കറിയിൽ ഉള്ളി കണ്ടു, യുപിയിലെ ഹോട്ടൽ തല്ലിതകർത്ത് കൻവാർ തീർഥാടകർ

ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിൽ ഭക്ഷണത്തിൽ ഉള്ളി കണ്ടെന്നാരോപിച്ച് ഹോട്ടൽ തല്ലിത്തകർത്ത് കൻവാർ തീർഥാടകർ. ദേശീയ മാധ്യമമായ ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ഗംഗയിൽ നിന്നും ശേഖരിച്ച വെള്ളവുമായി ഹരിദ്വാറിലേക്ക് പോയ കൻവാർ തീർഥാടകസംഘം വഴിക്കുവെച്ച് ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറുകയായിരുന്നു.
എന്നാൽ കഴിക്കാൻ കൊണ്ടുവച്ച ഭക്ഷണത്തിലെ കറിയിൽ ഉള്ളി കഷ്‌ണം കണ്ടെന്നും പറഞ്ഞ് പാചകക്കാരൻ ഉൾപ്പെടെ ഹോട്ടലിലെ ജീവനക്കാരെ മർദിക്കുകയായിരുന്നു. ഹോട്ടലിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും തീർഥാടകർ നശിപ്പിച്ചു.
മുസാഫർ നഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ഡൽഹി ഹരിദ്വാർ ഹൈവേയിലെ തൗ ഹുക്കേവാല ഹിരാൻവി ടൂറിസ്റ്റ് ധാബയാണ് തീർഥാടകർ തല്ലി തകർത്തത്. എന്നാൽ ആശയകുഴപ്പം മൂലമാണ് ഇത് സംഭവിച്ചതെന്നും തീർഥാടകർ ഭക്ഷണത്തിൽ ഉള്ളി ഉൾപ്പെടുത്തില്ലെന്ന കാര്യം തങ്ങൾക്കറിയില്ലെന്നും ഹോട്ടൽ ഉടമ പ്രതികരിച്ചു.
കൻവാർ യാത്രാ വഴിയിലുള്ള ഹോട്ടലുകൾ നെയിം പ്ലേറ്റുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. ശിവഭക്തർ ലളിതമായ ഭക്ഷണം കഴിക്കുന്നതിനാൽ കറിയിൽ ഉള്ളി കണ്ടാൽ അവർ അസ്വസ്ഥരാകുമെന്ന് പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Story Highlights : Kanwariyas ransack eatery in UP over onion in curry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here