Advertisement

മകളുടെ ജീവിതത്തിൽ വില്ലനായ ബിപി‍ഡിയെക്കുറിച്ച് പിതാവിന്റെ വാക്കുകൾ

April 21, 2024
Google News 2 minutes Read
Borderline personality disorder

പലപ്പോഴും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അവര്‍ കടന്നുപോയ അവസ്ഥകളെ കുറിച്ച് നാം തിരിച്ചറിയുന്നത്. ഒരാളുടെ മാനസികാവസ്ഥകള്‍ എപ്പോള്‍ വില്ലനായി മാറുന്നുവോ അത് തിരിച്ചറിയുകയും അവരെ ചേര്‍ത്തുനിര്‍ത്തുകയുമാണ് നമ്മുടെ കടമ. ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ബാധിച്ച ഏക മകളുടെ വിയോഗത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവയ്ക്കുകയാണ് എഴുത്തുകാരന്‍ പ്രസാദ് പി കൈതയ്ക്കല്‍.

‘അമ്മുവില്ലാത്ത ഏഴുദിവസങ്ങളെ ഞങ്ങള്‍ അതിജീവിച്ചു. ഞങ്ങള്‍ എന്നാല്‍ ഞാനും കുടുംബവും മാത്രമല്ല. ഞങ്ങളുടെ കൈതക്കല്‍ക്കാരും കന്നൂരുകാരും കുടുംബശ്രീക്കാരും പരിഷത്തുകാരും പലപല ദേശങ്ങളിലുള്ള ഞങ്ങളുടെ പ്രിയപ്പെട്ടവരായ എല്ലാവരുമാണ്. അവളെ പ്രൈമറി ക്ലാസുകളില്‍ മുതല്‍ ഡിഗ്രി വരെ പഠിപ്പിച്ച ടീച്ചര്‍മാരെല്ലാവരും അവളുടെ അവസാന യാത്രയില്‍ കാണുവാനായി വന്നുചേര്‍ന്നു. എല്ലാവരുമായുള്ള ബന്ധം ഒരു സുഹൃത്തോടെന്നപോലെ അവള്‍ നിലനിര്‍ത്തി പോന്നിരുന്നു. അമ്മുവിനെ ഒരിക്കലെങ്കിലും കാണുകയോ പരിചയപ്പെടുകയോ ചെയ്തവരെല്ലാം അവളുടെ പ്രിയപ്പെട്ടവരും കൂട്ടുകാരുമായി മാറുമായിരുന്നു.

വാര്‍ത്ത കേട്ട എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. പ്രസാദിന്റെയും മഞ്ജുളയുടെയും മകള്‍ ഇങ്ങനെ ചെയ്തോ? ഇത്രയും പ്രസരിപ്പുള്ള, അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തുറന്നു പ്രകടിപ്പിക്കുന്ന, ആരുമായും എളുപ്പം ചങ്ങാത്തത്തിലാകുന്ന അമ്മു ഇങ്ങനെ ചെയ്‌തോ ?എന്തായിരിക്കും കാരണം ? അമ്മുവിന് നന്നേ ചെറുപ്പം മുതലേ ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നൊരു പ്രയാസമുണ്ടായിരുന്നു. ഏഴാം ക്ലാസ് മുതല്‍ ചികിത്സയും തുടങ്ങിയിരുന്നു. ഇതുവരെയും മുടങ്ങിയിരുന്നില്ല. കഴിഞ്ഞ 10 ദിവസമായി ഡോക്ടറോട് പ്രതിഷേധിച്ച് അവള്‍ മരുന്നു കഴിക്കുന്നത് നിര്‍ത്തിയിരുന്നു.
അവളെ പഠിപ്പിച്ച അധ്യാപകരോടും അവളുടെ ബോയ്ഫ്രണ്ടുകളോടും ഞാന്‍ ഈ വിവരം നേരത്തെ തന്നെ സൂചിപ്പിക്കുമായിരുന്നു. അവളുമായി ഇതുവരെയും പ്രണയമുണ്ടായവരെല്ലാം എന്റെയും മഞ്ജുളയുടെയും അടുത്ത സുഹൃത്തുക്കളായിരുന്നു. അവരെ തേടിപ്പിടിച്ച് ഞങ്ങളുടെ സുഹൃത്തുക്കളാക്കുകയും അവരുടെ വീട്ടുകാരുമായും ഞങ്ങള്‍ ബന്ധമുണ്ടാക്കുകയും അത് നിലനിര്‍ത്തുകയും ചെയ്തിരുന്നു. നാട്ടുകാരോ എന്റെ സുഹൃത്തുക്കളോ അവള്‍ക്ക് ഇങ്ങനെയൊരു മാനസികാവസ്ഥ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്ന് മാത്രം.

Read Also: നടി സുഹാനിയുടെ ജീവനെടുത്ത അപൂർവ രോഗം; എന്താണ് ഡെർമാറ്റോമയോസൈറ്റിസ് ?

ഒന്നോ രണ്ടോ സുഹൃത്തുക്കളെ എപ്പോഴും ബന്ധം നിലനിര്‍ത്തി കൂടെ കൊണ്ട് നടക്കുമെങ്കിലും മറ്റെല്ലാ സുഹൃത്തുക്കളോടും എപ്പോള്‍ വേണമെങ്കിലും സൗഹൃദം നിഷേധിക്കും വിധമാണ് അവള്‍ പെരുമാറുക. ചിലപ്പോള്‍ എല്ലാ സുഹൃത്തുക്കളോടും അങ്ങനെ തന്നെയാവും! വ്യക്തിബന്ധങ്ങളില്‍ എപ്പോഴും കാര്യമായ അസ്ഥിരത പ്രധാന രോഗലക്ഷണമാണ്. വികലമായ സ്വയം ബോധമാണ് ശരി എന്ന സമര്‍ത്ഥിക്കാനുള്ള പരിശ്രമവും അതിനുവേണ്ടിയുള്ള വാഗ്വാദങ്ങളും തര്‍ക്കങ്ങളും..

വളരെ ചെറിയ കാര്യത്തിന് പോലും പ്രകോപിപ്പിക്കപ്പെട്ടാല്‍ ഉണ്ടാവുന്ന തീവ്രമായ വൈകാരിക പ്രതികരണങ്ങള്‍ ഏത് തരത്തിലാവും എന്ന് പ്രവചിക്കാന്‍ സാധ്യമല്ല. പലപ്പോഴും സ്വയം-ദ്രോഹകരമായ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുകയും അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. പ്രാഥമികമായി വൈകാരികാവസ്ഥകളെ ആരോഗ്യകരവും സുസ്ഥിരവുമായ അടിത്തറയിലേക്ക് നിയന്ത്രിക്കുന്നതിനുള്ള വെല്ലുവിളികള്‍ കാരണം മാനസികാവസ്ഥകള്‍ എപ്പോഴും ഏതു സമയത്തും വ്യതിചലിച്ചുകൊണ്ടിരിക്കും. വ്യാപകമായ ശൂന്യതാബോധം , ഉപേക്ഷിക്കപ്പെടുമോ എന്ന തീവ്രമായ ഭയം തുടങ്ങിയ ലക്ഷണങ്ങള്‍ ഈ രോഗം ബാധിച്ചവരില്‍ പ്രബലമാണ്. രോഗം ബാധിക്കുന്നവരില്‍ എട്ടു മുതല്‍ 10 ശതമാനം വരെ ആത്മഹത്യയില്‍ അഭയം തേടുന്നു എന്നാണ് കണക്കാക്കുന്നത്.

ഈയടുത്ത കാലത്ത് ഇത്തരം ആത്മഹത്യാ വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം വായിച്ച് കൊണ്ടിരിക്കുകയാണ്. മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടുന്ന കുട്ടികളില്‍ ഭൂരിഭാഗവും ആജഉ ഉള്ളവരാണെന്നാണ് ചില പഠനങ്ങളില്‍ പറയുന്നത്.ശാരീരികാരോഗ്യ കേന്ദ്രങ്ങളും അവയെ ബന്ധപ്പെടുത്തുന്ന ആശാവര്‍ക്കര്‍മാര്‍ മുതലുള്ള കണ്ണികളും കേരള സമൂഹത്തില്‍ ഏറെക്കുറെ ശക്തമാണ്. എന്നാല്‍ അത്രയും പ്രാധാന്യം മാനസികാരോഗ്യത്തിന് ഇതുവരെയും നമ്മള്‍ നല്‍കിയിട്ടില്ല. പ്രൈമറി ക്ലാസ്സ് മുതലുള്ള കുട്ടികളെ നിരീക്ഷിച്ച്, ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തുന്നതിനും അക്കാര്യം രക്ഷിതാക്കളെ മനസ്സിലാക്കിച്ച്, ഇംഹാന്‍സ് പോലുള്ള ആശുപത്രികളുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള ഒരു സംവിധാനം ഉണ്ടാകണം എന്ന് തോന്നുന്നു. ഹൈസ്‌കൂള്‍ മുതല്‍ ഇത്തരം ചികിത്സകളില്‍ അക്കാദമിക് പരിജ്ഞാനവും അനുഭവ സമ്പത്തുമുള്ളവരെ ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിയമിക്കാന്‍ കഴിയുമോ എന്നും ആലോചിക്കണം. അമ്മുവിനെ സ്‌നേഹിച്ച എല്ലാവരോടും ഈ ഘട്ടത്തില്‍ ഞങ്ങളെ സാന്ത്വനിപ്പിച്ച മുഴുവന്‍ പേരോടും ഉപചാരത്തിനു വേണ്ടി മാത്രം നന്ദി പറയുന്നു’.

Read Also: മൂന്നിലൊരാൾ പ്രീ-ഡയബെറ്റിക്; പത്തിലൊരാൾ വിഷാദരോഗി; ഇന്ത്യക്കാരുടെ ആരോഗ്യം ഗുരുതര നിലയിൽ

എന്താണ് ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍?

അസ്ഥിരമായ വ്യക്തിബന്ധങ്ങള്‍, തെറ്റായ സ്വത്വബോധം, കടുത്ത വൈകാരികപ്രതികരണങ്ങള്‍ തുടങ്ങിയ സ്വഭാവവിശേഷതകളുളള ഒരു മാനസികപ്രശ്‌നമാണ് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍. ഈ രോഗമുളളവര്‍ തങ്ങളുടെ വൈകാരികനിലയെ സാധാരണ ആരോഗ്യകരമായ അവസ്ഥയിലേയ്ക്ക് തിരികെക്കൊണ്ടുവരാന്‍ വലിയ പ്രയാസം നേരിടാറുണ്ട്. ഇക്കാരണത്താല്‍ കൊണ്ടുതന്നെ
പലപ്പോഴും സ്വയം ഉപദ്രവിക്കുന്നതിനും മറ്റ് അപകടകരമായ പെരുമാറ്റങ്ങള്‍ക്കും ഇത് വഴിവയ്ക്കും. ശൂന്യത, പ്രിയപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള അകല്‍ച്ച തുടങ്ങിയ ചിന്തകള്‍ ഇവരെ സാരമായി ബാധിക്കും. ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ലക്ഷണങ്ങള്‍ മിക്കവാറും മറ്റുളളവര്‍ക്ക് സാധാരണസംഭവങ്ങളായി തോന്നിപ്പിച്ചേക്കാം. ചെറുപ്പം മുതലേയുണ്ടാകുന്ന ലക്ഷണങ്ങള്‍ വളരുന്തോറും അവരെ ബാധിക്കുകയും ചെയ്യും. ബിപിഡി ഉള്ള ഏകദേശം 70% ആളുകളും അവരുടെ ജീവിതത്തില്‍ കുറഞ്ഞത് ഒരു ആത്മഹത്യാശ്രമമെങ്കിലും നടത്തിയിരിക്കും. 10% ത്തോളം ആളുകള്‍ ആത്മഹത്യ ചെയ്യുന്നു..

Story Highlights :Father’s words about his daughter’s BPD

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here