കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമർശം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആർ.എൽ.വി. രാമകൃഷ്ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ ന്യത്തം ചെയ്യരുതെന്ന് പറഞ്ഞ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ത്യശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.
കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.
അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവർ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങൾക്ക് പിന്നിൽ അത്തരം ലോബികളാണെന്നും രാമകൃഷ്ണൻ പറഞ്ഞു.
Story Highlights : Human Rights Commission filed a case Sathyabhama colourism row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here