വയനാട്ടിൽ 1500ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി; വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ ബിജെപി തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വയനാട്ടില്‍ കിറ്റ് വിവാദം. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്നാരോപിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. ഇത്തരത്തില്‍ തയാറാക്കി വച്ച ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ കണ്ടെത്തിയത്. പഞ്ചസാര, ബിസ്ക്കറ്റ്, റസ്ക്, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ് പൊടി, കുളിസോപ്പ് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി മേഖലകളില്‍ വോട്ടിനായി വിതരണം ചെയ്യാനാണ് കിറ്റുകള്‍ തായറാക്കിയതെന്നാണ് എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തുന്ന പരാതി. ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നും ആരോപണമുണ്ട്. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും പരാതിയെ തുടര്‍ന്ന് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
ബത്തേരിയില്‍ നിന്ന് 470 ഒളം കിറ്റുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി കിറ്റുകളിൽ പകുതി വാഹനത്തിലും പകുതി കടയുടെ മുന്നിൽ നിന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ കടയുടമയുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയാറായിട്ടില്ല.
Story Highlights: wayanad food kit bjp ldf udf accusing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here