Advertisement

ഐ.പി.എല്‍: സാധ്യത ആര്‍ക്ക്; ഫൈനല്‍ വഴിയില്‍ ഹൈദരബാദും രാജസ്ഥാനും നേര്‍ക്കുനേര്‍

May 23, 2024
Google News 3 minutes Read
Sanju Samson

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്നത് പ്രവചനാതീതം തന്നെ. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയും രാജസ്ഥാന്റെ യൂസ് വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നീ സ്പിന്നര്‍മാരടങ്ങുന്ന ബൗളിങ് പടക്ക് മുമ്പില്‍ പതറാതെ പിടിച്ചു നില്‍ക്കാനായാല്‍ ഫൈനല്‍ മത്സരത്തിനുള്ള ബര്‍ത്ത് ഹൈദരബാദിന് ഉറപ്പിക്കാം. ഇരുടീമുകള്‍ക്കും മോശമില്ലാത്ത ബാറ്റിങ് നിരയുണ്ട്. ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സജ്ഞു സാംസണ്‍ എന്നിവരെയായിരിക്കും രാജസ്ഥാന്‍ റോയല്‍സില്‍ പേടിക്കേണ്ടി വരിക. (IPL Rajastan Royals vs Sun risers Hydrabad Second qualifier)

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ എലിമിനേറ്റര്‍ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര ശരിക്കും തളര്‍ന്നു പോയി. രാഹുല്‍ ത്രിപാതി മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയില്ലെങ്കില്‍ 159 എന്ന സ്‌കോർ പോലും എത്തിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയാകട്ടെ ഈ സ്‌കോര്‍ അനായാസം മറികടക്കുക മാത്രമല്ല നേരിട്ട് ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ നിലവിലെ ഫോം വെച്ച് അതിനെ മറികടക്കനാകില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളര്‍മാരെയും പിടിച്ചു കെട്ടാനായാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഫൈനലില്‍ എത്താനുള്ള ഒരു അവസരം കൂടിയാണ് വന്നുചേരുക.

Read Also: ജയ്‌സ്വാളും പരാഗും വഴികാട്ടി, എലിമിനേറ്ററില്‍ ബംഗളുരു പുറത്ത്; രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം നാല് വിക്കറ്റിന്

അതേസമയം എലിമിനേറ്ററില്‍ ആര്‍.സി.ബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് 173 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ കഴിഞ്ഞു. റയാന്‍ പരാഗിന്റെയും സിംറോണ്‍ ഹെറ്റ്‌മെയറിന്റെയും കൂട്ടുകെട്ടും സന്ദീപ് ശര്‍മ്മ, ട്രന്റ് ബോള്‍ട്ട് എന്നിവരുടെ ബൗളിങ്ങിലെ മികച്ച പ്രകടനവുമാണ് രാജസ്ഥാന്‍ റോയല്‍സിനെ ക്വാളിഫയര്‍ രണ്ടിലേക്ക് മുന്നേറാന്‍ സഹായിച്ചത്. ഏതായാലും തങ്ങളുടെ രണ്ടാം കിരീടം എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാന്‍ ചിദംബരം സ്റ്റേഡിയത്തില്‍ രണ്ട് ടീമുകളും അടവുകളെല്ലാം പുറത്തെടുക്കും.

ഇരു ടീമുകളും നേര്‍ക്കുനേര്‍

ഇതുവരെ നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ 19 തവണയാണ് രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ പത്ത് വിജയം സണ്‍റൈസ് ഹൈദരാബാദിനൊപ്പം നിന്നപ്പോള്‍ ഒന്‍പത് കളികളില്‍ രാജസ്ഥാന്‍ റോയല്‍സും വിജയിച്ചു.

Read Also: പ്രവചനങ്ങള്‍ തെറ്റിച്ച രണ്ട് ടീം; ഐ.പി.എല്‍ എലിമിനേറ്ററില്‍ ആര്‍.സി.ബിയും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍

‘തണുപ്പന്‍’ കാലാവസ്ഥ

ചെന്നൈയില്‍ സാമാന്യം മുടിക്കെട്ടിയ നിലയിലാണ് ആകാശം. അടുത്ത 48 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് ആണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നിലവില്‍ കാലാവസ്ഥ ഭീഷണി കാര്യമായിട്ട് ഇല്ലെങ്കിലും ഏതാനും മണിക്കൂറുകള്‍ മഴപെയ്താല്‍ പോലും അത് കളിയെ ബാധിച്ചേക്കാം. മഴ കളിമുടക്കിയാല്‍ ക്വാളിഫയര്‍ രണ്ട് അടുത്ത ദിവസത്തേക്ക് മാറ്റി വെക്കും. ഇനി മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഘട്ടം സംജാതമായാല്‍ ടേബിളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ഉള്ള ടീമിനായിരിക്കും ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കുക. ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും 17 പോയിന്റുകള്‍ വീതം നേടി പോയിന്റ് പട്ടികയില്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ്.

Story Highlights : IPL Rajastan Royals vs Sun risers Hydrabad Second qualifier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here