Advertisement

ചര്‍ച്ചയാകുമോ സന്ദേശ്ഖാലി? ഭദ്രലോകിന്റെ മനസറിഞ്ഞോ അമിത് ഷാ? ബംഗാളില്‍ ബിജെപിയ്ക്ക് എത്ര സീറ്റ് നേടാനാകും?

April 1, 2024
Google News 3 minutes Read
How many seats will BJP win in Mamata's West Bengal?

മമതയുടെ പശ്ചിമബംഗാളില്‍ ബിജെപി എത്ര സീറ്റു നേടും? അത് ഒന്നൊന്നര ചോദ്യമാണെങ്കില്‍ ദശലക്ഷം ഡോളര്‍ ചോദ്യം വേറേയുണ്ട്. ഒരു കുടക്കീഴില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനും സിപിഐഎമ്മിനും എത്ര സീറ്റു കിട്ടും?ഇന്ത്യ സഖ്യം ഇല്ലാത്ത ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ,ബിജെപി, ഇടതു കോണ്‍ഗ്രസ് സഖ്യം എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരമാണ്. 42 മണ്ഡലങ്ങള്‍ ഉള്ള ബംഗാളില്‍ 25 സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. (How many seats will BJP win in Mamata’s West Bengal?)

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എക്കാലവും സ്വന്തം ഇടം അടയാളപ്പെടുത്തിയ മണ്ണാണ് പശ്ചിമ ബംഗാള്‍. ഇത്തവണ ബംഗാള്‍ ഉല്‍ക്കടല്‍ പോലെ കലുഷിതമാണ് വംഗ രാഷ്ട്രീയം. മറ്റൊരു രാഷ്ട്രീയ ദശാസന്ധിയിലാണ് ഇത്തവണ പശ്ചിമ ബംഗാള്‍.സ്വാതന്ത്ര്യാനന്തരം മൂന്ന് പതിറ്റാണ്ടോളം കോണ്‍്ഗ്രസിന്റെതായിരുന്നു പശ്ചിമ ബംഗാള്‍. എഴുപതുകളിലാണ് ഇടതു ഭരണത്തിന് വഴി മാറുന്നത്. പിന്നീട് മൂന്നര പതിറ്റാണ്ടോളം ചെങ്കോട്ട. നന്ദിഗ്രാമിലും സിംഗൂരിലും പാളിപ്പോയ വ്യവസായ വിപ്ലവ ശ്രമങ്ങളാണ് സിപിഐഎമ്മിന്റെ അടിവേര് ഇളക്കിയത്. കര്‍ഷകരുടെ പടനയിച്ച മമത ബാനര്‍ജി 2011ല്‍ അധികാരമേറി ഇപ്പോഴും തുടരുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

പിന്നീടിങ്ങോട്ട് വോട്ടും സീറ്റും വര്‍ദ്ധിപ്പിച്ചിട്ടേ ഉള്ളൂ തൃണമൂല്‍ കോണ്‍ഗ്രസ്. വാരിപ്പുണരാന്‍ നില്‍ക്കുന്ന ബംഗാളി ഭദ്രലോകിന്റെ മനസ്സ് അമിത് ഷാ തിരിച്ചറിഞ്ഞതോടെ, കഴിഞ്ഞ തവണ വംഗ നാട്ടില്‍നിന്നും 18 പേര്‍ താമര ചിഹ്നത്തില്‍ ലോകസഭയിലേക്ക് ജയിച്ചു കയറി. ഭദ്രലോക് എന്നാല്‍ ബ്രാഹ്മണരും കായസ്ഥരും ബൈദ്യ വിഭാഗവും ഉള്‍പ്പെടുന്നവര്‍. ഇത്തവണ 400 ലേറെ സീറ്റ് എന്ന പ്രഖ്യാപിത ലക്ഷ്യം നേടണമെങ്കി 42 സീറ്റുകളുള്ള ബംഗാളില്‍ ബിജെപിക്കു മുന്നേറ്റം അനിവാര്യമാണ്. കഴിഞ്ഞ തവണത്തെ 23 കിട്ടിയെങ്കില്‍ ഇത്തവണ നാല്‍പ്പതിലേറെ എന്നാണ് മുദ്രാവാക്യം.

മാ, മട്ടി, മനുഷ് . ബംഗാളി മൃദു വികാരമാണ് തൃണമൂലിന്റെ വിജയ രഹസ്യം. 2019 ല്‍ അവസാന ഘട്ടങ്ങളില്‍ ബിജെപിക്ക് തിരിച്ചടിയായത്, കോല്‍ക്കത്തയില്‍ ഈശ്വര ചന്ദ്ര വിദ്യസാഗര്‍ പ്രതിമ തകര്‍ക്കപ്പെട്ട സംഭവം ആയിരുന്നു. ഇത്തവണ തൃണമൂല്‍ മുദ്രാവാക്യത്തെ പരിഹസിച്ചു ദിലീപ് ഘോഷ് നടത്തിയ പരാമര്‍ശം ടി എം സി തുടക്കത്തിലേ പ്രചരണ ആയുധമാക്കി കഴിഞ്ഞു. ഇത്തവണ സന്ദേശ് ഖാലിയാണ് ബിജെപിയുടെ പ്രധാന ആയുധം.

തൃണമൂല്‍ നേതാക്കളുടെ അഴിമതി പ്രചരണ വിഷയമാകുമ്പോള്‍, ഇഡി യും സിബിഐയും ബംഗാളില്‍ വട്ടമിട്ടു പറക്കുകയാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യാ സഖ്യം വേണ്ട എന്നായിരുന്നു മമതയുടെ തീരുമാനം. ദീദി വച്ചു നീട്ടിയ 2 സീറ്റുകൊണ്ട് തൃപ്തിപ്പെടാന്‍ കോണ്ഗ്രസ് തയ്യാറല്ല. ഒക്കചങ്ങാതിയായി ഇടതു മതിയെന്ന് പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി തീരുമാനിച്ചു. ഇരുപതാണ്ട് മുന്‍പ് ഒന്നാം യു പി എ സര്‍ക്കാരിനെ സിപിഐഎം ചൂണ്ടു വിരലില്‍ നിര്‍ത്തിയത്, ഭദ്രലോക് വോട്ടുകളുടെ ബലത്തിലാണ്.

പല തോല്‍വികളറിഞ്ഞ പഴയ പടക്കുതിരകള്‍ പലരും ഇത്തവണ പോരാട്ടത്തിനില്ല. പുതുമുഖങ്ങളുമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിനൊപ്പം അടര്‍ക്കളത്തിലിറങ്ങുന്നവരില്‍ കൂടുതല്‍. 24 ഇടത്ത് മാത്രമാണ് ഇടത് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. പുതിയ സഖ്യ കക്ഷിയായ കടഎ ന് 6 സീറ്റുകള്‍ ഇടത് പക്ഷം നല്‍കി. 12 സീറ്റുകളാണ് കോണ്‍ഗ്രസ്സിന്.

ആദ്യം കോണ്‍ഗ്രസ്, പിന്നീട് സിപിഐഎം, ഇപ്പോള്‍ മമത, അങ്ങനെ ഒരു തവണ ഹൃദയത്തില്‍ ഏറ്റിയവരെ പതിറ്റാണ്ടു കളോളം ജയിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നതാണ് ബംഗാളിന്റെ രാഷ്ട്രീയ രീതി. ഒരിക്കല്‍ പടിയിറങ്ങിയവരോട് ഒരു അനുകമ്പയും കാണിച്ച പതിവ് സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ല. ഇന്ന് ഏറെകുറെ മാറിയിട്ടുണ്ട് ബംഗാള്‍. ഈ തെരഞ്ഞെടുപ്പ് ബംഗാളി വോട്ടര്‍മാര്‍ രീതികള്‍ മാറ്റുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.

Story Highlights : How many seats will BJP win in Mamata’s West Bengal?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here