭവം നാടെങ്ങും ചർച്ചയാകുമ്പോൾ എസ്.എഫ്.ഐക്കാർ മർദിക്കാൻ ഓടിച്ചൊരു വിദ്യാർത്ഥി പിന്നീട് സർവകലാശാലാ വൈസ് ചാൻസലർ ആയ കഥയും കേരളം അറിയേണ്ടേ?

കോളജ് അധ്യാപകൻ, പ്രിൻസിപ്പൽ, കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ (ഇടക്കാലത്ത് കാലിക്കറ്റ് സർവകലാശാലാ വി.സിയുടെ അധിക ചുമതലയും) , യു.പി. എസ്.സി യിൽ സിവിൽ സർവീസസ് പരീക്ഷയുടെ ഇൻ്റർവ്യൂ ബോർഡ് അംഗം, രാഷ്ട്രീയ നേതാവ് തുടങ്ങി ഒട്ടേറെ ഉന്നത പദവികൾ വഹിച്ച ഡോ.എം.കെ. അബ്ദുൽ ഖാദർ എന്ന ഖാദർ മാങ്ങാടാണ് കഥാപുരുഷൻ. കോളജ് പഠനകാലത്ത് മികച്ച ഗായകനും നടനുമായിരുന്ന അദ്ദേഹം അത്ലറ്റായി ട്രാക്കിലിറങ്ങിയിരുന്നെങ്കിൽ മികച്ച സ്പ്രിൻ്റർ ആയേനെ. ഓടാനുള്ള തൻ്റെ കഴിവു മാത്രം തിരിച്ചറിയാൻ വൈകി.

കാസർകോട് ഗവ.കോളജിൽ 1980 ൽ കെ.എസ്.യു.സ്ഥാനാർഥിയായി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് അബ്ദുൽ ഖാദർ മത്സരിച്ചപ്പോഴാണ് സംഭവം. ഖാദറിനെ തല്ലാൻ പതിനഞ്ചോളം എസ്. എഫ്. ഐ ക്കാർ വരുന്ന വിവരം കെ.എസ് യു. നേതാവ് വത്സല വന്നു പറഞ്ഞപ്പോൾ അല്പം വൈകിപ്പോയി. വോട്ട് പിടിക്കുന്ന തിരക്കിലായിരുന്നു അബ്ദുൽ ഖാദർ. പിന്നെയൊന്നും ആലോചിച്ചില്ല. പെട്ടെന്ന് ക്ലാസിൽ നിന്നു ചാടിയോടി. ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയപ്പോഴാണ് കാണുന്നത് എസ്.എഫ്.ഐ. സംഘത്തിൽ തനിക്കു തൊട്ടുപിന്നാലെ ഓടുന്നത് കാലിക്കറ്റ് സർവകലാശാലാ 100 മീറ്റർ ചാംപ്യനും എ.ബി.വി.പിക്കാരനുമായ ചന്ദ്രശേഖരൻ നായർ ആണ്.

ചന്ദ്രശേഖരൻ നായർ എത്ര ശ്രമിച്ചിട്ടും ഖാദറിൻ്റെ 15 അടി പിന്നിൽ എത്താനേ കഴിഞ്ഞുള്ളൂ. എസ്.എഫ്.ഐക്കാരുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ഖാദർ പിന്നീട് ഓർത്തിരിക്കണം. ട്രാക്കിൽ ഓടിയിരുന്നെങ്കിൽ കാലിക്കറ്റ് സർവകലാശാലയിലെ വേഗമേറിയ ഒട്ടക്കാരൻ താൻ ആയേനെ. കേരളത്തിലെ അത്ലറ്റികസിനു തീരാനഷ്ടം.അന്ന് കൗൺസിലർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ അബ്ദുൽ ഖാദറിനോട് തോറ്റ സി.എച്ച്.കുഞ്ഞമ്പു ഇപ്പോൾ ഉദുമ എം.എൽ.എ. ആണ്. ചന്ദ്രശേഖരൻ നായർ പിന്നീട് മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളജിൽ കായികാധ്യാപകനായി. ചന്ദ്രശേഖരൻ നായർ കോൺഗ്രസിൻ്റെ കോളജ് അധ്യാപക സംഘടനാ പ്രവർത്തകനായി എന്നതും ചരിത്രം. ഖാദർ മാങ്ങാട് പിന്നീട് കാസർകോട്ടു നിന്ന് യു.ഡി.എഫ്. സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല.

“അന്നും എതിരാളികളെ ഭയപ്പെടുത്തിയും ആക്രമിച്ചും പിൻതിരിപ്പിക്കുന്ന ശൈലിയായിരുന്നു എസ്.എഫ്.ഐയുടേത്. ” ഡോ.ഖാദർ മാങ്ങാട് ഓർക്കുന്നു.കണ്ണൂർ ,കാലിക്കറ്റ് സർവകലാശാലകളിൽ വൈസ് ചാൻസലറുടെ കസേരയിൽ ഇരിക്കുമ്പോൾ കാണാൻ വന്ന വിദ്യാർഥി യൂണിയൻ നേതാക്കളോട് സംസാരിക്കുമ്പോൾ പഴയ കഥയോർത്ത് അദ്ദേഹം ചിരിയടക്കിയിട്ടുണ്ട്.

വി.സിയായിരുന്ന കാലത്ത് യു. എൻ. സെക്രട്ടറി ജനറൽ കോഫി അന്നൻ വി.സിയായ ഘാന സർവകലാശാലയിലും ഒട്ടേറെ നൊബേൽ സമ്മാന ജേതാക്കൾ ഫാക്കൽറ്റികളായുള്ള വിദേശ സർവകലാശാലകളിലും പോയി പഠിച്ചത് കണ്ണൂരിൽ നടപ്പിലാക്കാൻ ശ്രമിച്ചതും രാഷ്ടീയക്കാരൻ്റെ ഇടുങ്ങിയ ചിന്തകളുടെ ബാക്കിപത്രമായ എതിർപ്പുകൾ ഉയർന്നതും അദ്ദേഹം മറന്നിട്ടില്ല.

പക്ഷേ, അന്നൊക്കെ രാഷ്ട്രീയ സംഘട്ടനങ്ങൾക്കിടയിലും ചില നല്ല സൗഹൃദങ്ങൾ ബാക്കിയുണ്ടായിരുന്നത്രെ. രണ്ടു ചേരിയിലായി സമരം ചെയ്ത ശേഷം ഹോസ്റ്റലിൽ ഒരേ മുറിയിൽ ഉറങ്ങിയവരും ഉണ്ടായിരുന്നു. സ്കൂട്ടർ അപകടത്തിൽ പെട്ട് രക്തത്തിൽ കുളിച്ച് വഴിയിൽ കിടന്നപ്പോൾ ഇതു നമ്മുടെ ഖാദർ അല്ലേയെന്ന് ചോദിച്ച് പൊക്കിയെടുത്ത് ആശുപത്രിയിൽ എത്തിച്ചതും കോൺഗ്രസ് നേതാക്കളെ വിവരമറിയിച്ചതും സി.പി.എം നേതാവ് എ. വിജയരാഘവൻ ആയിരുന്നു എന്നത് അത്തരം സൗഹൃദങ്ങളുടെ ബാക്കിപത്രം.

ഡോ. ഖാദർ മാങ്ങാടിൻ്റെ ഭാര്യ ഡോ.കെ.നസീമ കാസർകോട് ജില്ലയിൽ മുസ്ലിം സമുദായത്തിൽ നിന്ന് പിഎച്ച്.ഡി.എടുത്തതും കോളജ് അധ്യാപികയായതുമായ ആദ്യ വനിതയാണ്. ഡോ. നസീമയുടെ മേൽനോട്ടത്തിൽ അഞ്ചു പേർ ഡോക്ടറേറ്റ് നേടി.

Story Highlights: Man who was beaten up by the SFIs later became the VC of Kannur University story of Dr MK Abdul Khader

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here