Advertisement

മമതയുടെ മുറിവ്, പിന്നിൽ നിന്ന് ആരോ തള്ളിയതോ, തള്ളിയെന്ന് തോന്നിയതോ?

March 17, 2024
Google News 1 minute Read

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണത് പിന്നിൽ നിന്ന് തള്ളിയതുമുലമാണെന്ന പ്രചാരണത്തിന് താത്കാലിക വിരാമം. വ്യാഴാഴ്ച വൈകീട്ട് തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ശേഷം കാളിഘട്ടിലെ വീട്ടിൽവെച്ചാണ് മമത ബാനർജിയുടെ തല ഫര്‍ണിച്ചറിലിടിച്ച് മുറിവുണ്ടായത്. മമതയുടെ നെറ്റിയില്‍ മുറിവേറ്റ് രക്തം ഒഴുകുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് നേതാക്കളാണ് എക്സിൽ പങ്കുവെച്ചത്. നെറ്റിയിൽ 3 തുന്നലും മൂക്കിൽ ഒരു തുന്നലുമിട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ഒബ്സര്‍വേഷനില്‍ തുടരാന്‍ പറഞ്ഞുവെങ്കിലും മമത വീട്ടില്‍പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

കാളിഘട്ടിലെ കുടുംബ വീട്ടിലാണ് മുഖ്യമന്ത്രിയായിട്ടും മമത ബാനർജി താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ അനന്തരവൻ അഭിഷേക് ബാനർജി, സഹോദര ഭാര്യ കാജരി ബാനർജി, ഏതാനും ബന്ധുക്കൾ എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. വ്യാഴാഴ്ച് രാത്രിയിൽത്തന്നെ പിന്നിൽ നിന്നുള്ള തള്ളലിലാണ് മമത തലയിടിച്ച് വീണതെന്ന് ഒരു ബന്ധു ആരോപിച്ചിരുന്നു. മമതയെ ചികിത്സിച്ച എസ്എസ്കെഎം ആശുപത്രി ഡയറക്ടർ ഡോ മണിമോയ് ബന്ധോപാധ്യായ് പുറത്തിറക്കിയ പ്രസ്താവനയിലും പിന്നിൽ നിന്ന് തള്ളലേറ്റ് വീണ നിലയിലാണ് മുഖ്യമന്ത്രി മമത ബാനർജിയെ ആശുപത്രിയിൽ എത്തിച്ചതെന്നാണ് പറഞ്ഞിരുന്നത്. ഇത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിതെളിച്ചത്.  എന്നാൽ തൻ്റെ വാക്കുകളെ വളച്ചൊടിച്ചതാണെന്ന് അവകാശപ്പെട്ട് വെള്ളിയാഴ്ച ഡോ. ബന്ധോപാധ്യായ് രംഗത്തെത്തി. വീണ സമയത്ത് പിന്നിൽ നിന്ന് ആരോ തള്ളിയപോലെ മമതയ്ക്ക് തോന്നിയിരിക്കാം എന്നാണ് താൻ ഉദ്ദേശിച്ചതെന്നും ഞങ്ങളുടെ ജോലി ചികിത്സിക്കുകയാണ് അത് കൃത്യമായി ചെയ്തിട്ടുണ്ടെന്നും എസ്എസ്കെഎം ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു. 

വീണസമയത്ത് പിന്നിൽനിന്നാരോ തള്ളിയപോലെ തോന്നിയെന്നാണ് മുഖ്യമന്ത്രി പറയാൻ ശ്രമിച്ചത. അല്ലാതെ ആരെങ്കിലും മമതയെ പിന്നിൽ നിന്ന്  തള്ളിയതായി അതിന് അർഥമില്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രിയും ഫിസിഷ്യനുമായ ശശി പൻജ പറഞ്ഞു. ചിലസയങ്ങളിൽ ശരീരം ദുർബലമാകുന്ന പോലെ തോന്നും. അപ്പോൾ ശരീരത്തിന് വിറയൽ അനുഭവപ്പെടാം. കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെടാം. ഇത്തരം സന്ദർഭവങ്ങളിൽ നിലകിട്ടാതെ മനുഷ്യർ വീണുപോകും. മമത ബാനർജിയുട കാര്യത്തിലും ഇതായിരിക്കാം സംഭവിച്ചതെന്നും ശശി പൻജ പറഞ്ഞു. മമതയുടെ വീഴ്ചയെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം വെറും കെട്ടുകഥകളും ഊഹാപോഹങ്ങളും മാത്രമാണെന്നും അവർ പറഞ്ഞു. 

മുഖ്യമന്ത്രിക്ക് സ്വഭവനത്തിൽ വെച്ച് പരിക്കേറ്റതിനെക്കുറിച്ച് സിപിഎം, കോൺഗ്രസ്, ബിജെപി വൃത്തങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മിഡ്നാപൂർ എംപിയും ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡൻ്റുമായിരുന്ന ദിലിപ് ഘോഷ് സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ്. സ്വന്തം വീട്ടിലെ മുറിയിൽ വെച്ചാണ് അവർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ശരിയായ രീതിയിൽ അന്വേഷിക്കണം. ജനങ്ങൾക്ക് സംഭവുമായി ബന്ധപ്പെട്ട് ഉത്തരം ലഭിക്കണമെന്നും ദിലീപ് പറഞ്ഞു. ബിജെപിയുടെ നന്ദിഗ്രാം എംഎൽഎ സുവേന്ദു അധികാരി മമതയുടെ വീഴ്ചയെ പരിഹസിച്ചതായും ആരോപണമുണ്ട്. “തൃണമൂൽ കോൺഗ്രസ് വളരെ ക്ഷ്ടമേറിയ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. അവരുടെ തലകറങ്ങി വീണുപോവുകയാണെന്ന്” തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിക്കുന്ന വീഡിയോയിൽ കാണാം. സുവേന്ദു അധികാരിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാണ്. 

പൊലീസ് കമ്മീഷണറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും മമത ബാനർജിയുടെ വീട് സന്ദർശിച്ചിരുന്നു. എന്നാൽ മമതയുമായി കൂട്ടിക്കാഴ്ച സാധ്യമായില്ല. കാളിഘട്ടിലെ വസതിക്കുചുറ്റുമുള്ള സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മെഡിക്കൽ സംഘം വീട്ടിലെത്തി പരിശോധിച്ചിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനുശേഷം മമത ബാനർജി വീണ്ടും പ്രചാരണരംഗത്തിറങ്ങും. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here