ജിഡിപി കണക്ക് നിഗൂഢം, മനസിലാകുന്നേയില്ല:സർക്കാർ അവകാശവാദത്തെപ്പറ്റി മുൻ സാമ്പത്തിക ഉപദേഷ്ടാവ്

കേന്ദ്രസർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ ജിഡിപി കണക്കുകൾ നിഗൂഢമെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ഇന്ത്യയുടെ ജി ഡി പി 8.4% വളർന്നു എന്നാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്ക്. (India Q3 GDP numbers mystifying says former CEA Arvind Subramanian)
താൻ സത്യസന്ധമായി പറയുകയാണെന്നും ഈ കണക്ക് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരസ്പര ബന്ധമില്ലാത്ത കണക്കുകളാണ് ഇവ. തീർത്തും നിഗൂഢം എന്ന് തന്നെ പറയണമെന്നും താൻ എല്ലാ ബഹുമാനത്തോടെയും ആണ് ഇത് പറയുന്നതൊന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ജിഡിപി സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിൽ നേരത്തെ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക വളർച്ച നിരക്ക്, ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പരിഷ്കരിച്ചിരുന്നു. ആദ്യ മൂന്നു മാസങ്ങളിൽ ( ഏപ്രിൽ, മെയ്, ജൂൺ) 7.8% ൽ നിന്ന് 8.2% ആയും, പിന്നീടുള്ള മൂന്നു മാസങ്ങളിലെ സാമ്പത്തിക വളർച്ച നിരക്ക് 7.6% ൽ നിന്ന് 8.1 % ത്തിലേക്കുമാണ് വർദ്ധിപ്പിച്ചത്.
ജിഡിപി സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ അരവിന്ദ് സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടുന്ന അപാകതകൾ പലതാണ്. സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിലക്കയറ്റം 1 മുതൽ 1.5 % വരെ ആണെന്നും എന്നാൽ യഥാർത്ഥത്തിൽ വിപണിയിലെ വിലക്കയറ്റ തോത് 3% മുതൽ 5% വരെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഉപഭോഗം 3% ത്തിൽ നിൽക്കെ സമ്പത്ത് വ്യവസ്ഥ 7.5% വളർച്ച നേടി എന്നു റിപ്പോർട്ടിൽ പറയുന്നതിൽ സംശയം ഉന്നയിച്ച അദ്ദേഹം, 7.6% വളർച്ച നിരക്ക് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 4.3% വരെ എറേഴ്‌സ് ആൻഡ് ഒമ്മീഷൻ സാധ്യതയായി സൂചിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പറയുന്നത് പോലെ ആഗോള കമ്പനികൾക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മേഖലയായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നേരിട്ടുള്ള വിദേശനിക്ഷേപം 2016 ൽ ഉണ്ടായതിനേക്കാൾ താഴെ പോയതെന്നും അദ്ദേഹം ചോദിച്ചു.
Story Highlights: India Q3 GDP numbers mystifying says former CEA Arvind Subramanian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here