Advertisement

അനായാസം…ഐപിഎല്‍ ട്രോഫി കൊല്‍ക്കത്തയുടെ കൈയ്യില്‍; കപ്പുയര്‍ത്തുന്നത് മൂന്നാം തവണ

May 26, 2024
Google News 2 minutes Read
KKR team in IPL 2024

അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറില്‍ 113 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. കൃത്യമായ പ്ലാന്‍ ഗെയിമുമായാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയത് എന്ന് വ്യക്തമായിരുന്നു. 111 ബോളില്‍ ഹൈദരാബാദിന്റെ പവര്‍ ഹിറ്റേഴ്‌സ് അടക്കം സര്‍വ്വരെയും എറിഞ്ഞിട്ട ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വെങ്കടേഷ് അയ്യരും റഹ്മത്തുല്ല ഗുര്‍ബാസും ശ്രേയസ് അയ്യരും ചേര്‍ന്നാണ് കൊല്‍ക്കത്തയുടെ വിജയം പൂര്‍ത്തിയാക്കിയത്. വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 52 റണ്‍സ് എടുത്ത് പുറത്താവാതെ നിന്നു. റഹ്ത്തുല്ല ഗുര്‍ബാസ് 32 പന്തില്‍ നിന്ന് 39 റണ്‍സ് നേടുന്നതിനിടെ ഷഹബാസ് അഹമ്മദ് എല്‍ബിഡബ്ല്യൂവില്‍ കുടുക്കി പറഞ്ഞയച്ചു. അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും കൊല്‍ക്കത്ത റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. രണ്ട് ബോളില്‍ നിന്ന് ആറ് റണ്‍സ് എടുത്ത സുനില്‍ നരേന്‍ നേരത്തെ ക്രീസ് വിട്ടു. ഷഹബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്. പകരമെത്തിയ വെങ്കിടേശ് അയ്യര്‍ മികച്ച പ്രകടനം നടത്തി. കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലും രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവരുമാണ് ഹൈദരാബാദിനെ തകര്‍ത്തത്. മൂന്ന് ബോളില്‍ നിന്നായി ആറ് റണ്‍സ് എടുത്ത ശ്രേയസ് അയ്യര്‍ വെങ്കിടേശിന് നല്ല പിന്തുണ നല്‍കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും തന്ത്രം തകര്‍ന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ പ്രകടനം.

Read Also: ഐപിഎല്‍ ഫൈനല്‍: കൊല്‍ക്കത്തക്ക് വിജയലക്ഷ്യം വെറും 114, നിരാശപ്പെടുത്തി ഹൈദരാബാദ് ബാറ്റിങ് നിര

ഹൈദരാബാദ് നിരയില്‍ നിന്ന് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയുമായിരുന്നു ഇന്നിങ്സിന് തുടക്കമിട്ടത്. ഓപ്പണിങ് ബോളറായി എത്തിയ മിച്ചല്‍ സ്റ്റാര്‍ക് അഞ്ചാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയെ പവലിയനിലേക്ക് മടക്കി. നാലാം പന്തില്‍ ക്രീസ് വിട്ടിറങ്ങി ബൗണ്ടറിക്കുള്ള ശ്രമം സ്റ്റമ്പിങില്‍ കലാശിക്കേണ്ടതായിരുന്നെങ്കിലും കീപ്പര്‍ സ്ഥാനം തെറ്റി നിന്നതിനാല്‍ വിജയിച്ചില്ല. എന്നാല്‍ അടുത്ത പന്തില്‍ തന്നെ അഭിഷേക് ക്ലീന്‍ബൗള്‍ഡ് ആയി. അഞ്ച് ബോള്‍ നേരിട്ട ശര്‍മ്മക്ക് വെറും രണ്ട് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. വെറും മൂന്ന് റണ്‍സ് മാത്രം നല്‍കി മിച്ചല്‍ സ്റ്റാര്‍കിന്റെ തുടക്കം ഗംഭീരമായി.

മൂന്നാമനായി ക്രീസിലെത്തിയത് രാഹുല്‍ ത്രിപാദി. രണ്ടാം ഓവറില്‍ പന്തെറിയാന്‍ എത്തിയത് വൈഭവ് അറോറ. അവാസാന പന്തില്‍ പവര്‍ഹിറ്റര്‍മാരില്‍ രണ്ടാമനെയും ഒരു റണ്‍സ് പോലും എടുപ്പിക്കാതെ മടക്കി വൈഭവ്. നേരിട്ട ആദ്യബോളില്‍ തന്നെ ഔട്ടായതോടെ ഹൈദരാബാദ് ആരാധകരില്‍ നിരാശ പടര്‍ന്നു. നാലാമനായി എത്തിയത് എയ്ഡന്‍ മക്രം. മൂന്നാം ഓവര്‍ എറിയാന്‍ എത്തിയത് മിച്ചല്‍ സ്റ്റാര്‍ക്. മത്സരം തുടങ്ങി ആദ്യ രണ്ട് ബൗണ്ടറികള്‍ സ്റ്റാര്‍കിന്റെ രണ്ടാം ഓവറില്‍ കണ്ടു. എന്നാല്‍ അഞ്ചാമത്തെ ഓവറിലെ രണ്ടാം പന്തില്‍ ത്രിപാദി പുറത്തായി. ബൗണ്ടറി ലക്ഷ്യം വെച്ചുള്ള അടിയില്‍ കുത്തനെ ഉയര്‍ന്ന പന്ത് രമണ്‍ദീപ് സിങ് കൈക്കുള്ളിലൊതുക്കി. രണ്ട് റണ്‍സ് മാത്രമായിരുന്നു അഞ്ചാം ഓവറിലെ മുതല്‍ക്കൂട്ട്. തുടര്‍ന്ന് ക്രീസിലെത്തിയത് നിതീഷ് റെഡ്ഡിയായിരുന്നു. എയ്ഡന്‍ മക്രം-നിതീഷ് കൂട്ടുക്കെട്ട് ഒരു വിധത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം തുടങ്ങി. എന്നാല്‍ ഏഴാം ഓവര്‍ എറിഞ്ഞ ഹര്‍ഷിദ് റാണ നിതീഷിന്റെ കളി അവസാനിപ്പിച്ചു.

Read Also: ആരടിക്കും 17-ാം കപ്പ്; ഐപിഎല്ലില്‍ ഇന്ന് കലാശപോര്

ഈ സമയം നാല് വിക്കറ്റ് നഷ്ടത്തില്‍ വെറും 47 റണ്‍സ് മാത്രമായിരുന്നു ഹൈദരാബാദിനുണ്ടായിരുന്നത്. ക്ലാസനും മക്രവും ക്രീസില്‍ തുടരുന്നതിനിടെ പത്താം ഓവറില്‍ മക്രം വീണു. രണ്ടാംബോളില്‍ ആന്ദ്രേ റസ്സല്‍ ആണ് മക്രത്തിന്റെ വിക്കറ്റ് എടുത്തത്. ഷഹബാസ് അമന്‍ ക്രീസിലെത്തി. എന്നാല്‍ നേരിട്ട ആറ് ബോളില്‍ ഒരു സിക്സ് അടക്കം നേടിയതും വരുണ്‍ ചക്രബര്‍ത്തി അദ്ദേഹത്തെ മടക്കി. സ്‌കോര്‍-72ന് ആറ് വിക്കറ്റ്. തുടര്‍ന്ന് വന്ന അബ്ദുല്‍സമദ് അധികം വൈകാതെ പുറത്തായി. പാറ്റ് കമ്മിന്‍സ് ക്രീസിലെത്തി. പ്രതീക്ഷ നിലനിര്‍ത്തി ഈ സമയവും ഹെന്ററിച്ച് ക്ലാസന്‍ ക്രീസില്‍ തുടര്‍ന്നു. എന്നാല്‍ പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അദ്ദേഹവും വീണു. ഹര്‍ഷിദ് റാണക്കായിരുന്നു വിക്കറ്റ്. ക്രീസിലെത്തിയത് ജയദേവ് ഉനദ്കാത്. പതിനെട്ടാം ഓവറില്‍ ഉനദ്കാത് നാല് റണ്ണുമായി മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് ബുവനേശ്വര്‍കുമാര്‍. ഇതിനിടെ 19-ാം ഓവറിലെ മൂന്നാം പന്തില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മടങ്ങി. റസലിനായിരുന്നു വിക്കറ്റ്. 19 ബോളില്‍ നിന്ന് 24 റണ്‍ എടുത്ത കമ്മിന്‍സ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Story Highlights : kolkata knight riders wins ipl 17th edition final

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here