സൗദിയിൽ വധശിക്ഷ കാത്ത് കോഴിക്കോട് സ്വദേശി; മോചനത്തിന് വേണ്ടത് 34 കോടി; സഹായം തേടി കുടുബം

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിയുടെ മോചനത്തിനായി സഹായം അഭയർത്ഥിച്ച് കുടുംബം. ഫറൂഖ് സ്വദേശി അബ്ദുറഹീമാണ് സൗദി ജയിലിൽ കഴിയുന്നത്. അബ്ദുറഹീമിനെ മോചിപ്പിക്കാൻ ദയാധനമായി 34 കോടി രൂപയാണ് ആവശ്യമായി വരുന്നത്. ഏപ്രിൽ 16നകം ഈ പണം നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 10 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്.
18 വർഷങ്ങൾക്ക് മുൻപ് അബ്ദു റഹീമിന്റെ 26-ാം വയസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവർ ജോലിക്ക് പുറമേ സ്പോൺസറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങൾ വഴിയാണ് ഭക്ഷണം നൽകിയിരുന്നത്. അബ്ദുറഹീമും കുട്ടിയും വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തിൽ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. പിന്നീട് കുട്ടി മരിച്ചു.
കുട്ടി മരിച്ചതോടെ ഇത് മറച്ചുവെക്കാൻ അബ്ദുറഹീം ശ്രമിച്ചു. സംഭവം നടന്നയുടൻ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി സഹായം തേടിയിരുന്നു. പിടിച്ചുപറിക്കാൻ അബ്ദുറഹീമിനെ ബന്ദിയാക്കി കുട്ടിയെ ആക്രമിച്ചു എന്ന രീതിയിൽ രണ്ടു പേരും കഥയുണ്ടാക്കി. റഹീമിനെ സീറ്റിൽ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസെത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ ബന്ധുവിന് 10 വർഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകൾ പരിഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും വിധി ശരിവെച്ചു.
വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച കുട്ടിയുടെ മാതാപിതാക്കൾ മാപ്പ് നൽകണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നൽകാൻ തയാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രിൽ 16നുള്ളിൽ ഈ തുക നൽകിയാൽ അബ്ദുറഹീം ജയിൽ മോചിതനാകും. സുമനസുകൾ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവും കുടുംബവും. ദയാധനമായ 34 കോടി രൂപ നൽകാൻ എല്ലാവരും സഹായിക്കണമെന്ന് അബ്ദുഹീമാന്റെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO- 074905001625
IFSC CODE-ICIC0000749
BRANCH:ICICI MALAPPURAM
Story Highlights : Family seeking help for release of Kozhikode native who sentenced death penalty in Saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here