കുവൈറ്റ് കെഎംസിസി കമ്മിറ്റിക്കിടെ കയ്യാങ്കളി; പത്ത് പേരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത് മുസ്ലിം ലീഗ്

കുവൈറ്റ് കെഎംസിസി കമ്മിറ്റിക്കിടെയുണ്ടായ കയ്യാങ്കളിയിൽ നടപടിയുമായി മുസ്ലിംലീഗ് നേതൃത്വം. പത്ത് പേരെ പാർട്ടിയിൽ നിന്നും പോഷക സംഘടനകളിൽ നിന്നും സസ്പെൻഡ് ചെയ്തു. അച്ചടക്ക ലംഘനം കാണിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് കുവൈറ്റ് കെഎംസിസി അംഗങ്ങൾക്കെതിരായ നടപടി.(Muslim league suspended 10 members from Kuwait KMCC Committee)
വെള്ളിയാഴ്ച ചേർന്ന കുവൈത്ത് കെ.എം.സി.സി കമ്മിറ്റിയിലാണ് പ്രസിഡന്റ്, സെക്രട്ടറി വിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത കൈയാങ്കളിയിൽ സമാപിച്ചത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കുവൈത്തിന്റെ സംഘടനാ ചുമതലയുള്ള അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ പങ്കെടുത്ത യോഗത്തിലായിരുന്നു കയ്യാങ്കളി. നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പി.എം.എ സലാം യോഗം പിരിച്ചുവിട്ടതായി അറിയിച്ച് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് നടപടി.
Read Also: ഗസല്‍ വിരുന്നൊരുക്കാന്‍ റാസ ബീഗം ആദ്യമായി ദമ്മാമിലെത്തുന്നു
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനാൽ കുവൈത്ത് കെ.എം.സി.സി അംഗങ്ങളായ ഷറഫുദ്ദീൻ കണ്ണേത്ത്, മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഷാഫി കൊല്ലം, നിഷാൻ അബ്ദുല്ല (കല്യാശ്ശേരി), ഫുവാദ് സു ലൈമാൻ (കൂത്തുപറമ്പ്), റസാഖ് മണ്ണൻ (കല്യാശ്ശേരി), ഫൈസൽ കടമേരി, ശുഹൈബ് ചെമ്പിലോട്, അബ്ദുൾകാദർ കൈതക്കാട്, അയ്യൂബ് പുതുപ്പറമ്പ് എന്നിവരെ പാർട്ടിയിലേയും കെ.എംസി.സി അടക്കമുള്ള പോഷക സംഘടനകളിലെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തു. പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Story Highlights : Muslim league suspended 10 members from Kuwait KMCC Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here