അടുത്ത എതിരാളി യൂട്യൂബ്; പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. ട്വിറ്റർ വാങ്ങിയതിന് പിന്നാലെ പേരുൾപ്പെടെ മാറ്റി അടിമുടി മാറ്റമാണ് വരുത്തിയത്. ഇതിന് പിന്നാലെയാണ് യൂട്യൂബിന് പണി കൊടുക്കാൻ മസ്ക് ഒരുങ്ങുന്നത്. യൂട്യൂബിന് സമാനമായി എക്സിന്റെ നേതൃത്വത്തിൽ പുതിയ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് മസ്ക് പദ്ധതിയിട്ടിരിക്കുന്നത്.
സ്മാർട്ട് ടിവികളുടെ പിന്തുണയിൽ ആയിരിക്കും എക്സിന്റെ പുതിയ വീഡിയോ ആപ്പ് പ്രവർത്തിക്കുക. ഫോർച്ച്യൂൺ റിപ്പോർട്ട് അനുസരിച്ച് സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാകും എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുക. ഗൂഗിളിന് മാത്രമല്ല, മറ്റ് സോഷ്യൽ മീഡിയ ഭീമൻമാരുമായും ഏറ്റുമുട്ടാനാണ് മസ്കിന്റെ പദ്ധതി. ഈ ആഴ്ച തന്നെ ഇതിനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം യൂട്യൂബിന്റെതിന് സമാനമായ മൊണിറ്റൈസേഷൻ പോളിസി മസ്ക് എക്സിൽ ചെയ്തിരുന്നു. നിലവിൽ എക്സിലെ മികച്ച കണ്ടന്റ് ക്രിയേറ്റർമാർക്ക് എക്സിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്.യൂട്യൂബിലുള്ള കണ്ടന്റ് ക്രിയേറ്റർമാരെ എക്സിന്റെ ആപ്പിലേക്ക് ആകർഷിക്കാനായി യൂട്യൂബിലും മികച്ച മൊണിറ്റൈസേഷൻ പോളിസി മസ്ക് തയ്യാറാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരസ്യങ്ങൾ വഴി തന്നെയായിരിക്കും ഈ പ്ലാറ്റ്ഫോമിലും വരുമാനം എത്തിക്കുക.
നിലവിൽ എക്സിൽ 80,000ത്തിൽ അധികം ക്രിയേറ്റർമാർ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനം ആണ് ഇവർക്ക് ലഭിക്കുന്നത്. വൈകാതെ, ഓൺലൈൻ പണമിടപാടും ഡേറ്റിങ് സൗകര്യവും ഇ-കൊമേഴ്സ് സംവിധാനവുമൊക്കെയുള്ള ‘എവരിതിങ് ആപ്പാ’ക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനെ മാറ്റാനാണ് മസ്ക് ഉദ്ദേശിക്കുന്നത്.
Story Highlights: Elon Musk’s X to launch dedicated TV app to take on YouTube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here