സന്ദേശ്ഖാലി ബിജെപിയെ തിരിഞ്ഞുകൊത്തുന്നോ?;തൃണമൂല്‍ നേതാവിനെതിരായ പരാതി ബിജെപി ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതെന്ന് പരാതിക്കാരി

സന്ദേശ്ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെതിരായ ബലാത്സംഗ പരാതി പരാതിക്കാരില്‍ ഒരാള്‍ പിന്‍വലിച്ചു. ബിജെപി പ്രാദേശിക മഹിളാ മോര്‍ച്ചാ നേതാവ് നിര്‍ബന്ധിച്ച് വെള്ളപേപ്പറില്‍ ഒപ്പിടുവിച്ച ശേഷം പരാതി എഴുതിച്ചേര്‍ത്തുവെന്ന് ആരോപണമുയര്‍ത്തിയാണ് പരാതിക്കാരില്‍ ഒരാള്‍ പരാതി പിന്‍വലിച്ചിരിക്കുന്നത്. വ്യാജ ലൈംഗികാരോപണങ്ങള്‍ ഉന്നയിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തിയെന്ന് പ്രാദേശിക നേതാവ് പറയുന്ന സ്റ്റിങ് ഓപ്പറേഷന്‍ വിഡിയോ തൃണമൂല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ബിജെപിയെ വെട്ടിലാക്കി കേസില്‍ മറ്റൊരു വഴിത്തിരിവുകൂടിയുണ്ടാകുന്നത്. (Sandeshkhali woman revokes rape complaints against TMC men)
പരാതി നല്‍കിയ മൂന്ന് സ്ത്രീകളില്‍ ഒരാളാണ് പരാതി പിന്‍വലിച്ചിരിക്കുന്നത്. ബിജെപി പ്രാദേശിക വനിതാ നേതാവിനെതിരെയും യുവതി പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം. സന്ദേശ്ഖാലി വിഷയത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കയാല്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് തൃണമൂല്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഗംഗാധറില്‍ നിന്ന് ഈ വിവരങ്ങള്‍ അറിഞ്ഞതെന്നും വ്യാജ ലൈംഗിക പീഡന പരാതികള്‍ സുവേന്ദു അധികാരിയുടെ നിര്‍ദേശ പ്രകാരമാണ് ഫയല്‍ ചെയ്തതെന്ന് ഗംഗാധര്‍ ഈ വിഡിയോയില്‍ വ്യക്തമായി പറയുന്നുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. എന്നാല്‍ സ്റ്റിങ് ഓപ്പറേഷന്‍ വിഡിയോ വ്യാജമാണെന്നാണ് ബിജെപി പറയുന്നത്.
Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി
ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികള്‍ ഇവര്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയര്‍ന്നുവന്നിരുന്നു.
Story Highlights : Sandeshkhali woman revokes rape complaints against TMC men
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here