കാളികാവിൽ രണ്ടര വയസുകാരി നേരിട്ടത് ക്രൂരമായ മർദ്ദനം; ശരീരത്ത് സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകൾ

മലപ്പുറം കാളികാവ് ഉദരംപൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദ വിവരങ്ങൾ പുറത്ത്. ക്രൂരമായ മർദ്ദനം കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചു. കുഞ്ഞ് മരിച്ചതിനു ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്.
മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ എറിഞ്ഞു പരുക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകളുണ്ട്. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും ശരീരത്തിലുണ്ട്. തലയ്ക്കു ഗുരുതര പരുക്കേറ്റു. തലയിൽ രക്തം കെട്ടിക്കിടക്കുന്നുണ്ട്. കുഞ്ഞിന്റെ തലയ്ക്ക് മുൻപ് മർദ്ദനമേറ്റപ്പോൾ സംഭവിച്ച രക്തസ്രാവമാണ് മരണകാരണം. മർദ്ദനത്തിൽ വാരിയെല്ലുകളും പൊട്ടിയിരുന്നു.
കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മുൻപ് തന്നെ കുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുഞ്ഞിന്റെ മാതാവിന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്ന വിധത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ പിതാവ് ചവിട്ടിയെന്നും തുടർന്ന് കുഞ്ഞിനെ എടുത്തെറിഞ്ഞെന്നുമായിരുന്നു മാതാവിന്റെ ആരോപണം. കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ബോധം പോയെന്ന് പറഞ്ഞായിരുന്നു പിതാവ് ഫായിസ് കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നത്. ആശുപത്രി അധികൃകർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
Story Highlights: kalikavu child brutal beating postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here