Advertisement

വിഴിഞ്ഞം ടിപ്പർ അപകടം: സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ സർവ്വകക്ഷി യോഗ തീരുമാനം

March 21, 2024
Google News 1 minute Read
All party meeting in Vizhinjam tipper accident

തിരുവനന്തപുരം വിഴിഞ്ഞത്ത് ടിപ്പർ ലോറികൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. തുറമുഖ നിർമ്മാണത്തിനായി ലോഡുമായി പോയ ടിപ്പറിൽ നിന്നും കരിങ്കൽ തെറിച്ചുവീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കളക്ടർ.

പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ നടത്തും. ഇതിനായി തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ടിപ്പറുകളുടെ ലിസ്റ്റ് അദാനി പോർട്ട്സ് പൊലീസിന് സമർപ്പിക്കണം. ഓവർ ലോഡുകൾ പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡിനെ ചുമതലപ്പെടുത്തും. നിലവിലെ നിയമം അനുസരിച്ചുള്ള ടണ്ണേജ് മാത്രമേ അനുവദിക്കൂ. ഇതിനായി ലോഡ് കയറ്റുന്നിടത്തും ഇറക്കുന്നിടത്തും പരിശോധന നടത്തും. ഓവർലോഡ് കയറ്റി ടിപ്പറുകൾ വന്നാൽ കരാറുകാരന് പണം നൽകരുതെന്ന് തുറമുഖ കമ്പനിയോട് ആവശ്യപ്പെടും.

സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗരേഖ പൊലീസും ജില്ലാ ഭരണകൂടവും ചർച്ച ചെയ്ത് രണ്ടുദിവസത്തിനകം തയ്യാറാക്കും. ടിപ്പറുകളുടെ സമയക്രമത്തിലും മാറ്റം വരുത്തും. ഏറ്റവും അധികം തിരക്കുള്ള രാവിലെ എട്ടു മുതൽ പത്തു വരെ ടിപ്പറുകൾ നിരത്തിലിറങ്ങുന്നത് പൂർണ്ണമായും തടയും. ഡ്രൈവർമാരുടെ യോഗ്യത സംബന്ധിച്ച് പരിശോധന നടത്തും. ഡ്രൈവർമാർക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച അനന്തുവിൻറെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും അദാനി ഗ്രൂപ്പ് ചെയ്യേണ്ടത് അവരുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും കളക്ടർ പറഞ്ഞു.

വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽ മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. മന്ത്രിയെ കൂടാതെ എ വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, വിഴിഞ്ഞം തുറമുഖം എംഡി ദിവ്യ എസ് അയ്യർ, എഡിഎം പ്രേംജി സി, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡിസിപി നിധിൻ രാജ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Story Highlights : All party meeting in Vizhinjam tipper accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here