Advertisement

പ്രവാസി പണംവരവിൽ കേരളം എന്തുകൊണ്ട് പിറകോട്ട്?

March 10, 2024
Google News 2 minutes Read
Kerala backward in inward remittance

1960കളിലും 70കളിലും നമ്മുടെ കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് മലബാർ മേഖലകളിൽ നിന്ന് ഗൾഫ് കുടിയേറ്റം വ്യാപകമായി നടന്നു. അന്ന് മുതലിങ്ങോട്ട്, ആഗോളതലത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പണം വരുന്ന രാജ്യം ഇന്ത്യയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശപണം ഒഴുകുന്ന സംസ്ഥാനം കേരളവുമാണ്. എന്നാൽ ഇപ്പോൾ കേരളത്തെ വെട്ടി മഹാരാഷ്ട്രയാണ് വിദേശത്ത് നിന്ന് ഏറ്റവും പണമെത്തുന്ന ഇന്ത്യൻ സംസ്ഥാനം. ഏറ്റവും കൂടുതൽ പ്രവാസികൾ വർഷം തോറും ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിചെയ്തിട്ടും കേരളത്തിലേക്ക് എത്തേണ്ട, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് പങ്കുവഹിക്കേണ്ട പണത്തിന്റെ വിഹിതം ഇത്രകണ്ട് കുറയാൻ കാരണമെന്താകും?(Kerala backward in inward remittance)

ഇന്ത്യയിലേക്ക് വരുന്ന വിദേശപണത്തിന്റെ അളവിൽ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ഭൂരിഭാഗവും യുഎഇയിലും ജിസിസി രാജ്യങ്ങളിലുമാണുള്ളത്. ജിസിസി ആധിപത്യമുള്ള പ്രവാസി വിപണിയെന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിൽ വിദേശപണം വരവിൽ ഇത്രയധികം കുറവ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് സമയത്ത് പണം വരവിൽ അൽപം കുറവ് രേഖപ്പെടുത്തിയിരുന്നെങ്കിൽ അതിനുശേഷം ഒരു സ്ഥിരതയുണ്ടാകുകയും കുടിയേറ്റം കുറഞ്ഞെങ്കിലും ഈ സ്ഥിരത നിലനിർത്തുന്നുമുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം പ്രവാസികളുടെ പണമയക്കൽ മൂല്യം പത്ത് ശതമാനം വർധിച്ചതായി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാനും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ മുൻ പ്രൊഫസറുമായ എസ് ഇരുദയ രാജൻ പറഞ്ഞു. വിദേശത്തുള്ള 10 പ്രവാസികൾ നേരത്തെ നാട്ടിലേക്ക് 500 ഡോളർ അയച്ചിരുന്നതെങ്കിൽ ഇന്ന് ഒരാൾ അത്രയും തുക ഒറ്റയ്ക്ക് അയക്കുന്നുണ്ട്. 2022ൽ ഒരു ലക്ഷത്തി പതിനായിരം കോടി രൂപയാണ് രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയച്ച പണം.

എന്നാൽ സമീപവർഷങ്ങളിലെ പ്രവണത പരിശോധിച്ചാൽ ഇന്ത്യയുടെ ഇൻവേർഡ് റെമിറ്റൻസിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടുള്ളതായി കാണാം. 2016-17ൽ ജിസിസിയിൽ നിന്നുള്ള പണമയക്കൽ 50 ശതമാനമായിരുന്നത് 2020-21ൽ 30 ശതമാനമായി കുറഞ്ഞു. ഇതിനിടയിലാണ് പണമയക്കുന്നതിൽ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തിയത്. ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പണമയക്ക്ൽ ഗണ്യമായി കുറയുകയാണ്. ഇന്ത്യൻ വിദ്യാർത്ഥികളുടെ കുടിയേറ്റത്തിന്റെ അനുപാതം വർധിക്കുമ്പോഴും കോഴിക്കോട്, മലപ്പുറം തുടങ്ങിയ പരമ്പരാഗത വിദേശ പണംവരവ് സ്രോതസുകൾ നൽകിക്കൊണ്ടിരുന്ന സംഭാവന കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മൊത്തം എൻആർഐ പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നെങ്കിൽ ഇന്നത് 10 ശതമാനം മാത്രമാണെന്ന് സിഎസ്ബി ബാങ്ക് റീട്ടെയിൽ മേധാവി നരേന്ദ്ര ദീക്ഷിത് പറയുന്നു.

കണക്കുകളനുസരിച്ച് കേരളത്തിലേക്ക് യുഎഇയിൽ നിന്നുള്ള പണം വരവ് 2016 ൽ 26.9 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 18 ശതമാനമാണ്. വിദ​ഗ്ധ തൊഴിലാളികളുടെ ഡിമാൻഡ് മാറുന്നതും എണ്ണവില കുറയുന്നതും പണമയയ്ക്കലിനെ ബാധിക്കുന്ന ഘടകങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഇന്ത്യയിലേക്കെത്തുന്ന ഗൾഫ് പണത്തിന്റെ 35.2ശതമാനം മഹാരാഷ്ട്രയിലേക്കാണെത്തുന്നത്. ഇത് കേരളത്തിലേക്ക് വരുമ്പോൾ ഇന്നത്തെ കണക്ക് പത്ത് ശതമാനത്തോളം മാത്രം. റിസർവ് ബാങ്കിന്റെ അഞ്ചാം റൗണ്ട് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2023ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് അവതരിപ്പിക്കവേ പുറത്തുവിട്ട കണക്കനുസരിച്ച്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന മൊത്തം വിദേശ പണത്തിന്റെ 10.2 ശതമാനം മാത്രമാണ് കേരളത്തിലേക്കെത്തുന്നത്.

തമിഴ്‌നാട്, ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വിദേശ പണംവരവിൽ മഹാരാഷ്ട്രയ്ക്കും കേരളത്തിലും പിന്നിലുള്ളവ. 1.9 ശതമാനം രേഖപ്പെടുത്തിയ ജാർഖണ്ഡാണ് വിദേശ പണമൊഴുക്ക് എറ്റവും കുറഞ്ഞ സംസ്ഥാനം. ഈ സംസ്ഥാനങ്ങളെ കൂടി പരിശോധിച്ചാൽ കേരളത്തിന് പുറമേ തമിഴ്നാടിന്റെയും കേരളത്തിന്റെയും ഇൻവാർഡ് റെമിറ്റൻസിൽ കാര്യമായ കുറവുണ്ടായി. 2016-17 മുതലുള്ള മൊത്തം പണമയക്കലിന്റെ 25 ശതമാനം പണം മാത്രമാണ് 2020-21 വർഷം ഈ സംസ്ഥാനങ്ങളിലേക്കെത്തിയത്. ആർ ബി ഐയുടെ അഞ്ചാം റൗണ്ട് സർവേ പ്രകാരം ജി സി സി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര പണലഭ്യതയുടെ പങ്ക് 2016-17 ലെ 50 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറഞ്ഞുവെന്ന് വ്യക്തമാകുന്നു.

ചുരുക്കത്തിൽ കുടിയേറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ മൂലം ഇൻവാർഡ് റെമിറ്റൻസ് സൃഷ്ടിക്കുന്നത് കേരളത്തിലെ സാമ്പത്തിക മേഖലയിൽ പ്രതിസന്ധിയാണ്. 19ാം നൂറ്റാണ്ടുമുതൽ ആരംഭിച്ച കുടിയേറ്റം വ്യവസായ വിപ്ലവത്തോടെ വ്യാപകമായി. മെച്ചപ്പെട്ട തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷതിത്വവും തേടി ലക്ഷക്കണക്കിന് ആളുകൾ വിദേശത്തേക്ക് പറന്നുതുടങ്ങി. 2018ലെ സിസിഎസിന്റെ കേരള മൈഗ്രേഷൻ സർവേ പ്രകാരം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്നത് മലപ്പുറത്ത് നിന്നാണ്. കണ്ണൂർ, കൊല്ലം, കോട്ടയം കോഴിക്കോട് എന്നിവയാണ് പിന്നിൽ. ചുരുക്കത്തിൽ കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയത്. അറുപതുകളിലും എഴുപതുകളിലും രാജ്യാന്തര വിപണിയിൽ എണ്ണവിലയിലുണ്ടായ വർധന കാരണം രാജ്യങ്ങൾ സാമ്പത്തിക അഭിവൃദ്ധി നേടി. തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ വ്യാപാരവും തൊഴിൽ അവസരവും വർധിച്ചതോടെ മലയാളികൾ കൂട്ടത്തോടെ ഗൾഫ് നാടുകളിലെത്തി. 1980കളോടെ ഈ കുടിയേറ്റം വ്യാപിച്ചു. രവി പിള്ളയും സി കെ മേനോനും യൂസഫലിയുമടക്കമുള്ള പ്രവാസി വ്യവസായികൾ ഗൾഫ് രാജ്യങ്ങളിലെ വലിയ തൊഴിൽ ദാതാക്കളായതും ഇത് ഗൾഫ് മേഖലയിലും കേരളത്തിലും സാമ്പത്തിക വളർച്ച സൃഷ്ടിച്ചതും ഈ കുടിയേറ്റങ്ങളുടെ ഫലമാണ്.

Read Also : ഇനി 30 ദിവസം കാത്തിരിക്കേണ്ട; ദുബായില്‍ 5 ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും

സാമ്പത്തിക മാന്ദ്യവും എണ്ണവിലയിലെ ഇടിവും ഗൾഫ് രാജ്യങ്ങളെ ബാധിക്കുന്നതോടെ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പ്രവാസി പണമൊഴുകുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയെ ഇത് മോശമായി ബാധിക്കുമെന്ന് നേരത്തേ തന്നെ പ്രവചനങ്ങൾ ഉണ്ടായിരുന്നു. മുൻകാലങ്ങളിൽ ജിസിസി രാജ്യങ്ങളാണ് കുടിയേറ്റത്തിനായി തെരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് മലയാളികൾ കൂടുതലായും ചേക്കേറുന്നത് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. ജോലിക്കും പഠനത്തിനും ഇങ്ങനെ പോകുമ്പോൾ വലിയൊരു സംഖ്യ ചെലവാകുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക രം​ഗത്ത് പങ്കുവഹിക്കേണ്ട ഈ തുക വിദേശത്തേക്ക് ഒഴുകുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. 15 മുതൽ 20 ലക്ഷം രൂപ വരെ താമസത്തിനും വിദ്യാഭ്യാസത്തിനുമായി മലയാളി വിദ്യാർത്ഥികൾ പുറത്ത് ചിലവഴിക്കുമ്പോൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിന്ന് ഒരു വർഷം പുറത്തേക്കൊഴുകുന്നത് ഏതാണ്ട് 5000 മുതൽ 7000 വരെ കോടി രൂപയാണ്. 2018ലെ കേരള മൈഗ്രേഷൻ സർവേ പ്രകാരം 21,21,887 പ്രവാസികൾ കേരളത്തിൽ നിന്നുള്ളവരാണ്. ഇത് 2016ലെ കേരള മൈഗ്രേഷൻ സർവേയേക്കാൾ 1.49 ലക്ഷവും 2013ലെ സർവേയെക്കാൾ 2.78 ലക്ഷവും കുറവാണ്. ഇതും കേരളത്തിലേക്കുള്ള വിദേശ പണത്തിന്റെ ഒഴുക്കിനെ കുറച്ചിട്ടുണ്ടെന്നത് വ്യക്തം.

Story Highlights: Kerala backward in inward remittance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here