Advertisement

ആത്മീയ ടൂറിസം ഡിമാൻഡിൽ വാരാണസിയിലും അയോധ്യയിലും വസ്തു വില കുതിപ്പ്; ശ്രീരാമ ന​ഗരിയിൽ വരുന്നത് 1000 ഏക്കർ ടൗൺഷിപ്പ്

June 18, 2024
Google News 2 minutes Read
Ayodhya, Varanasi

ആത്മീയ ടൂറിസത്തിൻ്റെ അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷിയാവുകയാണ് രാജ്യം. 2022 ൽ 1433 ദശലക്ഷം ഇന്ത്യാക്കാർ ആത്മീയ കേന്ദ്രങ്ങൾ സന്ദർശിച്ചുവെന്നാണ് കണക്ക്. 2021 ൽ ഇത് 677 ദശലക്ഷം മാത്രമായിരുന്നു. 2022 ൽ മാത്രം ആത്മീയ ടൂറിസം കേന്ദ്രങ്ങൾ 1,34,543 കോടി രൂപ നേടിയെന്ന് കണക്ക് പറയുന്നു. 2021 ൽ 65070 കോടി രൂപയായിരുന്നു വരുമാനം.

ഈ കുതിപ്പ് പല ആരാധനാലയങ്ങളോട് ചേർന്നും റിയൽ എസ്റ്റേറ്റ് രംഗത്തിന് വലിയ നേട്ടമായിട്ടുണ്ട്. അയോധ്യയിൽ മാത്രം വസ്തു വില നാല് മുതൽ 10 മടങ്ങ് വരെ ഉയർന്നിട്ടുണ്ട്. പ്രോപ്പർട്ടി കൺസൾട്ടൻ്റായ അനറോക്കിൻ്റെ റിപ്പോർട്ട് പ്രകാരം രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതിക്ക് വിധിക്ക് ശേഷം മാത്രം വസ്തു വില 25 മുതൽ 30 ശതമാനം വരെ ഉയർന്നു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വന്ന മാറ്റമാണ് അയോധ്യ ക്ഷേത്രത്തിന് ചുറ്റും ഭൂമി വാങ്ങാൻ സ്വദേശികളും വിദേശികളും മത്സരിക്കുന്നതിൻ്റെ കാരണം. മാജിക്ബ്രിക്സിൻ്റെ പഠന റിപ്പോർട്ട് പ്രകാരം 2023 ഒക്ടോബറിനും 2024 ജനുവരിക്കും ഇടയിൽ മാത്രം റിയൽ എസ്റ്റേറ്റ് രംഗത്ത് ശരാശരി വില 179 ശതമാനം ഉയർന്നിട്ടുണ്ട്. അടുത്ത ദശാബ്ദത്തിനുള്ളിൽ വില 20 ശതമാനം ഉയരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

യു.പി സർക്കാരാകട്ടെ അയോധ്യയിൽ ആയിരം ഏക്കർ വിസ്തൃതിയിൽ വലിയ ടൗൺഷിപ്പ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. റിയൽ എസ്റ്റേറ്റ് വഴി സർക്കാരിന് വരുമാനം കൂട്ടാനാണ് ഇത്തരത്തിലൊരു പദ്ധതി. സമാനമായ സ്ഥിതിയാണ് ഉജ്ജയിനിലും. കാശി വിശ്വനാഥ ഇടനാഴി വന്നതോടെ വാരാണസിയിൽ വസ്തു വില കുതിച്ചുയർന്നു. വൃന്ദാവൻ, റിഷികേശ്, ശിർദ്ദി എന്നിവിടങ്ങളിലും ഇതേ ട്രെൻഡാണ്. ഹോട്ടലുകൾക്കും ആശ്രമങ്ങൾക്കും വയോജന പരിപാലന കേന്ദ്രങ്ങൾക്കുമാണ് ഇവിടങ്ങളിൽ ഡിമാൻഡ്.

2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിൽ രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിൽ ടൂറിസം വികസനത്തിന് 2449.62 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവച്ചത്. ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിച്ച് ആഗോള തലത്തിൽ അവയ്ക്ക് ആകർഷണം നേടിയെടുക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ഭാഗമായാണ് രാജസ്ഥാനിൽ സർവ ധർമ്മ സംഭവ്, ശെഖാവതി സർക്യൂട്ട് എന്നീ പദ്ധതികൾ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ജിഡിപിയുടെ 2.32 ശതമാനമാണ് ആത്മീയ ടൂറിസത്തിൻ്റെ വിഹിതം. 3.02 ലക്ഷം കോടിയാണ് ഈ സെക്ടറിൻ്റെ വലിപ്പം. 2017 ലെ ദേശീയ സാംപിൾ സർവേ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്. അതേസമയം റിയൽ എസ്റ്റേറ്റ് ആകട്ടെ ഇന്ത്യയുടെ ജിഡിപിയുടെ 6.5 മുതൽ 7 ശതമാനം വരെ വരും. കൊവിഡ് കാലത്ത് ഇന്ത്യയുടെ സാമ്പത്തിക രംഗം വലിയ തിരിച്ചടി നേരിട്ടിരുന്നു. റിയൽ എസ്റ്റേറ്റ് സെക്ടറാണ് ഇതിൻ്റെ വലിയ ആഘാതം നേരിട്ടത്. അതിനാൽ തന്നെ ഇപ്പോഴത്തെ ആത്മീയ ടൂറിസം ഭാഗമായ പദ്ധതികൾ റിയൽ എസ്റ്റേറ്റിനെ കൂടി ശക്തിപ്പെടുത്താൻ സഹായകരമാകും. അങ്ങനെ വന്നാൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്നതിനും കൂടുതൽ വരുമാനം നേടാനും ജീവിത നിലവാരം ഉയരാനും ഇത് സഹായിക്കും.

Story Highlights : Drastic increase in property prices in pilgrim centers India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here