Advertisement

എൻഡിഎ സർക്കാരിൽ സമ്മർദ്ദ ശക്തിയായോ ടിഡിപിയും ജെഡിയുവും? സഖ്യകക്ഷികൾക്ക് കിട്ടിയ മന്ത്രിസ്ഥാനവും വകുപ്പുകളും ഇങ്ങനെ

June 11, 2024
Google News 1 minute Read

കേവല ഭൂരിപക്ഷമില്ലെങ്കിലും മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ സഖ്യകക്ഷികൾക്ക് സുപ്രധാന വകുപ്പുകൾ ലഭിച്ചില്ല. അമിത് ഷായും രാജ്‌നാഥ് സിങും നിർമല സീതാരാമനും എസ് ജയ്‌ശങ്കറും തങ്ങളുടെ വകുപ്പുകൾ നിലനിർത്തി. എൻഡിഎയിൽ ബിജെപി ഇതര കക്ഷികളിൽ നിന്ന് അഞ്ച് പേരാണ് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിപദത്തിലെത്തിയത്.

എച്ച്ഡി കുമാരസ്വാമി

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡയുടെ മകനും കർണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി ജെഡിഎസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ചാണ് മന്ത്രിപദത്തിലെത്തിയത്. കേന്ദ്ര സർക്കാരിൽ ഉരുക്ക്, ഹെവി ഇൻ്റസ്ട്രീസ് വകുപ്പിൻ്റെ മന്ത്രിയായാണ് ഇദ്ദേഹത്തിന് ചുമതല ലഭിച്ചിരിക്കുന്നത്. കൃഷി മന്ത്രിയാകണം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. 64 കാരനായ കുമാരസ്വാമി മന്ത്രിപദം നൽകിയതിൽ നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു.

ജിതൻ റാം മാഞ്ചി

ബിഹാർ മുൻ മുഖ്യമന്ത്രിയാണ് ജിതൻ റാം മാഞ്ചി. താൻ സ്ഥാപിച്ച ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ സ്ഥാനാർത്ഥിയായി എൻഡിഎ സഖ്യത്തിൽ ബിഹാറിൽ മത്സരിച്ച് ജയിച്ചാണ് അദ്ദേഹം മൂന്നാം മോദി സർക്കാരിൽ അധികാരത്തിലെത്തിയത്. 79കാരനായ ഇദ്ദേഹത്തിന് എംഎസ്എംഇ വകുപ്പിൻ്റെ ചുമതലയാണ് നൽകിയത്. ബിഹാറിലെ ഗയ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ് അദ്ദേഹം.

Read Also: ‘ജനങ്ങളുടെ ശബ്ദം കേൾക്കാൻ BJP നേതാക്കൾ ശ്രമിച്ചില്ല; മോദിയുടെ വ്യക്തിപ്രഭാവത്തിൽ മതിമറന്നു’; വിമർശനവുമായി RSS മുഖപത്രം

ലലൻ സിങ്

കേന്ദ്ര സർക്കാരിൽ പഞ്ചായത്തീ രാജ്, ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരോൽപ്പാദനം വകുപ്പുകളുടെ മന്ത്രിയാണ് ലലൻ സിങ്. ജെഡിയുവിൻ്റെ പ്രമുഖ നേതാവാണ് രാജീവ് രഞ്ജൻ സിങ് എന്ന ലലൻ സിങ്. ബിഹാറിൽ ജെഡിയുവിൽ ശക്തനായ രണ്ടാമത്തെ നേതാവായ ഇദ്ദേഹത്തിന് പ്രതിപക്ഷ നിരയിലെ ആർജെഡിയുമായും ശക്തമായ ബന്ധമുണ്ട്. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റിലാണ് ജെഡിയു ജയിച്ചത്.

റാം മോഹൻ നായിഡു

കേന്ദ്ര വ്യോമയാന മന്ത്രിയായി നിയമിതനായ കിഞ്ചരപു റാം മോഹൻ നായിഡു ടിഡിപി സ്ഥാനാർത്ഥിയായി ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തിലാണ് മത്സരിച്ച് ജയിച്ചത്. മൂന്നാം മോദി സർക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന വിശേഷണമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. 36 വയസാണ് പ്രായം.

ചിരാഗ് പാസ്വാൻ

ലോക് ജനശക്തി പാർട്ടി നേതാവായ ചിരാഗ് പാസ്വാൻ ബിഹാറിൽ നിന്നുള്ള എൻഡിഎ ഘടക കക്ഷിയാണ്. ഹാജിപൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം ആർജെഡിയുടെ ശിവ് ചന്ദ്ര റാമിനെ 1.7 ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് പാർലമെൻ്റിലെത്തിയത്. കേന്ദ്രമന്ത്രിസഭയിൽ ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പാണ് അദ്ദേഹത്തിന് ലഭിച്ചത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here