കാസര്‍ഗോഡ് മോക്ക് പോളിങ് ക്രമക്കേട്; വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍

മോക്ക് പോളിംഗുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് വീഴ്ചയുണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. വീഴ്ചയുണ്ടായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍ പറഞ്ഞു. വീഴ്ചയുണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചതായും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു. കാസര്‍ഗോട്ടെ മോക്ക് പോളില്‍ ബിജെപിയ്ക്ക് അധിക വോട്ടുപോയെന്ന പരാതി അന്വേഷിക്കാനാണ് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചത്. (Reports of EVMs showing one extra vote during mock poll in Kasaragod in Kerala false says EC)
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണ്‍ കാസര്‍ഗോട്ടെ വിഷയം കോടതിയില്‍ ഉന്നയിച്ചത്. ഇതില്‍ മറുപടി നല്‍കുകയായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാല് മെഷിനുകള്‍ വെച്ചുള്ള മോക്ക് പോളാണ് കാസര്‍ഗോഡ് നടന്നത്. അതില്‍ ഒരു മെഷിനില്‍ ബിജെപിയ്ക്ക് അധിക വോട്ടുപോകുന്നുവെന്നായിരുന്നു ആക്ഷേപം.
മാധ്യമങ്ങളില്‍ വന്ന ഇത്തരം ക്രമക്കേടിന്റെ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിര്‍ന്ന ഡെപ്യൂട്ടി കമ്മിഷണര്‍ നിതേഷ് കുമാര്‍ വ്യാസ് സുപ്രിംകോടതിയില്‍ പറഞ്ഞു. ജസ്റ്റിസ് സഞ്ജിവ് ഖന്നയും ദിപാന്‍കര്‍ ദത്തയും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Story Highlights : Reports of EVMs showing one extra vote during mock poll in Kasaragod in Kerala false says EC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here