സ്ഥാനാര്‍ത്ഥികള്‍ ആകാശത്ത് എയറില്‍, അണികള്‍ ഭൂമിയില്‍ ആഹ്ലാദനൃത്തത്തില്‍; ആവേശം നിറച്ച് കൊട്ടിക്കലാശം

സംസ്ഥാനത്ത് ഒന്നരമാസത്തിലേറെ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഓരോ മണ്ഡലത്തിലും ശക്തമായ പോരാട്ടം എന്ന് വ്യക്തമാക്കുന്നതായിരുന്നു മുന്നണികളുടെ ശക്തിപ്രകടനം. ഇനി നിശബ്ദ പ്രചാരണമാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ ക്രെയിനിലെത്തി അണികളെ അഭിവാദ്യം ചെയ്യുന്ന കാഴ്ച വളരെ ആവേശമുണര്‍ത്തുന്നതായിരുന്നു. (last minute election campaign celebration Kerala)
കത്തിക്കാളിയ വേനല്‍ ചൂടിലും ഊര്‍ജം ചോരാതിരുന്ന പ്രചാരണത്തിന് ആവേശക്കൊടുമുടിയിലായിരുന്നു പരിസമാപ്തി. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം നടന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സംഗമിച്ചതോടെ അന്തരീക്ഷം മാറി. പാട്ടും മുദ്രാവാക്യങ്ങളും താളമേളങ്ങളും മുഴങ്ങി. വര്‍ണക്കടലാസുകളും വര്‍ണബലൂണുകളും കാറ്റില്‍ പാറി. വാനില്‍ കൊടികളുയര്‍ന്നു.
കരുത്ത് കാട്ടാന്‍ മുന്നണികള്‍ മത്സരിച്ചു. മൈക്ക് അനൗണ്‍സ്മെന്റും കുടുബ പൊതുയോഗങ്ങളും റോഡ്ഷോകളുമായി ദിവസങ്ങള്‍ പിന്നിട്ട പ്രചാരണത്തിന് ഒടുവില്‍ ആവേശ്വോജ്വലമായ കൊടിയിറക്കം. ദേശീയ, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചയായ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ ഇരുപത് സീറ്റും അവകാശപ്പെടുകയാണ് യുഡിഎഫും എല്‍ഡിഎഫും. അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയില്‍ ബി.ജെ.പിയും. നിശബ്ദ പ്രചരണത്തിലേക്ക് കടക്കുമ്പോള്‍ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികള്‍.
Story Highlights : last minute election campaign celebration Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here