പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പിണറായി സർക്കാർ വിദ്യാർത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നു എന്ന് കെ സുധാകരൻ

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സർക്കാരിന്റെ അശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ് എന്ന് സുധാകരൻ വാർത്താകുറിപ്പിലൂടെ പറഞ്ഞു. (plus one seat sudhakaran)
സീറ്റ് വർദ്ധനയുടെ ഫലമായി ക്ലാസ് മുറികളിൽ 65ലധികം വിദ്യാർത്ഥികൾ തിങ്ങിനിറഞ്ഞിരുന്ന് പഠിക്കേണ്ട ഗതികേടാണ്. ഇത് കുട്ടികളുടെ പഠന ക്ഷമതയെ ബാധിക്കും. 2010ന് ശേഷം ഏറ്റവും മോശം റിസൾട്ടാണ് ഇത്തവണത്തെ പ്ലസ് ടു ഫലത്തിലുണ്ടായത്. ഇതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അനാവശ്യ വാശിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. പഠനം സാധ്യമാകാത്ത അവസ്ഥയിൽ ഉന്നത പഠനം എന്ന മോഹം ഉപേക്ഷിക്കേണ്ട ഗതികേടാണ്. അതുണ്ടാവാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.സുധാകരൻ പറഞ്ഞു.
Read Also: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇല്ല; അധിക ബാച്ച് അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
പ്ലസ് ടുവിന് ശേഷമുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള മത്സരപരീക്ഷകളിൽ നമ്മുടെ കുട്ടികളിൽ പലരും പരാജയപ്പെടുന്നത് ഹയർ സെക്കണ്ടറി തലത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര തകർച്ച കൊണ്ടാണ്. അതിന്റെ പൂർണ്ണ ഉത്തരവാദി പിണറായി സർക്കാരാണ്. പത്താം ക്ലാസിൽ വിജയ ശതമാനം ഉയർന്നുയെന്ന് മേനിനടിക്കുന്ന സർക്കാർ അത്രയും കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ലാസ് റൂമിലെ പരമാവധി കുട്ടികളുടെ എണ്ണം 50 ആക്കിയിരുന്നു. എന്നാൽ തുടർന്ന് വന്ന എൽഡിഎഫ് സർക്കാർ ഓരോ വർഷവും 30 ശതമാനത്തിന്റെ സീറ്റ് വർധനവ് വരുത്തിയപ്പോൾ ഓരോ ക്ലാസുകളിലേയും കുട്ടികളുടെ എണ്ണം വർധിച്ചു. ഇത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിച്ചു.
അൺ എയ്ഡഡ് സ്‌കൂളുകളുടെ സീറ്റുകളും ചേർത്താണ് സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിൽ പ്രതിസന്ധിയില്ലെന്ന വാദം സർക്കാർ ഉയർത്തുന്നത്. പ്ലസ് വൺ പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാതെ ഏറെ കഷ്ടപ്പെടുന്നത് മലബാർ മേഖലയിൽ നിന്നുള്ള കുട്ടികളാണ്. ചുരുങ്ങിയത് 230 അധിക ബാച്ചുകളെങ്കിലും അനുവദിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ നല്ലൊരു ശതമാനം കുട്ടികൾക്ക് പ്ലസ് വൺ പഠനം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകും.
സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ പാവപ്പെട്ടവന്റെ കുട്ടികൾക്ക് ഉയർന്ന ഫീസ് കൊടുത്തു അൺ എയ്ഡഡ് സ്‌കൂളുകളെ ആശ്രയിക്കേണ്ടി സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: plus one seat issue k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here