Advertisement

ലോട്ടറി മുതൽ ഇലക്ടറൽ ബോണ്ട് വരെ; സാൻ്റിയാഗോ മാർട്ടിൻ എന്നും വിവാദനായകൻ

March 15, 2024
Google News 4 minutes Read

ആരാണ് സാൻ്റിയാഗോ മാർട്ടിൻ 

സാൻ്റിയാഗോ മാർട്ടിൻ മലയാളികൾക്ക് അത്ര അപരിചിതൻ അല്ല. എന്നും അധികാരകേന്ദ്രങ്ങളുടെ പ്രിയപ്പെട്ട തോഴനായിരുന്നു സാൻ്റിയാഗോ മാർട്ടിൻ. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടു വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്തത് സാൻ്റിയൊഗോ മാർട്ടിൻ്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1368 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടാണ് 2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കാലത്തിനിടെ സാൻ്റിയാഗോ മാർട്ടിൻ്റെ കമ്പനിയായ  ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ് വാങ്ങിക്കൂട്ടിയത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനപിരിക്കുന്നതിന്  കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്  റദ്ദാക്കിയിരുന്നു. തുടർന്നാണ് സാൻ്റിയാഗോ മാർട്ടിൽ ഉൾപ്പടെയുള്ളവർ വാങ്ങിയ ഇലക്ടറൽ ബോണ്ടിൻ്റെ കണക്കുകൾ ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടത്. 

മ്യാൻമറിലെ യാങ്കോണിൽ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്തിരുന്ന സാൻ്റിയാഗോ മാർട്ടിൻ ലോട്ടറി രാജാവും വലിയ ബിസിനസുകാരനുമായത് വളരെ പെട്ടെന്നായിരുന്നു. തമിഴ്നാട്, കേരളം, കർണാടക, സിക്കിം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഭൂട്ടാൻ. നേപ്പാൾ എന്നിവിടങ്ങളിലെല്ലാം ലോട്ടറി ബിസിനസ് വ്യാപിപ്പിച്ചു. സിക്കിം ലോട്ടറി തട്ടിപ്പിലൂടെ 4500 കോടി തട്ടിപ്പ് നടത്തിയതിലൂടെയാണ് മാർട്ടിൽ ആദ്യം വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡുകളും നടത്തി. സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് 2023ൽ സാൻ്റിയാഗോ മാർട്ടിൻ്റെ 457 കോടി കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സമെൻ്റ് മരവിപ്പിച്ചു.  

ലോട്ടറിയിൽ മാത്രമൊതുങ്ങുന്നതായിരുന്നില്ല മാർട്ടിൻ്റെ ബിസിനസ് സാമ്രാജ്യം. ഹോമിയോപ്പതി മെഡിക്കൽ കോളേജ്, മീഡിയാ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽ, കൃഷി തുടങ്ങി ഒട്ടുമിക്ക മേഖലകളിലും സാൻ്റിയാഗോ മാർട്ടിൻ ബിസിനസ് നടത്തി നേട്ടം കൊയ്തു. എന്നാൽ നികുതി വെട്ടിപ്പ് മുതൽ സാമ്പത്തിക ക്രമക്കേടുകൾ വരെയുള്ള കുറ്റകൃത്യങ്ങൾക്ക് വിവിധ അന്വേഷണ ഏജൻസി എപ്പോഴും സാൻ്റിയാഗോ മാർട്ടിൻ്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ അധികാരം കയ്യാളുന്ന പാർട്ടികളുടെ ഉറ്റ ചങ്ങാതിയായി മാർട്ടിൻ എന്നും നിലകൊള്ളുകയും ചെയ്തു. 

2004ൽ ജനീവയിലെ ഫൗണ്ടേഷൻ ഫോർ എക്‌സലൻസ് ഇൻ ബിസിനസ് പ്രാക്ടീസ്, മികച്ച ബിസിനസ്സുകാരനുള്ള സ്വർണ്ണമെഡൽ നൽകി സാൻ്റിയാഗോ മാർട്ടിനെ ആദരിച്ചു. വർഷം ഒരു ബില്യൺ (100 കോടി) നികുതിയടച്ച് ഇന്ത്യയിലെ ഏറ്റവും വലിയ  നികുതിദായകനും സാൻ്റിയാഗോ മാർട്ടിനാണ്. ധാരാളം പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും സാൻ്റിയാഗോ മാർട്ടിനെ തേടിയെത്തി. എന്നാൽ നേട്ടങ്ങൾ മാത്രമല്ല കേസുകളും വിവാദങ്ങളും സാൻ്റിയാഗോ മാർട്ടിനൊപ്പം എന്നുമുണ്ടായിരുന്നു. 

സാൻ്റിയാഗോ മാർട്ടിനും കേരളവും

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും സാൻ്റിയായോ മാർട്ടിനും തമ്മിൽ നടന്ന നീണ്ട പോരാട്ടങ്ങളിലൂടെയാണ് കേരളത്തിന് സാൻ്റിയാഗോ മാർട്ടിനെ പരിചയം. ഇരുവരും തമ്മിലുള്ള പോര് സിപിഎമ്മിലും കലാപമുണ്ടാക്കി. അന്യസംസ്ഥാന ലോട്ടറിയിലൂടെ കേരളത്തിലെ പണം കൊള്ളയടിച്ച സാൻ്റിയാഗോയ്ക്കെതിരെ വിഎസ് സർക്കാർ കേസെടുത്തു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെയും പാർട്ടിയുടെയും നിലപാടുകൾ തള്ളിയാണ് വിഎസ് നടപടികളുമായി മുന്നോട്ട് പോയത്. ഇതിനിടെ സാൻ്റിയാഗോ മാർട്ടിൻ ദേശാഭിമാനിക്ക് രണ്ടുകോടി രൂപ സംഭാവന നൽകിയതും വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു.  

പൂട്ടിട്ട് ജയലളിത

ഡിഎംകെയുമായി സാൻ്റിയാഗോ മാർട്ടിന് അടുത്ത ബന്ധമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ സിനിമ നിർമ്മിച്ചത് സാൻ്റിയാഗോ മാർട്ടിനാണ്. എന്നാൽ ജയലളിത അധികാരത്തിലേറിയപ്പോൾ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സാൻ്റിയാഗോ മാർട്ടിനെതിരെ കേസെടുത്തു. കൂടാതെ ഗുണ്ടാ ആക്ട് ചുമത്തി എട്ട് മാസം ജയിലിലടയ്ക്കുകയും ചെയ്തു.  സാൻ്റിയാഗോയുടെ മരുമകൻ ആദവ് അർജുൻ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി ദീർഘകാലം ഡിഎംകെയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മരുമകൻ സീറ്റ് ചോദിച്ചിരുന്നെങ്കിലും ഡിഎംകെ പരിഗണിച്ചിരുന്നില്ല. 

സാൻ്റിയാഗോ മാർട്ടിനും രാഷ്ട്രീയവും 

അധികാരമുള്ള കക്ഷികൾക്കൊപ്പമാണ് സാൻ്റിയാഗോ മാർട്ടിൻ നിലകൊണ്ടത്. നേരിട്ട് രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെങ്കിലും ഭാര്യയും മകനും മരുമകനും വിവിധ പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ട്. സാൻ്റിയാഗോ മാർട്ടിൻ നിരന്തരം കേസുകളിൽ കുടുങ്ങിയപ്പോൾ എല്ലാം കെട്ടിച്ചമച്ച കേസുകളാണെന്ന് അവകാശപ്പെട്ട് ഭാര്യ ലീമ റോസ് രംഗത്തുവന്നിരുന്നു. ഇവർ പിന്നീട് ഇന്ത്യ ജനനായഗ കട്ചി എന്ന പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ചു. നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിൽ അദ്ദേഹവുമായി ഇവർ വേദി പങ്കിടുകയും ചെയ്തു.  2015ൽ  മകൻ ചാൾസ് ബിജെപിയിൽ ചേർന്നു. മരുമകൻ വിടുതലൈ ചിരുതൈഗൾ കട്ചി പ്രവർത്തകനാണ്. 

ബഹിരാകാശത്തും സാൻ്റിയാഗോ മാർട്ടിൻ

സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് സോൺ ഇന്ത്യയുമായും ഡോ.എപിജെ അബ്ദുൽ കലാം ഇൻറർനാഷണൽ ഫൗണ്ടേഷനുമായും സഹകരിച്ച് 2023ൽ മാർട്ടിൻ ഫെഡറേഷൻ നേതൃത്വം നൽകിയ സ്വകാര്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നു. ഉണ്ടായിരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നടന്ന ഇത്തരത്തിലെ ആദ്യ സ്വകാര്യ വിക്ഷേപണമായിരുന്നു ഇത്. 15.7 സെ.മീ.മാത്രം വ്യാസവും മൂന്ന് മീറ്ററോളും ഉയരവും മാത്രമുള്ള റോക്കറ്റ് പരീക്ഷണത്തിന് രണ്ടരക്കോടി രൂപയോളമാണ് ചെലവായത്. ഇതിൻറെ 85 ശതമാനവും സാൻറിയാഗോ മാർട്ടിൻറെ മാർട്ടിൻറെ ഫൗണ്ടേഷനാണ്  വഹിച്ചത്.

ആദ്യ സ്വകാര്യ ട്രെയിനും സാൻ്റിയാഗോ മാർട്ടിന്

ഭാരത് ഗൗരവ് സ്കീമിൻ്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസ് നടത്തിയത് 2022 ജൂണിലാണ്. കൊയമ്പത്തൂർ നോർത്ത് മുതൽ സായ്നഗർ ഷിർദി വരെയുള്ള ഈ സ്വകാര്യ ട്രെയിൻ ഉടമയും സാൻ്റിയാഗോ മാർട്ടിനാണ്.  ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസിൻ്റെ ഭാഗമായ സൗത്ത് സ്റ്റാർ റെയിലിനാണ് നടത്തിപ്പ് ചുമതല. 

Story Highlights: From Lottery to Electoral Bond Santiago Martin remains a controversial hero

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here