അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ പ്രതിഭ ?

ഗുജറാത്തിലെ ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലം ബിജെപിയുടെ ഉരുക്കുകോട്ടയാണ്. ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനി ആറ് പ്രാവശ്യം പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഗാന്ധിനഗറിൽ നിന്നാണ്. 2019ൽ അദ്വാനിയിൽ നിന്ന് ഈ സീറ്റ് അമിത് ഷാ ഏറ്റെടുത്തു. കന്നിയങ്കത്തിൽ 5,57,014 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അമിത് ഷാ വിജയിച്ചത്. ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി അമിത് ഷായ്‌ക്കെതിരെ മത്സരിക്കുന്നത് എൽകെ അദ്വാനിയുടെ മകൾ പ്രതിഭാ അദ്വാനിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
കോൺഗ്രസ് നേതാവും കേരള മുൻമുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരൻ്റെ മകൾ പദ്മജ വേണുഗോപാൽ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. അതിനോട് കൂട്ടിച്ചേർത്താണ് പ്രതിഭാ അദ്വാനി കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന പ്രചരണം. അദ്വാനിയുടെയും മകളുടെയും ചിത്രത്തിനോടൊപ്പം “ഇതിലും വലുതാണോ പദ്മജ
അദ്വാനിക്ക് ഒപ്പമുള്ള ഫോട്ടോയിൽ അദ്വാനിയുടെ മകൾ പ്രതിഭ ആണ്. പ്രതിഭ അദ്വാനി അച്ഛനായ അദ്വാനി മത്സരിച്ച ഗാന്ധി നഗറിൽ നിന്ന് കോൺഗ്രസ്സ് ടിക്കറ്റിൽ ബിജെപി നേതാവ് അമിത് ഷാക്കെതിരെ മത്സരിക്കുകയാണ്”എന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ആദ്യമായി ഞങ്ങൾ പരിശോധിച്ചത് പ്രതിഭാ അദ്വാനി കോൺഗ്രസിൽ ചേർന്നോ എന്നതാണ്. കീവേർഡുകളുപയോഗിച്ച് നടത്തിയ തിരച്ചിലിൽ പ്രതിഭാ അദ്വാനി കോൺഗ്രസിൽ ചേർന്നെന്ന രീതിയിലുള്ള വ്യാജ പ്രചരണം കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉയർന്നുവന്നതായി മനസ്സിലാക്കാൻ സാധിച്ചു. എന്നാൽ ഇതുവരെ പ്രതിഭാ അദ്വാനി രാഷ്ട്രീയത്തിൽ പ്രവേശിച്ചതായി വിശ്വസനീയമായ വാർത്തകളൊന്നും തന്നെ വന്നിട്ടില്ല.
Read Also: കോടതിയിൽ മോദിയെയും അമിത്ഷായെയും വിമർശിച്ച് കെജ്‌രിവാൾ?
പ്രതിഭാ അദ്വാനി ഗാന്ധിനഗർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നതാണ് അടുത്തതായി പരിശോധിച്ചത്. ഗാന്ധിനഗറിൽ അമിത് ഷായ്‌ക്കെതിരെ മത്സരിക്കുന്നത് ഗുജറാത്ത് മഹിളാ കോൺഗ്രസ് മുൻപ്രസിഡൻ്റും മഹാരാഷ്ട്ര കോൺഗ്രസിൻ്റെ സഹചുമതലയുള്ള സോനൽ പട്ടേലാണ്. ആർക്കിടെക്ടായിരുന്ന സോനൽ വളരെക്കാലമായി കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന രമൺഭായ് പട്ടേലിൻ്റെ മകളാണ് സോനൽ പട്ടേൽ.
അമിത് ഷായ്‌ക്കെതിരെ എൽകെ അദ്വാനിയുടെ മകൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ തയ്യാറായാൽ അത് വലിയ വാർത്തയാകേണ്ടതാണ്. എന്നാൽ അത്തരത്തിലൊരു അഭ്യൂഹം പോലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ അമിത് ഷായ്‌ക്കെതിരെ ഗാന്ധിനഗറിൽ അദ്വാനിയുടെ മകൾ മത്സരിക്കുന്നുവെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here