Advertisement

തെലങ്കാനയിൽ 14 സീറ്റ് ജയിക്കുമെന്ന് കോൺഗ്രസ്, വെള്ളം വലിയ പ്രതിസന്ധി; വീഴ്ത്താൻ ബിആർഎസും

April 21, 2024
Google News 3 minutes Read
Telangana water Crisis Congress

നിയമസഭാ തെരഞ്ഞെടുപ്പിലേതിന് സമാനമായി തെലങ്കാനയിൽ ലോക്സഭാ തെരഞ്ഞെടുപ്പിലും 17 ൽ 14 സീറ്റിൽ വിജയം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന കോൺഗ്രസിന് ജല പ്രതിസന്ധി വെല്ലുവിളിയാകുന്നു. സംസ്ഥാനത്തെ അണക്കെട്ടുകളും കുളങ്ങളും ടാങ്കുകളും വേഗത്തിൽ വറ്റിവരളുന്നതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ഹൈജരാബാദ് മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ സെവറേജ് ബോർഡിന് ഹൈദരാബാദ് നഗരത്തിൽ വിതരണം ചെയ്യാനുള്ള വെള്ളം പോലും കണ്ടെത്താനാവുന്നില്ല. ( Water crisis is challenge for Congress in Telangana Lok Sabha Election 2024 )

ഹൈദരാബാദിൽ തന്നെ ഏറ്റവും വലിയ ഒസ്മൻ സാഗർ, ഹിമയത് സാഗർ അണക്കെട്ടുകളാണ് പതിവായി കുടിവെള്ള വിതരണത്തിന്റെ സ്രോതസ്സെങ്കിലും ഇപ്പോഴിവയിൽ ആവശ്യത്തിന് വെള്ളമില്ല. ഒസ്മൻ സാഗർ അണക്കെട്ടിൽ 3900 ദശലക്ഷം ഘന അടി (ടിഎംസി) വെള്ളം സംഭരിക്കാമെങ്കിലും വെള്ളിയാഴ്ച 2500 ടിഎംസി വെള്ളം മാത്രമാണ് അണക്കെട്ടിൽ ഉണ്ടായിരുന്നത്. 2900 ടിഎംസി ശേഷിയുള്ള ഹിമയത്ത് സാഗറിലും 2000 ടിഎംസി വെള്ളമാണ് ഉണ്ടായിരുന്നത്.

Read Also: ഇന്‍സുലിന്‍ നിഷേധിച്ച് കെജ്രിവാളിനെ തിഹാര്‍ ജയിലിനുള്ളില്‍ മരണത്തിലേക്ക് തള്ളിവിടുന്നു; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

കൃഷ്ണ നദിക്കരയിലെ നാഗാർജ്ജുന സാഗർ, ശ്രീശൈലം അണക്കെട്ടുകളിലെ സമാനമായ സ്ഥിതിയെ ചൊല്ലി ഭരണകക്ഷിയായ കോൺഗ്രസിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ കക്ഷി ബിആർഎസ്. 312.4 ടിഎംസി ശേഷിയുള്ള നാഗാർജ്ജുന സാഗറിൽ 128.6 ടിഎംസി വെള്ളവും ശ്രീശൈലത്ത് 215.8 ടിഎംസി ശേഷിയുള്ള സ്ഥലത്ത് 33.7 ടിഎംസി വെള്ളവുമാണ് അവശേഷിക്കുന്നത്. ഇനിയുള്ള ആഴ്ചകളിലും ചൂട് കൂടാനാണ് സാധ്യതയെന്നിരിക്കെ, സ്ഥിതി കൂടുതൽ മോശമാകുമെന്നിരിക്കെ തെലങ്കാനയിൽ 14 സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് ഇക്കുറി സാധിക്കുമെന്നാണ് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക പറഞ്ഞത്.

എന്നാൽ വരൾച്ച എത്ര രൂക്ഷമായാലും കർഷകർക്ക് എല്ലാ സഹായവും നൽകി സർക്കാർ ഒപ്പം നിൽക്കുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പിൽ 117 ൽ 39 സീറ്റ് മാത്രം നേടി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബിആർഎസ്, മറുവശത്ത് ഈ വിഷയം ശക്തമായി ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും വേനൽക്കാലത്ത് ലഭിക്കുന്ന മഴയിൽ കുറവുണ്ടായിട്ടില്ലെന്നുമാണ് ബിആർഎസ് വാദം. എന്നാൽ ദേശീയ നേതാക്കളെ – രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി- അണിനിരത്തിയും കർണാടകത്തിലെ കോൺഗ്രസ് നേതാക്കളെ കൂടി പ്രചാരണത്തിനെത്തിച്ചും സംസ്ഥാനത്ത് വലിയ മുന്നേറ്റം ലക്ഷ്യമിടുന്നുണ്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.

ദേശീയ രാഷ്ട്രീയത്തിലെ കുലപതിയാണെങ്കിലും കോൺഗ്രസിനൊപ്പം യുപിഎ കാലത്ത് പോലും നിൽക്കാതിരുന്ന സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ 17 സീറ്റുകളിൽ 12 ഓളം സീറ്റുകളിൽ 2004 ന് ശേഷം കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. 1998 ന് ശേഷം മേദക് ലോക് സഭാ സീറ്റിലും പാർട്ടിക്ക് മുന്നേറാൻ കഴിഞ്ഞില്ല. മെയ് 13 ന് സംസ്ഥാനത്തെ മുഴുവൻ ലോക്സഭാ മണ്ഡലങ്ങളും വിധിയെഴുതാൻ നീങ്ങുമ്പോൾ, ആ ട്രെന്റ് കോൺഗ്രസിനെ തുണക്കുമോ തഴയുമോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

Story Highlights : Water crisis is challenge for Congress in Telangana Lok Sabha Election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here