Advertisement

കാത്തിരിക്കൂ…ഇവര്‍ തിളങ്ങും ഈ യൂറോയില്‍!

June 13, 2024
Google News 3 minutes Read
Euro stars

ഒരു പിടി മിന്നും താരങ്ങളുടെ പിറവിക്കാണ് നാളെ ജര്‍മ്മനിയില്‍ തുടങ്ങാനിരിക്കുന്ന യൂറോ കപ്പ് സാക്ഷ്യം വഹിക്കുക. നിലവില്‍ വിവിധ രാജ്യങ്ങളിലെ ക്ലബ്ബ് മത്സരങ്ങളില്‍ തിളങ്ങിയ ആ താരങ്ങളെ പരിചയപ്പെടാം.

ജൂഡ് ബെല്ലിങ്ഹാം (ഇംഗ്ലണ്ട്)

സ്‌പെയിനിലെ വമ്പന്‍ ക്ലബ് ആയ റയല്‍ മാഡ്രിഡിന്റെ ആക്രമണകാരിയായ മിഡ്ഫീല്‍ഡറാണ് ഇരുപതുകാരനായ ജൂഡ് ബെല്ലിംഗ്ഹാം. അരങ്ങേറ്റത്തില്‍ തന്നെ കാഴ്ച്ച വെച്ച മിന്നും പ്രകടം യൂറോപ്യന്‍ ഫുട്‌ബോളില്‍ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങളില്‍ ഒരാളാക്കി ബെല്ലിങ്ഹാമിനെ മാറ്റി. 2023-24 സീസണില്‍ 18 ലീഗ് ഗോളുകളാണ് ഈ പയ്യന്‍ സ്വന്തം പേരിലാക്കിയത്. റയല്‍ മാഡ്രിഡ് ലാ ലിഗ കിരീടം നേടിയപ്പോഴും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയപ്പോഴും ജൂഡ് ബെല്ലിങ്ഹാം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു.

ഫ്‌ളോറിയാന്‍ വിര്‍റ്റ്‌സ് (ജര്‍മ്മനി)

2023-24 ബുണ്ടസ് ലിഗ സീസണില്‍ ബയേര്‍ ലെവര്‍കൂസന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം ചൂടിയപ്പോള്‍ സാബി അലോണ്‍സോയുടെ ഒപ്പത്തിനൊപ്പമുള്ള പ്രകടനം കാഴ്ച്ച വെച്ചു ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ്. ഇതോടെ ഇദ്ദേഹം ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കുകയും അത്ര തന്നെ ഗോളുകളും ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് നേടി. പത്ത് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയില്‍ നിന്ന് ഉദിച്ചുയര്‍ന്ന കാല്‍പ്പന്ത് താരങ്ങളില്‍ ഏറ്റവും തിളക്കമുള്ളവരില്‍ ഒരാള്‍ ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് ആണ്. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡല്‍ ജുവാന്‍ റോമന്‍ റിക്വല്‍മിയോളം മിഡ്ഫീല്‍ഡിനെ നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനും കഴിയുന്ന അപൂര്‍വ പ്രതിഭയാണ് ഈ 21-കാരന്‍. ആതിഥേയരായ ജര്‍മ്മനി യൂറോ ചാമ്പ്യന്‍മാരാകുന്നുണ്ടെങ്കില്‍ സംശയമില്ലാതെ തന്നെ പറയാം ഫ്‌ളോറിയന്‍ വിര്‍റ്റ്‌സ് മികച്ച സംഭവന നല്‍കിയിരിക്കും.

Read Also: അവസാന യൂറോയില്‍ തിളങ്ങുമോ വിലപ്പിടിപ്പുള്ള താരങ്ങള്‍?

സാവി സിമോണ്‍സ് (നെതര്‍ലാന്‍ഡ്‌സ്)

സ്പാനിഷ് ക്ലബായ ബാഴ്‌സലോണയുടെ ലാ മാസി അക്കാദമിയില്‍ നിന്നും പിറവി കൊണ്ട താരം. ടോട്ടല്‍ ഫുട്‌ബോളിന്റെ സിവശേഷതകള്‍ ഈ 21-കാരനില്‍ ഉണ്ടെന്നാണ് കളി നിരീക്ഷകര്‍ പറയുന്നത്. ഏത് പൊസിഷനിലും അനായാസം തിളങ്ങാന്‍ കഴിവുള്ള കളിക്കാനാണ് സാവി സിമോണ്‍സ്. മാത്രമല്ല ഡച്ച്-സ്പാനിഷ് ഫുട്‌ബോളിന്റെ സൗന്ദര്യമായ ടിക്കി ടാക്കയും നന്നായി വഴങ്ങും സിമോണ്‍സിന്. ഏത് പൊസിഷനില്‍ കളിച്ചാലും ഗെയിമിനെ സ്വാധീനിക്കാനുള്ള കഴിവ് നെതര്‍ലാന്‍ഡ്‌സിന്റെ യൂറോ കപ്പ് സ്വപ്‌നങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. ആര്‍.ബി ലീപ്‌സിഗിന്റെ താരമായ സാവി സിമോണ്‍സ് രണ്ട് വിംഗുകളിലും മാറി മാറിയെത്തുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാറുണ്ട്. പന്തുമായി മൈതാനത്ത് കറങ്ങി ടൈമിങ് തെറ്റാതെ സഹകളിക്കാര്‍ക്ക് നല്‍കി ഗോളിലേക്ക് വഴി തുറക്കാന്‍ സഹായിക്കുമെന്നതാണ് സിമോണ്‍സിനെ വ്യത്യസ്തനാക്കുന്നത്. കൂടുതല്‍ സമയം കളിക്കാനും ആക്രമണത്തിന് സ്വാതന്ത്ര്യവും നെതര്‍ലാന്‍ഡ്‌സ് മാനേജര്‍ റൊണാള്‍ഡ് കോമന്‍ നല്‍കുന്നുവെങ്കില്‍ യൂറോ വേദികളില്‍ ഏത് വമ്പന്‍മാരോടും നല്ല റിസല്‍റ്റ് ഉണ്ടാക്കാന്‍ സാവി സിമോണ്‍സ് എന്ന 21-കാരന്‍ വഴി സാധിക്കും.

റാസ്മുസ് ഹോയ്‌ലുണ്ട് (ഡെന്‍മാര്‍ക്)

2023-ല്‍ യൂറോപ്പിലെ ഒരു ഉഷ്്ണ കാലത്ത് ഏറ്റവും ചെലവേറിയ കളിക്കാരില്‍ ഒരാളായി ഇംഗ്ലീഷ് ക്ലബ് ആയ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ എത്തി. തനിക്ക് വേണ്ടി ക്ലബ് ചിലവഴിച്ച തുക വെറുതെയായില്ലെന്ന് ഈ 21-കാരന്‍ തെളിയിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പത്ത് ഗോളുകള്‍ നേടിയെന്ന് മാത്രമല്ല 2023-ലെ സീസണില്‍ ഇരട്ട ഗോളുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുമായി മാറി റാസ്മുസ് ഹോയ്‌ലുണ്ട്. പ്രീമിയര്‍ ലീഗിലെ ആദ്യ മാച്ചുകളില്‍ നിന്നേറ്റ പരിക്കുകളെ തുടര്‍ന്ന് ഫോം കുറഞ്ഞെങ്കിലും ലീഗിന്റെ അവസാന ഘട്ട മാച്ചുകളില്‍ ‘ഫുള്‍ ഓണ്‍’ ആയിരുന്നു പയ്യന്‍. നിലവില്‍ ഇതേ ഫോം തുടരുകയാണ് റാസ്മുസ് ഹോയ്‌ലുണ്ട്. കഴിഞ്ഞ വര്‍ഷം യൂറോ-2024 ന്റെ യോഗ്യത റൗണ്ടുകളില്‍ ഏഴ് ഗോളുകള്‍ നേടി ഡെന്മാര്‍ക്കിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയ റാസ്മുസ് ഹോയ്‌ലുണ്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ തിളങ്ങുമെന്നതില്‍ സംശയമില്ല.

കെവിന്‍ ഡി ബ്ര്യൂന്‍ (ബെല്‍ജിയം)

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം. ഹാളണ്ടിനൊപ്പമുള്ള ഗോളടിമികവ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച പ്ലേമേക്കര്‍ ആയിരുന്ന കെവിന്‍ ഡി ബ്ര്യൂന്‍ ക്ലബ് തുടര്‍ച്ചയായ നാലാമത്തെ കിരീടം നേടുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. സീസണില്‍ രണ്ടാംഘട്ടത്തില്‍ ഡി ബ്ര്യൂന്‍ നല്‍കിയ പിന്തുണയാണ് കീരിടനേട്ടത്തിലേക്ക് എത്തിച്ചത്. മികച്ച ഫോമില്‍ തുടരുന്ന ഇദ്ദേഹത്തിന് യൂറോ മൈതാനങ്ങളില്‍ തിളങ്ങാനാകും. 2016, 2020 യൂറോ എഡിഷനുകളില്‍ കളിച്ച പരിചയം ബെല്‍ജിയത്തിന് മുതല്‍ക്കൂട്ടാകും.

Read Also: ദാ ഇങ്ങെത്തി യൂറോ; അറിയാം ജര്‍മ്മന്‍ കളിക്കളങ്ങള്‍

കെനാന്‍ യില്‍ഡിസ് (തുര്‍ക്കി)

ഈ യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാള്‍. ഇറ്റാലിയന്‍ ലീഗായ സീരി എ-യില്‍ യുവന്റസ് ടീമിനെ കെനാന്‍ യില്‍ഡിസ് നയിച്ചപ്പോള്‍ പ്രതിരോധം വിട്ട് കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞു. സീരി എ-യിലെ ഏറ്റവും ആവേശകരമായ ആക്രമണകാരികളില്‍ ഒരാളായിരുന്നു കെനാന്‍. കഴിഞ്ഞ വര്‍ഷം യുറോ കപ്പിന് ആതിഥ്യമരുളുന്ന ജര്‍മ്മനിക്ക് എതിരെയായിരുന്നു ഈ പതിനെട്ടുകാരന്‍ ആദ്യ അന്താരാഷ്ട്ര ഗോള്‍. ജര്‍മ്മനിയിലെ റീജന്‍സ്ബര്‍ഗില്‍ ജനിച്ച കെനാന്റെ പിതാവ് ടര്‍ക്കിഷും അമ്മ ജര്‍മ്മന്‍ വംശജയുമാണ്. കഴിഞ്ഞ രണ്ട് യൂറോകളിലും തുര്‍ക്കി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. ഇത്തവണ രാജ്യത്തെ ക്വാര്‍ട്ടര്‍ വരെയെങ്കിലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുവതാരം.

ലമീന്‍ യമാല്‍ (സ്‌പെയിന്‍)

ശരിക്കും വണ്ടര്‍ കിഡ് ആണ് ലമീന്‍ യമാല്‍. പ്രായം വെറും പതിനാറെയുള്ളു. എന്നാലോ കളിമൈതാനങ്ങളിലെ റെക്കോര്‍ഡുകള്‍ നിരവധിയുണ്ട്. ലമീന്‍ യമാല്‍ എന്ന സ്പാനിഷ് താരം തന്റെ കരിയറിലെ അസാധാരണ റെക്കോര്‍ഡുകളുടെ ഒരു പട്ടിക തന്നെ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ബാഴ്സലോണയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍, ലാ ലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍, സ്പാനിഷ് ദേശീയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറര്‍. ജര്‍മ്മനിയിലെ യൂറോ മൈതാനങ്ങളിലേക്ക് അവനെത്തിയത് വെറുതെയല്ല. ലമീന്‍ യമാല്‍ ഇല്ലാതെ സ്‌പെയിനിന്റെ യൂറോ കപ്പ് ടീം അപൂര്‍ണമാണെന്ന് അവര്‍ക്കറിയാം. പ്രായം വെച്ച് നോക്കുമ്പോള്‍ യൂറോയില്‍ മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്ന താരമാണ്. യൂറോ കപ്പ് മൂന്ന് തവണ നേടിയവരാണ് സ്‌പെയിന്‍. ലമീന്‍ യമാല്‍ ഇനി നാലാം കിരീടത്തിലേക്ക് സ്‌പെയിനിനെ വഴി നടത്തെട്ടെ.

Story Highlights : stars of Euro 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here