Advertisement

അവിശ്വസിക്കാം, സംവിധാനത്തെയാകെ താഴ്ത്തിക്കെട്ടരുത്: ഇവിഎം കേസിൽ സുപ്രീം കോടതി

April 16, 2024
Google News 3 minutes Read
We Can't Control Polls, Supreme Court In VVPAT Case

വോട്ടിങ് മെഷീൻ്റെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള വാദങ്ങൾ ഖണ്ഡിച്ച് സുപ്രീം കോടതി. ഇന്ന് സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദിപാങ്കർ ദത്തയും അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ഭൂരിഭാഗം വോട്ടർമാരും വോട്ടിങ് മെഷീനെ വിശ്വസിക്കുന്നില്ലെന്ന വാദത്തിന്, വ്യക്തികളുടെ അഭിപ്രായമല്ല വോട്ടിങ് മെഷീൻ്റെ വിശ്വാസ്യത തീരുമാനിക്കുന്നതെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. 100 ശതമാനം വിവിപാറ്റ് എന്ന ആവശ്യം ഉയർത്തിയുള്ളതായിരുന്നു ഹർജി.

സീനിയർ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹർജി ഉന്നയിച്ചത്. സെൻ്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസ് എന്ന സ്ഥാപനത്തിൻ്റേതാണ് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച റിപ്പോർട്ട് എന്ന അദ്ദേഹം വാദിച്ചെങ്കിലും, ഇത്തരം സ്വകാര്യ സർവേകളെയൊന്നും വിശ്വസിക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി ബെഞ്ച് പറഞ്ഞത്. സ്വകാര്യ സർവേകളിൽ ആർക്കും എന്ത് വേണമെങ്കിലും പറയാമെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

Read Also: ചെകുത്താനും കടലിനും ഇടയിൽ ഇന്ത്യ

ഇവിഎം അല്ലെങ്കിൽ മറ്റെന്താണ് പോംവഴിയെന്ന് സുപ്രീം കോടതി ചോദിച്ചപ്പോൾ ബാലറ്റ് പേപ്പർ എന്ന് പ്രശാന്ത് ഭൂഷൺ മറുപടി നൽകി. അത് മുൻപും ഉപയോഗിച്ചിട്ടുണ്ടല്ലോയെന്നും യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോഴും ബാലറ്റ് പേപ്പറാണെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. എത്രയാണ് ജർമ്മനിയിലെ ജനസംഖ്യയെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുചോദ്യം. ആറ് കോടിയെന്ന് പ്രശാന്ത് ഭൂഷൺ മറുപടിയും നൽകി.

പിന്നീട് മറ്റൊരു കക്ഷിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനോട് സുപ്രീം കോടതി ഒന്നുകൂടി ഇക്കാര്യം വിശദീകരിച്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തിപ്പ് വലിയ നടപടിക്രമമാണ്. യൂറോപ്യൻ രാജ്യങ്ങൾക്ക് ഒന്നിനും ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്താനാവില്ല. പശ്ചിമ ബംഗാളിൽ മാത്രം ജർമ്മനിയിലേക്കാൾ വോട്ടർമാരുണ്ട്. നമ്മൾക്ക് ആരോടെങ്കിലുമൊക്കെ വിശ്വാസ പ്രശ്നമുണ്ടാവാം. പക്ഷെ സംവിധാനത്തെയാകെ ഇങ്ങനെ താഴ്ത്തിക്കെട്ടരുത് എന്നും ജസ്റ്റിസ് സഞ്ജീവ് ദത്ത വ്യക്തമാക്കി.

പിന്നീട് ജസ്റ്റിസ് ഖന്ന ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയ കാലത്ത് എന്താണ് സംഭവിച്ചതെന്ന് ഓർമ്മിപ്പിച്ചു. എന്താണ് അക്കാലത്ത് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതല്ലേ? നിങ്ങളൊക്കെ മറന്നുകാണും, ക്ഷമിക്കണം, താനത് മറന്നിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ബൂത്ത് പിടിത്തത്തെയാണോ ജസ്റ്റിസ് പരാമർശിച്ചതെന്ന് പ്രശാന്ത് ഭൂഷൺ സംശയിച്ചു. അത് മാത്രമല്ലെന്ന് പറഞ്ഞ ജസ്റ്റിസ് ഖന്ന പക്ഷ വാദപ്രതിവാദത്തിലേക്ക് പോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി പിന്മാറുകയായിരുന്നു.

ഇവിഎം നിർമ്മിക്കുന്നത് പൊതുമേഖലാ സ്ഥാപനമാണെന്നും, ഇവിടെ ഇതിനായി നിയോഗിക്കപ്പെട്ട സാങ്കേതിക വിഭാഗം ജീവനക്കാരനെ വിശ്വസിക്കാനാവില്ലെന്നും ഹർജിയിൽ കക്ഷി ചേർന്ന മറ്റൊരാൾ വാദിച്ചു. സ്വകാര്യ മേഖലയിലുള്ളവർ ചെയ്താൽ മതിയോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. സ്വകാര്യ മേഖലയിലാണ് ഇവിഎം നിർമ്മിക്കുന്നതെങ്കിൽ അത് പാടില്ലെന്ന് ആവശ്യപ്പെട്ട് നിങ്ങൾ ഇങ്ങോട്ട് വരുമായിരുന്നില്ലേയെന്നും ജസ്റ്റിസ് ചോദിച്ചു.

Read Also: ഛത്തീസ്ഗഢില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപ വിലയിട്ട ശങ്കര്‍ റാവുവും

ഇവിഎം മെഷീനുകൾ കൃത്യമായി പ്രവർത്തിക്കുന്ന കാലത്തോളം ആ വിവരത്തെ വിശ്വസിക്കണം. ആകെ പോൾ ചെയ്ത വോട്ട്, അതിനെടുത്ത നിശ്ചിത സമയം, അല്ലെങ്കിൽ വർഷങ്ങൾ ഇവ തമ്മിലെ കണക്കുകൾ പൊരുത്തപ്പെടുന്നുണ്ടോയെന്ന് പിന്നീട് എപ്പോഴെങ്കിലും പരിശോധിച്ചാൽ മതിയല്ലോ. അപ്പോൾ എത്ര കണക്കുകളിൽ തെറ്റുകളുണ്ടെന്നും എത്ര കേസുകളിൽ സ്ഥാനാർത്ഥികൾ ആവശ്യപ്പെട്ടത് പോലെ പേപ്പർ സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തിയെന്നും നോക്കിയാൽ, ഇവിഎമ്മുകളിൽ അട്ടിമറി നടക്കുമോയെന്ന് മനസിലാക്കാവുന്നതല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്തരം വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ വാദം ഏപ്രിൽ 18 ന് തുടരും.

Story Highlights : Supreme Court on Tuesday told petitioners that private surveys cannot be the basis for distrusting EVMs.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here