ഞാന്‍ രാവും പകലും ബിജെപിയെ വിമര്‍ശിക്കുന്നു, പിണറായി വിജയന്‍ രാവും പകലും എന്നെ വിമര്‍ശിക്കുന്നു: രാഹുല്‍ ഗാന്ധി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. താന്‍ ബിജെപിയെ നിരന്തരമായി എതിര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിമര്‍ശിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. എതിര്‍ക്കുന്നവരെ ബിജെപി വേട്ടയാടും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ ഒരു അന്വേഷണവും നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ പറഞ്ഞു. (Rahul Gandhi criticizes CM Pinarayi vijayan at Palakkad)
24 മണിക്കൂറും ബിജെപിയെ എതിര്‍ക്കുന്ന തന്നെ വിമര്‍ശിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. എന്നാല്‍ പിണറായി വിജയനെതിരെ കേന്ദ്ര ഏജന്‍സികള്‍ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. തങ്ങളെ ആശയപരമായി എതിര്‍ക്കുന്നവരെ പിന്നാലെ നടന്ന് വേട്ടയാടുന്ന സ്വഭാവമാണ് ബിജെപിയ്ക്കുള്ളത്. അത് കേരള മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രം കാണുന്നില്ലെന്നും ഇത് മലയാളികള്‍ ചിന്തിക്കേണ്ട വിഷയമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപിയെ എതിര്‍ത്തതുകൊണ്ട് താന്‍ നേരിട്ട കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. എന്റെ ഔദോഗിക വസിതി അവര്‍ കൊണ്ടുപോയപ്പോഴും ഞാന്‍ പറഞ്ഞത് കേരളത്തിലും ഉത്തര്‍പ്രദേശിലും ഇന്ത്യയിലെല്ലായിടത്തും എനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നാണ്. എന്താണ് കേരള മുഖ്യമന്ത്രിയുടെ വസിതി ആരും കൊണ്ടുപോകാത്തത്? എന്തുകൊണ്ടാണ് ഇ ഡിയോ സിബിഐയോ ഒന്നും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്? രാവും പകലും ഞാന്‍ ബിജെപിയെ ആക്രമിക്കുമ്പോള്‍ രാവും പകലും കേരള മുഖ്യമന്ത്രി വിമര്‍ശിക്കുന്നത് എന്നെയാണ്. ഇതെങ്ങനെ സംഭവിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.
Story Highlights : Rahul Gandhi criticizes CM Pinarayi vijayan at Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here