കോൺവേ, പതിരന, മുസ്തഫിസുർ; പരുക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരുക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്. ഫൈനൽ ഇലവനിൽ കളിക്കുമെന്നുറപ്പുള്ള പ്രധാന താരങ്ങളിൽ പലർക്കും പരുക്കേൽക്കുന്നതാണ് മാനേജ്മെൻ്റിന് തലവേദനയായി മാറുന്നത്. ഡെവോൺ കോൺവെ, മതീഷ പതിരന, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കാണ് നിലവിൽ പരുക്കേറ്റിരിക്കുന്നത്. ഇവർ ഐപിഎലിൽ കളിക്കുമോ ഇല്ലയോ എന്നതിൽ മാനേജ്മെൻ്റ് വ്യക്തത വരുത്തിയിട്ടില്ല.
ഫെബ്രുവരിയിൽ ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയ്ക്കിടെയാണ് കോൺവെയ്ക്ക് പരുക്കേറ്റത്. ഇടതുകയ്യിലെ തള്ളവിരലിനു പരുക്കേറ്റ താരത്തിന് സർജറി ആവശ്യമാണെന്നും എട്ട് ആഴ്ചയ്ക്കുള്ളിൽ പരുക്കിൽ നിന്ന് മുക്തനാവുമെന്നുമാണ് ന്യൂസീലൻഡ് പരിശീലകൻ ഗാരി സ്റ്റെഡ് അറിയിച്ചത്. അങ്ങനെയെങ്കിൽ താരത്തിന് ഐപിഎൽ നഷ്ടമാവും.
ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരക്കിടെയാണ് പതിരനയ്ക്ക് പരുക്കേറ്റത്. തുടഞരമ്പിനു പരുക്കേറ്റ താരത്തിന് എത്ര നാളാണ് വിശ്രമം വേണ്ടതെന്ന് വ്യക്തമല്ല. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ബൗളിംഗ് നിരയിൽ നിർണായക പങ്കാണ് പതിരനയ്ക്കുള്ളത്. കഴിഞ്ഞ സീസണിൽ ഡെത്ത് ഓവറുകൾ എറിഞ്ഞ താരം മികച്ച പ്രകടനങ്ങളും നടത്തിയിരുന്നു.
ഈ സീസണിൽ ടീമിലെത്തിയ ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിനിടെ പരുക്കേറ്റ് മടങ്ങി. താരത്തെ സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്നു മാറ്റിയത്. പതിരനയ്ക്ക് നേരത്തെ പരുക്കേറ്റതിനാൽ മുസ്തഫിസുറിൻ്റെ പരുക്ക് ചെന്നൈക്ക് കനത്ത തിരിച്ചടിയാകും.
Story Highlights: chennai super kings injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here