ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; പിണറായി വിജയന്‍

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങളില്‍ കേന്ദ്രം അനാവശ്യമായി കൈകടത്തുകയാണെന്നും രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ജനം ആശങ്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.(Pinarayi Vijayan against electoral bond)
മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥയുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഇടപെടല്‍ നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികള്‍ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
‘ഇലക്ട്‌റല്‍ ബോണ്ട് വലിയ അഴിമതിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. അത് കൊണ്ടുവന്നപ്പോള്‍ തന്നെ ശക്തമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തതാണ്. സിപിഐഎം സുപ്രിംകോടതിയെ സമീപിക്കാനും തയ്യാറായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ട് വഴി പണം സ്വീകരിക്കാമെന്ന് വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് അതിനെ എതിര്‍ത്തത്. ഇപ്പോള്‍ കേസില്‍ തീരുമാനമായി. കോടതി ഇടപെടലിലൂടെ ഇലക്ടറല്‍ ബോണ്ട് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് തെളിഞ്ഞുകഴിഞ്ഞു’.
പൗരത്വഭേദഗതി നിയമത്തിലും കേന്ദ്രത്തെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാ മനുഷ്യരെയും ഒന്നായിക്കാണാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കേരളത്തില്‍ മാത്രമാണ് എതിര്‍പ്പുണ്ടായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ആ നീക്കത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. യോജിച്ച പ്രതിഷേധത്തിന് ഇല്ലെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം, യോജിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്തിട്ടുണ്ടാകാം. അതുകൊണ്ടാകാം അവര്‍ വിട്ടുനിന്നത്’. മുഖ്യമന്ത്രി വിമര്‍ശിച്ചു.
Story Highlights : Pinarayi Vijayan against electoral bond
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here