‘നടപടിയെടുത്തെങ്കിൽ നിയമലംഘനം കണ്ടെത്തിയിട്ടുണ്ടാകും’; കരുവന്നൂരിലെ ഇഡി നടപടിയെ ന്യായീകരിച്ച് ഗവർണർ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കകേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണകക്ഷിയോ പ്രതിപക്ഷമോ എന്നത് അന്വേഷണ ഏജൻസിയെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവർണർ പറഞ്ഞു. നടപടിയെടുത്തെങ്കിൽ എന്തെങ്കിലും നിയമലംഘനം കണ്ടെത്തിയിട്ടുണ്ടാകുമെന്ന് ഗവർണർ പറഞ്ഞു.
എം എം വർഗീസിന്റെ പേരിലുള്ള 29.29 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. പാർട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടിയവയുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സിപിഐഎമ്മിൻറെ എട്ട് ബാങ്ക് അക്കൗണ്ടുകളിലും ഇതിലുണ്ടായിരുന്ന 70 ലക്ഷത്തിലധികം രൂപയും മരവിപ്പിച്ചിട്ടുണ്ട്. മരവിപ്പിച്ചതിൽ കരുവന്നൂർ ബാങ്കിലെ അഞ്ച് അക്കൗണ്ടുകളും ഉൾപ്പെടും.
ഇതിനുപുറമെ സിപിഐഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ഒരു അക്കൗണ്ട്, തൃശൂർ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. സിപിഐഎമ്മിനേക്കൂടി പ്രതി സ്ഥാനത്തേക്ക് കൊണ്ടുവന്നാണ് ഇഡിയുടെ നടപടി. കരുവന്നൂർ കളളപ്പണ ഇടപാടിൽ സിപിഐഎം തൃശൂർ ജില്ലാ നേതൃത്വത്തിൻറെ അറിവും ഇടപാടിൽ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന കണ്ടെത്തലിൻറെ അടിസ്ഥാനത്തിലാണ് പാർടി സ്വത്തുക്കൾകൂടി മരവിപ്പിക്കുന്ന നടപടിയിലേക്ക് എൻഫോഴ്സ്മെൻറ് കടന്നത്. കരുവന്നൂർ ബാങ്കിൽ സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നെന്ന് എൻഫോഴ്സ്മെൻറ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Story Highlights : Governor defended the ED action in Karuvannur fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here