Advertisement

‘ബിജെപി നേതാവിനെ കണ്ട കാര്യം ഇ.പി നേരത്തെ പറഞ്ഞു, തെരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല’; എം.വി ഗോവിന്ദൻ

April 29, 2024
Google News 2 minutes Read

ഇ.പി ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ഇ.പി ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

ബി.ജെ.പി. നേതാവിനെ ഒരു വർഷം മുമ്പ് നേരിൽ കണ്ടതുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതുൾപ്പെടെ ഉപയോഗപ്പെടുത്തിയിട്ടാണ് വലിയ പ്രചാരവേല നടത്തുന്നത്. രാഷ്ട്രീയ എതിരാളികളെ പല സന്ദർഭങ്ങളിലായി നേരിൽ കാണുന്നുണ്ട്, സംസാരിക്കുന്നുണ്ട്. അങ്ങനെ കാണുകയോ സംസാരിക്കുയോ ചെയ്യുമ്പോൾ അവസാനിച്ചുപോകുന്ന ഒരു പ്രത്യയശാസ്ത്ര കരുത്ത് മാത്രമേ തൊഴിലാളിവർഗ പ്രസ്താനത്തിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഉള്ളൂ എന്ന പൈങ്കിളി ശാസ്ത്രം വെച്ചുകൊണ്ടാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ജയരാജൻ നടത്തിയ പ്രതികരണം പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ദോഷംചെയ്യില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ചോദ്യം ചോദിച്ചു കൊണ്ടിരിക്കെ ഉള്ളകാര്യം വസ്തുതാപരമായി ഇ.പി. ജയരാജൻ പറയുകയായിരുന്നു. സത്യസന്ധമായി ജയരാജൻ കാര്യങ്ങൾ പറഞ്ഞു. ഇത് പാർട്ടിക്ക് ഒരു ദോഷവും ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദല്ലാൾ നന്ദകുമാറിനെ പോലുള്ളവരുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുകതന്നെ വേണമെന്നാണ് സെക്രട്ടേറിയറ്റിന്‍റെ നിലപാട്. നന്ദകുമാറുമായുള്ള ബന്ധം ഉൾപ്പെടെ നേരത്തെ തന്നെ അവസാനിപ്പിച്ചിട്ടുണ്ടെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

ജാവഡേക്കറെ ഇ.പി. കണ്ടത് തെറ്റായി എന്ന് പറയാനാവില്ല. വ്യക്തിപരമായി ഒരാളെ കണ്ടാൽ അതൊക്കെ തെറ്റായിപ്പോയെന്ന് പറയുന്നത് എന്ത് ഭ്രാന്താണ്. സാമൂഹിക ജീവിതത്തിലെ സാംസ്കാരിക മൂല്യമുള്ള ഒരു രാഷ്ട്രീയമാണ് നമ്മളെല്ലാവരും കൈകാര്യം ചെയ്യുന്നത്. ആരെങ്കിലും ഒരാളെ കണ്ട ഉടനെ ആ രാഷ്ട്രീയം അവസാനിച്ചുപോകും എന്നത് എന്ത് തെറ്റായ വിശകലനമാണ്. പ്രധാനമന്ത്രിയെവരെ കണ്ടാൽ എന്താണ് പ്രശ്നം. അവരോട് മിണ്ടാൻ പാടില്ല കാണാൻ പാടില്ല എന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

വടകരയിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകണമെന്ന പരസ്യ ധാരണയുണ്ടായെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു . ഷാഫി പറമ്പിൽ വിജയിച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന വാഗ്ദാനം സ്ഥാനാർത്ഥികളിൽ നിന്നു തന്നെ ഉണ്ടായി. ജനങ്ങൾ ഇതു തള്ളിക്കളയും. വടകര പോലെ തൃശൂരിലും എൽഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : M V Govindan reacts E P Jayarajan- Javadekar meet up controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here