ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി; കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം

കേന്ദ്ര ഏജൻസികളെ കോടതിയിൽ നേരിടാൻ സിപിഐഎം. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി. പിൻവലിച്ച തുക ഉപയോഗിക്കരുതെന്ന ആദായ നികുതിവകുപ്പ് നിർദ്ദേശം അസാധാരണ നടപടിയെന്നാണ് സിപിഐഎം വിലയിരുത്തൽ. കോടതിയിൽ കേന്ദ്ര ഏജൻസികൾക്ക് തിരിച്ചടി ഉണ്ടായാൽ കരുവന്നൂർ വിവാദം മറികടക്കാനാകുമെന്ന് കണക്കുകൂട്ടൽ
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടാണ് ആദ്യനികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിനെതിരെയാണ് നടപടി. അക്കൗണ്ട് സംബന്ധിച്ച് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്കിൽ പരിശോധന നടത്തിയിരുന്നു.
നടപടി നേരിട്ട അക്കൗണ്ട് 1998ലാണ് സിപിഐഎം ആരംഭിച്ചത്. ഒരു കോടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഉൾപ്പെടെ അഞ്ചുകോടി പത്തുലക്ഷം രൂപയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല.
അക്കൗണ്ടിൽനിന്ന് ഒരുകോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം എം വർഗീസിനെ ഏപ്രിൽ രണ്ടിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. പിൻവലിച്ച തുക ചെലവഴിക്കരുതെന്ന് ഐടി ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് എം എം വർഗീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രാത്രി ഒൻപതര വരെ നീണ്ടിരുന്നു. നേരത്തെ ഇ ഡിയും ചോദ്യം ചെയ്തിരുന്നു. പിൻവലിച്ചതും അക്കൗണ്ടിലുള്ളതുമായ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ വർഗീസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം.
Story Highlights : Income Tax department freezes CPI(M)’s account, Move to court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here