Advertisement

ബിജെപിക്ക് സന്തോഷം, മത്സരിക്കാൻ പ്രമുഖരും ജനകീയരുമില്ലാതെ കോൺഗ്രസ്; സ്ഥാനാർത്ഥികൾ ദുർബലർ?

April 6, 2024
Google News 3 minutes Read

രാജ്യത്ത് മറ്റെവിടെയുമില്ലാത്ത പ്രതിസന്ധിയിലൂടെ രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടി കടന്നുപോകുന്നത്.. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് മത്സരിക്കാൻ മുതിർന്ന നേതാക്കളും പ്രമുഖ നേതാക്കളും രംഗത്തിറങ്ങാത്തതാണ് പാർട്ടിക്ക് വെല്ലുവിളിയാവുന്നത്. കേരളം അടക്കം മറ്റെല്ലാ സംസ്ഥാനങ്ങളിലും പരമാവധി നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മത്സരിക്കുന്ന കോൺഗ്രസിന് രാജസ്ഥാനിൽ ഇക്കുറി പുതുമുഖങ്ങളെയും രണ്ടും മൂന്നും നിര നേതാക്കളെയുമാണ് മത്സര രംഗത്ത് ഇറക്കേണ്ടി വന്നത്.

മധ്യപ്രദേശിൽ ദിഗ് വിജയ് സിങും ഛത്തീസ്‌ഗഡിൽ ഭൂപേഷ് ബാഗലും സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. എന്നാൽ വലിയ ജനസ്വാധീനം ഉണ്ടായിട്ട് പോലും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടോ സച്ചിൻ പൈലറ്റോ ജിതേന്ദ്ര സിങോ മത്സരിക്കാൻ ഇല്ല. ഇവർ സ്ഥാനാർത്ഥികളാകാൻ ഇല്ലെന്ന് അറിയിച്ചതോടെ സംസ്ഥാനത്ത് അത്രയൊന്നും അറിയപ്പെടാത്ത നേതാക്കളെയും പുതുമുഖങ്ങളെയും വരെ കോൺഗ്രസിന് ആശ്രയിക്കേണ്ട സ്ഥിതിയാണ്.

ഗെഹ്ലോട്ടിന് സ്വാധീനമുള്ള ജോധ്പൂറിൽ കരൺ സിങ് ഉചിയർധയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ ഗജേന്ദ്ര സിങ് ശെഖാവത്താണ് ഇവിടെ മത്സരിക്കുന്ന മറ്റൊരാൾ. കേന്ദ്ര മന്ത്രിയായ ശെഖാവത്തിനെതിരെ നിരന്തരം ഗെഹ്ലോട്ട് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എന്നിട്ടും ഗെഹ്ലോട്ടിന്റെ മകന് ഇവിടെ സീറ്റ് നൽകിയില്ല. പകരം ജലോർ സിരോഹിയിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഇതോടെ ശെഖാവത്തിന് മണ്ഡലത്തിൽ ജയസാധ്യതയേറി. കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഭിന്നത മറനീക്കി പുറത്തുവന്നിട്ടുണ്ട്. 

അതേസമയം രാജസ്ഥാനിൽ മുൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള പിന്മാറ്റവും പ്രധാനമാണ്. ഗുജ്ജാർ സ്വാധീന മേഖലയായ ദോസ, ടോങ്ക്-സവായ് മധോപൂർ സീറ്റുകളിൽ തനിക്ക് വലിയ ജനസ്വാധീനം ഉണ്ടായിരുന്നിട്ട് പോലും സച്ചിൻ പൈലറ്റ് മത്സരിക്കുന്നില്ല. ദോസയിൽ മുരാരി ലാൽ മീണയും  ടോങ്ക്-സവായ് മധോപൂർ സീറ്റിൽ ഹരീഷ് ചന്ദ്ര മീണയുമാണ് കോൺഗ്രസിനായി മത്സരിക്കുന്നത്. പൈലറ്റ് കോൺഗ്രസിൻ്റെ വോട്ടാകർഷണ മുഖമായിരുന്നിട്ട് പോലും അദ്ദേഹത്തിന്റെ പിന്മാറ്റം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Read Also: ലഡാക്കിന് സംസ്ഥാന പദവി വേണം; കഠിനമായ തണുപ്പ് അവഗണിച്ച് സോനം വാങ്‌ചുക്കിന്റെ നിരാഹരം

അൽവർ രാജകുടുംബാംഗം ബൻവർ ജിതേന്ദ്ര സിങും പിന്മാറി. ഇതോടെ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങിനെതിരെ ലളിത് യാദവാണ് കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സിപി ജോഷിയുടെ ബിൽവാര മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം അവസാന നിമിഷത്തിലാണ് പ്രഖ്യാപിച്ചത്. ഇതോടെ ഈ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്ന മുൻ ആർപിഎസ് ഓഫീസർ ദാമോദർ ഗുർജാർ രാജ്സമന്ദ് സീറ്റിലേക്കും ഇവിടെ പരിഗണിച്ചിരുന്ന സുദർശൻ റാവത്ത് മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.

മത്സരത്തിൽ നിന്ന് പിന്മാറിയ നേതാക്കളെല്ലാം സംഘടനാ ചുമതലയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദില്ലിയിൽ ചേർന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ഗെഹ്ലോട്ട് പങ്കെടുത്തിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ മകനെ പാർട്ടി സ്ഥാനാർത്ഥിയാക്കി. അതും ഗെഹ്ലോട്ടിൻ്റെ സ്വാധീന കേന്ദ്രമായ ജോധ്പൂറിന് പകരം ജലോറിൽ. ഇത് ഗെഹ്ലോട്ടിൻ്റെ താത്പര്യപ്രകാരമായിരുന്നു എന്നാണ് വിവരം.

ഛത്തീസ്ഗഡിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായതിനാലാണ് സച്ചിൻ പൈലറ്റ് പിന്മാറിയതെന്നാണ് വിവരം. രാജസ്ഥാനിലെ നാല് സീറ്റുകളിൽ കോൺഗ്രസിൻ്റെ സ്ഥാനം ഉയർത്തുമെന്നും ഛത്തീസ്ഗഡിൽ നേട്ടമുണ്ടാക്കുമെന്നും പൈലറ്റ് പാർട്ടി നേതൃത്വത്തിന് വാക്കുകൊടുത്തെന്നാണ് റിപ്പോർട്ടുകൾ. 

Story Highlights : Senior Congress leaders have stayed away from the polls, citing larger organizational duties in Rajasthan. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here