Advertisement

പലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ; ഉടനെ കൊടുക്കണമെന്ന് കടുത്ത സ്വരത്തിൽ അമേരിക്ക, പിന്നിൽ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം

June 15, 2024
3 minutes Read

പലസ്തീന് അവകാശപ്പെട്ട 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച ഇസ്രയേൽ നടപടിക്കെതിരെ അമേരിക്ക രംഗത്ത്. ഈ തുക ഉടൻ പലസ്തീന് നൽകണമെന്ന് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇസ്രയേലിൻ്റെ തീവ്ര ദേശീയവാദിയായ ധനമന്ത്രി ബെസലെൽ സ്മോത്രിച്ചാണ് മെയ് മാസത്തിൽ ഫലസ്തീനുള്ള ഫണ്ട് തടഞ്ഞുവെച്ചത്. എന്നാൽ അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടിന് പിന്നിൽ മേഖലയിലെ സമാധാനപ്രശ്നവും ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദവുമുണ്ടെന്നാണ് വിവരം.

പലസ്തീന് ഈ ധനസഹായം ലഭിച്ചില്ലെങ്കിൽ അവിടുത്തെ ഭരണകൂടത്തിന് തുടരാനാവില്ലെന്നും മേഖലയിൽ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമുള്ള ഭീതിയാണ് അമേരിക്കയെ അടിയന്തിരമായി ഇടപെടാൻ പ്രേരിപ്പിച്ചത്. സാമ്പത്തിക അസ്ഥിരതയുണ്ടായാൽ വെസ്റ്റ് ബാങ്കിലും യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് അമേരിക്ക ഭയക്കുന്നു. അങ്ങിനെ വന്നാൽ ലെബനോനിലെ ഹെസബൊള്ളയും ഇസ്രയേലും തമ്മിൽ രൂക്ഷമായ സംഘർഷമുണ്ടാകുമെന്ന ഭയവും അമേരിക്കയ്ക്ക് ഉണ്ട്.

ഉഭയകക്ഷി ധാരണപ്രകാരമാണ് ഇസ്രയേൽ ഈ നികുതി പലസ്തീന് വേണ്ടി പിരിക്കുന്നത്. പലസ്തീൻ്റെ പ്രധാന വരുമാന മാർഗമാണിത്. എന്നാൽ ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് ശേഷം വ്യാപാര മേഖല സ്തംഭിച്ച പലസ്തീനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഇതിന്റെ ആക്കം കൂട്ടുന്ന നിലപാടായിരുന്നു ഫണ്ട് തടഞ്ഞുവെച്ചുള്ള ഇസ്രയേൽ ധനമന്ത്രിയുടെ തീരുമാനം. രണ്ട് മാസത്തോളം ഇത് തുടർന്നു. കഴിഞ്ഞ ഡിസംബറിൽ യു.എസ് പ്രസിഡന്‍റ് ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും തമ്മിൽ നടന്ന ടെലിഫോണിക് സംഭാഷണത്തിലും ഈ ഫണ്ട് ഉടൻ നൽകാൻ ബൈഡൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ഇസ്രയേൽ ഇതിന് ഒരുക്കമായിരുന്നില്ല. പക്ഷെ അമേരിക്കയുടെ കടുത്ത നിലപാട് അനുസരിച്ച് ഇസ്രയേൽ ഫണ്ട് കൈമാറി.

Read Also: ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

എന്നാൽ ഇത് അധികകാലം നീണ്ടുപോയില്ല. മെയ് മാസം ആദ്യം ഇസ്രയേൽ വീണ്ടും ഈ ടാക്സ് നൽകാതെ തടഞ്ഞു. എന്നാൽ സ്മോത്രിച്ചിൻ്റെ തീരുമാനം അമേരിക്കയെ കൂടുതൽ ചൊടിപ്പിക്കുകയായിരുന്നു. പലസ്തീൻ ഭരണകൂടത്തെ അസ്ഥിരപ്പെടുത്തിയ നീക്കം മേഖലയിലെ സമാധാന നീക്കങ്ങളെ തടസപ്പെടുത്തുന്നതുമായിരുന്നു. വെസ്റ്റ് ബാങ്കിൽ സ്ഥിതി വഷളാക്കുകയും ചെയ്തു. മഖസ എന്ന് അറിയപ്പെടുന്ന ഈ നികുതി വരുമാനം പലസ്തീന് വളരെയേറെ പ്രധാനമാണ്. ഇതില്ലാതെ വന്നതോടെ കഴിഞ്ഞ മാസം ഫലസ്തീനിലെ സർക്കാർ ജീവനക്കാർക്ക് 50 ശതമാനം ശമ്പളം മാത്രമാണ് കഴിഞ്ഞ മാസം നൽകിയത്. ഫലസ്തീനിലേക്ക് ഇറക്കുമതി ചെയ്യുന്നതും ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നതുമായ ഉൽപ്പന്നങ്ങളിൽ നിന്ന് നികുതി പിരിക്കുന്നത് ഇസ്രയേലാണ്. മൂന്ന് ശതമാനം കമ്മീഷൻ കുറച്ച ശേഷം പിരിച്ചെടുക്കുന്ന ബാക്കി തുക ഫലസ്തീന് നൽകുന്നതാണ് പതിവ്. ഓരോ മാസവും 220 ദശലക്ഷം ഡോളറാണ് ഈ നിലയിൽ ഫലസ്തീന് കിട്ടാറുള്ളത്.

ആൻ്റണി ബ്ലിങ്കൻ്റെ ഇടപെടലോടെ ഫലസ്തീൻ്റെ സാമ്പത്തിക പ്രയാസം കുറേയൊക്കെ കുറയുമെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച ജെറുസലേമിൽ നടന്ന കൂടിക്കാഴ്ചയിലാണ് ആൻ്റണി ബ്ലിങ്കൻ നെതന്യാഹുവിനോട് ഫലസ്തീൻ്റെ തടഞ്ഞുവച്ച തുക കൈമാറാൻ നിർദ്ദേശിച്ചത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. തൊട്ടടുത്ത ദിവസം ജോർദാനിൽ പലസ്തീൻ പ്രധാനമന്ത്രി മൊഹമ്മദ് മുസ്തഫയുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ വിഷയം ഇവരും തമ്മിൽ ചർച്ച ചെയ്തു. തങ്ങളുടെ ഫണ്ട് വേഗത്തിൽ ലഭ്യമാക്കാൻ ഇടപെടണമെന്ന് യോഗത്തിൽ മുസ്തഫ ആവശ്യപ്പെട്ടു.

എന്നാൽ ഇസ്രയേൽ ഇനിയും ഫണ്ട് കൈമാറാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയുമായി ചേർന്ന് അമേരിക്ക തന്നെ പലസ്തീന് വേണ്ടിയുള്ള ധനസമാഹരണത്തിന് ശ്രമിക്കുമെന്നാണ് വിവരം. സൗദി കഴിഞ്ഞ തവണ സന്ദർശിച്ചപ്പോൾ യു.എസ് പ്രസിഡൻ്റിൻ്റെ രാജ്യ സുരക്ഷാ ഉപദേഷ്ടാവായ ജെയ്‌ക് സള്ളിവൻ ഇക്കാര്യം സൗദി രാജകുമാരൻ മൊഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചിരുന്നു. സൗദി, യുഎഇ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ചേർന്ന് പലസ്തീന് 10 ദശലക്ഷം ഡോളർ വീതം എല്ലാ മാസവും സഹായം നൽകാനുള്ള ഒരു പാക്കേജാണ് സൗദി മുന്നോട്ട് വെച്ചത്. എന്നാൽ ഈ തുക നൽകണമെങ്കിൽ ഇസ്രയേലിനോട് പലസ്തീനുള്ള നികുതി വിഹിതം കൃത്യമായി നൽകാൻ ആവശ്യപ്പെടണം എന്നൊരു നിബന്ധനയും സൗദി വെച്ചിരുന്നു. ഈ സമ്മർദ്ദത്തിൻ്റെ കൂടി ഫലമായാണ് ഇസ്രയേലിനോട് അമേരിക്ക ഇപ്പോൾ കടുത്ത ഭാഷയിൽ തന്നെ ഫണ്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights : Antony Blinken, US Secretary of State pressed Israeli Prime Minister Benjamin Netanyahu to release Palestinian tax revenues.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top